/indian-express-malayalam/media/media_files/uploads/2020/03/guruvayur-temple.jpg)
തൃശൂര്‍: ജില്ലയിലെ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള പ്രവേശനം വീണ്ടും നിര്‍ത്തിവച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേകാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങള്‍ കണ്ടയെന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താല്‍ക്കാലികമായി വീണ്ടും അടച്ചത്.
നാളെ മുതല്‍ തീരുമാനം നടപ്പില്‍ വരും. എങ്കിലും നാളെത്തേക്ക് ബുക്ക് ചെയ്ത വിവാഹങ്ങള്‍ നടക്കും. മറ്റു ദിവസങ്ങളിലേക്ക് ബുക്ക് ചെയ്തവ നടത്താനാകില്ലെന്ന് ബന്ധപ്പെട്ടവരെ ഇമെയില്‍, ഫോണ്‍ എന്നിവ വഴി അറിയിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകളും ദര്‍ശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശനിയാഴ്ച ദര്‍ശനം അനുവദിക്കില്ല. ശനിയാഴ്ചയിലേക്ക് ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങള്‍ മാത്രം നടത്തും. ഈ മാസം 15 ന് നടക്കേണ്ടിയിരുന്ന മേല്‍ശാന്തി നിയമന അഭിമുഖവും റദ്ദാക്കിയാതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ജൂണ്‍ 22 മുതല്‍ 27 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപദേവ കലശം നടത്തും.
Read Also: സമ്പർക്ക വ്യാപനത്തിന്റെ ഭീതിയിൽ: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍
ലോക്ക്ഡൗണ്‍ പ്രഖ്യാപനം മൂലം ഭക്തരുടെ പ്രവേശനം നിര്‍ത്തിച്ച തീരുമാനം സംസ്ഥാനത്ത് കോവിഡ്-19 രോഗം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. വിവാഹങ്ങളും നടത്താന്‍ ആരംഭിച്ചു.
ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത് 157 പേര്‍
ഇന്ന് ജില്ലയില്‍ 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ജില്ലകളിലൊന്നാണ് തൃശൂര്‍. രണ്ടാമത്തേത് മലപ്പുറം.
ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, നാല് പേരുടെ രോഗം ഭേദമാകുകയും ചെയ്തു. ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍ എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.
ചാലക്കുടി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (53), ചാവക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (31), അരിമ്പൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (36), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (47), ഗുരുവായൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (48), കരുവന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (48), ജൂണ്‍ 8 ന് ചെന്നെയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍പെട്ട എസ്എന്‍ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷന്‍ (67), ജൂണ്‍ 02 ന് ഹൈദരാബാദില്‍ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂണ്‍ 05 ന് ഖത്തറില്‍ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38), മെയ് 26 ന് ദുബായില്‍ നിന്നും വന്ന പുരുഷന്‍ (42), ഡല്‍ഹിയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് രോഗമുക്തരായി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12456 പേരും ആശുപത്രികളില്‍ 190 പേരും ഉള്‍പ്പെടെ ആകെ 12646 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ജൂണ്‍ 12) നിരീക്ഷണത്തിന്റെ ഭാഗമായി 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 953 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 1310 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
വെളളിയാഴ്ച അയച്ച 436 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 4934 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 3590 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1344 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1661 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
690 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 35310 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ജൂണ്‍ 12) 164 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 529 പേരെ സ്‌ക്രീന്‍ ചെയ്തു.
