കോയമ്പത്തൂർ: ലോക്ക്ഡൗൺ കാരണം ആശുപത്രിയിലെത്താൻ കഴിയാതെ കോയമ്പത്തൂരിലെ വഴിയരികിൽ ഒഡീഷ സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകി. ഈ വിഷമഘട്ടത്തിൽ യുവതിക്ക് സഹായമായത് ‘വിസാരണൈ’ സിനിമയിലൂടെ ശ്രദ്ധേയനായ ഓട്ടോ ചന്ദ്രൻ എന്ന എം ചന്ദ്രകുമാറിന്റെ ഇടപെടലും.
ഒഡീഷയിൽ നിന്നുള്ള അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികുടുംബത്തിലെ അംഗമായ യുവതിയാണ് വെള്ളിയാഴ്ച കോയമ്പത്തൂരിലെ റോഡ് സെെഡിൽ പ്രസവിച്ചത്. പ്രസവ വേദന സഹിക്കാനാവാതെ വീട്ടിന് പുറത്തിറങ്ങിയ ഇവർ കാമരാജർ റോഡിലെ ഒരു പാർട്ടി ഓഫീസിനു മുന്നിൽ തളർന്നു വീഴുകയായിരുന്നു.
സമീപത്തെ വീടുകളിലുള്ളവർ ഉടൻ ചുറ്റും കൂടി നിന്നെങ്കിലും ആർക്കും യുവതിയെ സഹായിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്തെ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ സഹായം തേടി ചന്ദ്രകുമാറിന്റെ വീട്ടിലെത്തി.
ചന്ദ്രകുമാറിന്റെ മകൾ ജീവയായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണ വിതരണത്തിനായി പുറത്ത് പോയ ചന്ദ്രകുമാറിനെ ഫോണിൽ ബന്ധപ്പെട്ട് ജീവ വിവരങ്ങളറിയിച്ചു. വീട്ടിൽ നിന്ന് 300 മീറ്ററോളം അകലെയായിരുന്ന അദ്ദേഹം ഉടൻ സംഭവസ്ഥലത്തെത്തി.
ഇതിനിടെ ചിലർ ആംബുലൻസിനായി ശ്രമിച്ചെങ്കിലും അവ സമയത്ത് എത്തിച്ചേർന്നില്ല. യുവതിയെ സമീപത്തെ ഒരു മരത്തണലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ ചന്ദ്രകുമാർ ഉടൻ തന്നെ യുവതിയുടെ പ്രസവത്തിനു വേണ്ട സഹായങ്ങൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം യുവതി ചന്ദ്രകുമാറിനെ തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ഏതാനും മിനുറ്റുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി ഒരാൺ കുഞ്ഞിന് യുവതി ജന്മം നൽകുകയും ചെയ്തു.
പ്രസവം കഴിഞ്ഞശേഷം ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
It must be around 10:30 in the morning dad went out to distribute the food and groceries to needy people on behalf of…
Posted by Jeeva Chandrakumar on Friday, 17 April 2020
ചന്ദ്രകുമാറിന്റെ മകൾ ഈ സംഭവം ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. ” കുഞ്ഞുനാൾ മുതൽ തന്നെ പിതാവ് തനിക്ക് ഓരോ പാഠങ്ങൾ പഠിപ്പിച്ചു തരുകയും പുതിയ കാര്യങ്ങളറിയാൻ അവസരങ്ങളുണ്ടാക്കിത്തരുകും ചെയ്തിരുന്നു… ഇത് തികച്ചും പുതുമയേറിയ അനുഭവമാണ് “
Also Read: ഈ ദിനങ്ങളില്‍ ഏറെ സംസാരിക്കുന്നത് പൃഥ്വിരാജിനോട്: ദുല്‍ഖര്‍ സല്മാന്
വെട്രിമാരൻ സംവിധാനം ചെയ്ത ‘വിസാരണെെ’യിൽ ദിനേശ് രവി, ആനന്ദി, ആടുകളം മുരുഗദോസ്, സമുദ്രക്കനി തുടങ്ങിയവരാണ് അഭിനയിച്ചത്. ധനുഷിന്റെ നിർമാണക്കമ്പനിയായ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമിച്ചത്.
Read More: ‘Visaranai’ fame Auto Chandran helps woman deliver baby on roadside in Coimbatore