scorecardresearch
Latest News

എന്താണ് ഭീതി പരത്തുന്ന പുതിയ കോവിഡ് വകഭേദം? ബിഎഫ്.7 ലക്ഷണങ്ങൾ എന്തെല്ലാം?

വളരെ വേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎഫ്.7നാണ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടത്

corona virus new variant in china, BF.7omicron variant, omicron covid variant,covid cases in India

കോവിഡ് ഭീതിയൊഴിഞ്ഞ് ജനം സാധാരണജീവിതത്തിലെത്തിയിരുന്നു. വർക് ഫ്രം ഹോം കഴിഞ്ഞ് ആളുകൾ ജോലിക്കും ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും പോയിതുടങ്ങി. മാസ്കിനും സാനിറ്റൈസറിനും സാമൂഹിക അകലത്തിനും വിട പറഞ്ഞു. ജോലികളുടെയും ജീവിതത്തിന്റെയും തിരക്കുകളിൽ എല്ലാവരും കോവിഡിനെ മറന്നു.

നിയന്ത്രണങ്ങളില്ലാതെ ഒറ്റുചേരലുകളും കലാപരിപാടികളുമായി ക്രിസ്മസിനെയും ആഘോഷത്തോടെ പുതിയ വർഷത്തെയും വരവേൽക്കാനായി കാത്തിരിക്കുന്നതിനിടെയാണു വീണ്ടുമൊരു ഡിസംബർ മാസത്തിൽ കോവിഡിന്റെ പുതിയ വകഭേദം ലോകത്ത് ഭീതി പടർത്തുന്നത്.

ഒമിക്രോണ്‍ വൈസിന്‍റെ പുതിയ വകഭേദമായ ബിഎഫ്.7 ആണ് പുതിയ തരംഗത്തിന് കാരണമായിരിക്കുന്നത്. ചൈനയിൽ ബിഎഫ്.7 വകഭേദം പടർന്നു പിടിച്ചതും ആശുപത്രികളിൽ രോഗികൾ നിറഞ്ഞ് അവരെ പ്രവേശിപ്പിക്കാൻ സ്ഥലമില്ലാതെ ആകുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ലോകം ജാഗ്രതയിലാണ്.

ഇന്ത്യയിലും ബിഎഫ്.7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഗുജറാത്തില്‍ നിന്നു രണ്ടു കേസുകളും ഒഡീഷയിൽനിന്നു രണ്ടു കേസുകളുമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറമെ ബെല്‍ജിയം, ഫ്രാൻസ്, ഡെന്മാര്‍ക്ക്, യുഎസ്, യുകെ എന്നിവിടങ്ങളിലെല്ലാം ബിഎഫ്.7 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചൈന, കൊറിയ, യുഎസ്, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതലായി കാണുന്നത്.

എന്താണ് ബിഎഫ്.7 വകഭേദം?

ഒമിക്രോണ്‍ എന്ന വകഭേദത്തെ കുറിച്ച് ഇന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാം. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധിതരാകാനും വാക്സിനെടുത്തവരില്‍ പോലും കൊവിഡ് പകര്‍ത്താനും ഇതിനുള്ള കഴിവ് കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വളരെ വേഗത്തില്‍ രോഗവ്യാപനം നടത്തുന്നതും ഇതിന്‍റെ പ്രത്യേകതയാണ്. നിലവിലുള്ള വാക്സിനുകള്‍ക്ക് ബിഎ.7 പ്രതിരോധിക്കാൻ കഴിയുമൊയെന്ന് വ്യക്തമല്ല.

