/indian-express-malayalam/media/media_files/uploads/2020/04/neethu-sashi.jpg)
തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ വിലക്കുകള്‍ രണ്ടു വയസ്സുകാരിയുടെ അമ്മയെ കാണാനുള്ള ശാഠ്യത്തിന് മുന്നില്‍ വഴിമാറി. വിലക്കുകള്‍ക്കുമപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ മൂല്യം കൂടിയാണ് ലോക്ക് ഡൗണ്‍ കാലം ചൂണ്ടി കാണിക്കുന്നത്. ചാവക്കാട് പേരകം തയ്യില്‍ സുബീഷിന്റെയും നീതുവിന്റെയും മകളായ സാഷിയാണ് അമ്മയെ കാണാനുള്ള സ്‌നേഹ സമരത്തില്‍ വിജയിച്ചത്. പോലീസിന്റെ സഹായത്തോടെയാണ് തലശ്ശേരിയില്‍ നിന്ന് ചാവക്കാട് പേരകത്തെ വീട്ടിലേക്ക് കുട്ടിയെ എത്തിച്ചത്.
മാതാപിതാക്കളെ കാണാതെ കുഞ്ഞിന് 24 ദിവസം കഴിയേണ്ടി വന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് നീതുവിന്റെ അമ്മ തലശ്ശേരിയിലെ തറവാട്ട് വീട്ടിലേക്ക് സാഷിയെ കൂട്ടികൊണ്ട് പോയി. പാലക്കാട്ട് നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു പരിപാടി. പക്ഷെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം അതു നടന്നില്ല. ഒരാഴ്ച്ച കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് കുട്ടി അമ്മയെ കാണണമെന്ന കരച്ചിലായി. യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ വീട്ടുകാര്‍ നിസ്സഹായരായിരുന്നു. കുഞ്ഞ് പിന്നീട് ഭക്ഷണം കഴിക്കാതെയായി. ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്രശ്‌നം രൂക്ഷമായി.
Read Here: ഒഡീഷ സ്വദേശിനി വഴിയരികിൽ കുഞ്ഞിന് ജന്മം നൽകി, സഹായവുമായി ‘വിസാരണൈ’ നോവലിസ്റ്റ്
തുടര്‍ന്ന് കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ സമീപിക്കുകയും അദ്ദേഹം കുട്ടിയുടെ അച്ഛന്‍ സുബീഷിന് കത്തു നല്‍കുകയും ചെയ്തു. 'രണ്ടു വയസ്സുകാരിയെ അമ്മയുടെ അടുത്ത് എത്തിക്കാന്‍ അച്ഛന് യാത്രാനുമതി നല്‍കണം എന്നായിരുന്നു' കത്തിലെഴുതിയിരുന്നത്. ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയില്‍ നിരവധി തവണ പോലീസ് കാറ് തടഞ്ഞു. എല്ലായിടത്തും കത്ത് കാണിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം ചര്‍ച്ച ചെയ്ത് യാത്രാനുമതി നല്‍കി. അമ്മയെ കാണാനുള്ള രണ്ടു വയസ്സുകാരിയുടെ ആഗ്രഹം സഫലമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.