Read Also: തലച്ചോറിൽ രക്തസ്രാവം: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടകരമായ സ്ഥിതിയില്ലെന്ന് അവലോകന യോഗം
അതേസമയം, ജില്ലയിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല യോഗം കളക്ട്രേറ്റില്‍ നടന്നു. വ്യാഴാഴ്ച്ച മാത്രം 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യോഗം നടത്തിയത്. ജില്ലയില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനവുണ്ടായിട്ടില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകടകരമായ സാഹചര്യം ജില്ലയിലില്ലെന്നും എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൊറോണ അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
ഇപ്പോള്‍ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാള്‍ താഴെയാണ് യഥാര്‍ത്ഥത്തില്‍ പോസിറ്റിവായ കോവിഡ് രോഗികളുടെ എണ്ണം. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകാവുന്ന വര്‍ദ്ധനവ് മുന്‍കൂട്ടി കണക്കാക്കിയിരുന്നു. അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 300 കടക്കും എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ രോഗികളുടെ എണ്ണം അത്രയും എത്തിയില്ല എന്നത് ആശ്വാസജനകമാണ്. നമ്മുടെ പ്രതിരോധം ഫലപ്രദമാണെന്ന് ഇത് വ്യക്തമാക്കുന്നു. എങ്കിലും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല മുഴുവനായി അടച്ചിടാനുളള സാഹചര്യമില്ല. കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഇതിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ച ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെയുള്ളവരുടെ രോഗ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മാത്രം ജില്ലയില്‍ 914 പേരെ സമ്പര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. മരണമടഞ്ഞ കുമാരന്റെ രോഗസ്രോതസ്സ് മാത്രമാണ് സംശയത്തിലുളളതെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആന്റിബോഡി ടെസ്റ്റും ശ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉടന്‍ 1000 ആന്റി ബോഡി ടെസ്റ്റുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
Read Also: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കോവിഡ്; മരണം 19
ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി കൊവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ ഇറങ്ങിനടക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
തൃശൂര്‍ കോര്‍പറേഷനും ചാവക്കാട് മുന്‍സിപ്പാലിറ്റിയും ഹോട്ട്‌സ്‌പോട്ടുകള്‍
ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍ എന്നിവയെയാണ് വെള്ളിയാഴ്ച്ച പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രത ഉണ്ടാകണമെന്ന് ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുമായും പൊലീസുമായും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണത്തല വില്ലേജ് ഉള്‍പ്പെടുന്ന ചാവക്കാട് നഗരസഭയിലെ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 4 വരെയും 16 മുതല്‍ 32 വരെയുമുള്ള വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോവിഡ് 19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലോ ജില്ലയ്ക്കുള്ളിലോ ആയി തീര്‍ച്ചപ്പെടുത്തുന്ന നിയന്ത്രിത മേഖലകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. വാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുന്നത്.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നിര്‍ബന്ധമാക്കി. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഇവിടെ അനുവദിക്കുക. ആശുപത്രികളില്‍ പോകുന്നവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണെന്ന കാര്യം അവിടെ കൃത്യമായി അറിയിക്കണം.
Read Also: പോരാടും, അതിജീവിക്കും; എന്റെ രാജ്യത്തിന്റെ ഡിഎൻഎ എനിക്കറിയാം: രാഹുൽ ഗാന്ധി
കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്നും മറ്റു ജില്ലകളിലേക്ക് പോകുന്നവര്‍ ദിശ ഹെല്‍പ് ലൈനില്‍ (1056, 0471 2552056) വിളിച്ച് വിവരം പറയേണ്ടതും അവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുമാണ്. കണ്ടെയ്ന്‍മെന്റില്‍ നിന്നും ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് അവധി എടുക്കേണ്ടതാണ്. അവധി ലഭ്യമല്ലെങ്കില്‍ ദിശ ഹെല്‍പ് ലൈനില്‍ അറിയിക്കാം.
വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ (ഒന്നു മുതല്‍ നാല് വരെയും 16 മുതല്‍ 32 വരെയും ഉള്ള വാര്‍ഡുകള്‍) തൃശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകള്‍, 41-ാം ഡിവിഷന്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍, വടക്കേകാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതല്‍ പത്ത് വരെയും 32 മുതല്‍ 41 വരെയുമുള്ള വാര്‍ഡുകളും നേരത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍
ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
1. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലൂടെയുള്ള വാഹനഗതാഗതം പോലീസ് നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതാണ്.
2. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.
3. അവശ്യസാധന വില്‍പ്പനകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 മണിവരെ മാത്രം.
4. പൊതുസ്ഥലങ്ങളുടെ നിര്‍വ്വചനത്തില്‍ പെടുന്ന സ്ഥലങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്.
5. വ്യാപാരസ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്നുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കരുത്.
6. പ്ലാന്റേഷന്‍, കെട്ടിടനിര്‍മ്മാണം, തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്.
7. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പന കര്‍ശനമായും നിരോധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us