ഒമിക്രോണിൽ പരിവർത്തനം (മ്യൂട്ടേഷൻ) സംഭവിച്ച് പല ഉപവകഭേദങ്ങളും വന്നിരുന്നു. വൈറസിൽ മാറ്റങ്ങൾ നടക്കുമ്പോൾ അവയിൽനിന്നു വകഭേദങ്ങളും ഉപ വകഭേദങ്ങളും ഉണ്ടാകുന്നു. സാർസ്-കോവ്-2വിനെ ഒരു മരമായിട്ട് ഉപമിച്ചാൽ അതിന്റെ ശാഖകളാണ് പുതിയ വകഭേദങ്ങൾ. അവയ്ക്ക് പിന്നെയും ഉപശാഖകൾ ഉണ്ടാകുന്നു. അതാണ് ഉപ വകഭേദം. ഇതില്‍ ബിഎ.5.2.1.7 എന്ന വകഭേദത്തില്‍ നിന്നാണാണ് ബിഎഫ്.7ന്റെ ഉൽഭവം എന്നാണ് കരുതുന്നത്.

ഒമിക്രോണിന്റെ ബിഎഫ്.7 വാർത്തകളിൽ നിറയുന്നത് ആദ്യമല്ല. ഒക്ടോബറിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും നിരവധി യൂറോപ്യൻ രാജ്യങ്ങളിലും വകഭേദങ്ങൾ പടരാൻ തുടങ്ങിയിരുന്നു. ഈ മാസമാദ്യം ‘സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ്’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ബിഎഫ്.7 സബ് വേരിയന്റിന് യഥാർത്ഥ ഡി614ജി വേരിയന്റിനേക്കാൾ 4.4 മടങ്ങ് ന്യൂട്രലൈസേഷൻ പ്രതിരോധം ഉണ്ടെന്ന് പറയുന്നു.

ഒരു ലാബ് അന്തരീക്ഷത്തിൽ, വാക്സിനേഷനിലൂടെ ലഭിച്ച ആന്റിബോഡികളും രോഗബാധിച്ചശേഷം സ്വയം വന്ന ആന്റിബോഡികളും കോവിഡിന്റെ ബിഎഫ്.7 വകഭേദത്തിനെ നശിപ്പിക്കാൻ സാധ്യത കുറവാണ്. ഒമിക്രോണിന്റെ മറ്റു വകഭേദമായ ബിക്യൂ.1 ഇതിനെക്കാൾ ഉയർന്ന പ്രതിരോധം കാണിക്കുന്നതായും പഠനത്തിൽ പറയുന്നു.

ഒക്ടോബറിൽ യുഎസിലെ അഞ്ച് ശതമാനവും യുകെയിൽ 7.26 ശതമാനം കേസുകളും ബിഎഫ്.7ആണ്. ശാസ്ത്രജ്ഞർ ഈ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ കേസുകളുടെ എണ്ണത്തിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവ് ഉണ്ടായിട്ടില്ല.

പ്രധാന രോഗലക്ഷണങ്ങൾ

കൊവിഡിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് വകഭേദങ്ങളിലും കാണപ്പെടുന്നത്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ അണുബാധയ്ക്കും സാധ്യത.

ഭയം അല്ല ജാഗ്രത വേണം

പുതിയ വകഭേദം ഭീഷണി പരത്തുന്നതോടെ പഴയ പ്രതിരോധ മാർഗങ്ങൾ വീണ്ടും പ്രാവർത്തികമാക്കേണ്ടി വരും. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ഐസിഎംആർ നിർദേശിച്ചിട്ടുണ്ട്. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങളുടെ വേളയിൽ കോവിഡ് പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ രാജ്യത്ത് മറ്റൊരു തരംഗത്തിന് കാരണമായേക്കാം. മാസ്ക് ധരിക്കണം, സാനിറ്റൈസറും സോപ്പും ഉപയോ​ഗിച്ച് കൈകൾ വ്യത്തിയായി സൂക്ഷിക്കണം. ചുമ, പനി, ജലദോഷം എന്നിവയുള്ളവർ അത് സാധാരണ പനിയാണെന്ന് കരുതി വീട്ടിലിരിക്കാതെ വൈദ്യസഹായം തേടണം.

ചൈനയിൽ എന്താണ് സംഭവിച്ചത്?

ബിഎഫ്.7 വെരിയന്റിന്റെ വ്യാപ്തിയെക്കാൾ പ്രതിരോധത്തെപ്പറ്റി അറിവില്ലാത്ത ജനങ്ങളാണ് ചൈനയിലെ കേസുകൾ വർധിക്കാൻ കാരണമായതെന്ന് വിദഗ്ധർ കരുതുന്നു. “ഹോങ്കോങ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ കണ്ടതുപോലെയുള്ള ഒമിക്രോൺ കുതിച്ചുകയറ്റമാണ് ചൈന ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ മുൻ മേധാവി ഡോ.അനുരാഗ് അഗർവാൾ പറഞ്ഞു.

“ഒമിക്രോണിന്റേത് അധികം തീവ്രതയില്ലാത്ത തരംഗമായിരുന്നു. ഡെൽറ്റ (ഏപ്രിൽ-മെയ് 2021) തരംഗത്തിലാണ് മരണസംഖ്യ കൂടിയത്. പക്ഷേ തരംഗത്തെ അതിജീവിച്ചവർക്ക് മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടായിരുന്നുവെന്ന്, ”ഡോ അഗർവാൾ പറഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകുന്നതുവരെ പൂർണ്ണമായും അടച്ചിട്ടിരുന്നു.

വാക്സിനിൽനിന്നു രക്ഷനേടാൻ ഒമിക്രോണിൽ കാലാകാലങ്ങളിൽ പരിവർത്തനം നടക്കുന്നുണ്ട്. അത് അനുസരിച്ച് പല രാജ്യങ്ങളിലും കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഡോ. അഗർവാൾ പറഞ്ഞു.

ചൈനയിലെ വലിയൊരു വിഭാഗം വാക്സിൻ എടുത്തിരുന്നില്ലേ?

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്യൂഎച്ച്ഒ) കണക്കുകൾ പ്രകാരം ചൈനയുടെ വലിയൊരു വിഭാഗം വാക്സിൻ എടുത്തിരുന്നു. വാക്സിൻ വികസിപ്പിക്കുകയും അത് ജനങ്ങൾക്ക് നൽകുകയും ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ചൈന. വാക്സിനുകൾ ആദ്യ കോവിഡ് വെരിയന്റിനെതിരെയാണ് വികസിപ്പിച്ചത്.

2020ന്റെ തുടക്കം മുതൽ വൈറസിൽ പലതവണ മാറ്റങ്ങൾ ഉണ്ടായി. ഒമിക്രോൺ വകഭേദങ്ങൾ നിലവിൽ ഉപയോഗിക്കുന്ന മിക്ക വാക്‌സിനുകളിൽനിന്നും പ്രതിരോധശേഷി നേടിയെടുത്തു. രാജ്യത്ത് രണ്ടു വാക്സിൻ എടുത്തിട്ടുള്ള വളരെ വലിയൊരു വിഭാഗം ആളുകളെ ഒമിക്രോൺ തരംഗം ബാധിച്ചു.

“ഒമിക്രോൺ വകഭേദം വരെ, വാക്സിനുകൾക്ക് വ്യാപനം നിയന്ത്രിക്കാൻ കഴിയും. ഒമിക്രോണിനുശേഷം, വാക്സിനുകൾക്ക് പകരുന്നത് തടയാൻ കഴിയില്ല, പക്ഷേ ആളുകൾ രോഗം ബാധിച്ച് മരിക്കുന്നത് തടയാൻ കഴിയുമെന്ന്,” ഡോ അഗർവാൾ പറഞ്ഞു. എംആർഎൻഎ വാക്‌സിനുകൾ (ഫൈസറും മോഡേണയും വികസിപ്പിച്ചവ) ചൈനയിൽ ഉപയോഗിക്കുന്ന ‘ഡെഡ് വൈറസ്’ വാക്‌സിനുകളേക്കാൾ കൂടുതൽ വിജയകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is bf 7 how the omicron sub variant affects733932