Kerala Covid-19 News at a Glance: സംസ്ഥാനത്ത് സമ്പർക്കത്തെത്തുടർന്നുള്ള കോവിഡ് വ്യാപനം വർധിക്കുന്നതാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്നത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 പേര്‍ക്കാണ് പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നത്.
തൃശൂർ ജില്ലയിലാണ് നിലവിൽ സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കുറച്ച് ദിവസത്തേക്കെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് വന്നിട്ടുണ്ട്. 78 പേർക്കാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത്. വ്യാഴാഴ്ച 83 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് രോഗമുക്തരായവരുടെ എണ്ണം മുൻ ദിവസത്തെ അപേക്ഷിച്ച് കുറവാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 32 പേർക്കാണ് ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചത്. വ്യാഴാഴ്ച 62 പേരുടെ ഫലം നെഗറ്റീവായിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ന് 19 ആയി വർധിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിൽ കഴിയവേ മരണപ്പെട്ട 71കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മരണ സംഖ്യ വർധിച്ചത്.
ഗൾഫിൽ രണ്ട് മലയാളികളും ഇന്ന് മരിച്ചു. 201ൽ അധികം മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Kerala Covid Tracker: ഇന്ന് 78 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്: യുഎഇ.- 17, കുവൈറ്റ്- 12, സൗദി അറേബ്യ- 4, ഒമാന്‍- 2, മാലിദ്വീപ്- 1)
- 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമടങ്ങിയെത്തിയവർ: മഹാരാഷ്ട്ര- 16, ഡല്‍ഹി- 7, തമിഴ്‌നാട്- 3, കര്‍ണാടക- 2, ആന്ധ്രാപ്രദേശ- 1, ജാര്‍ഖണ്ഡ്- 1, ജമ്മുകാശ്മീര്‍- 1
- 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്
- തൃശ്ശൂര്‍- 14
- മലപ്പുറം-14 പേര്‍ക്ക്
- ആലപ്പുഴ- 13
- പത്തനംതിട്ട- 7
- എറണാകുളം-5
- പാലക്കാട്-5
- കൊല്ലം- 4
- കോഴിക്കോട്- 4
- കാസര്‍ഗോഡ്- 4
- കോട്ടയം- 3
- കണ്ണൂര്‍ – 3(ഒരാള്‍ മരണമടഞ്ഞു)
- തിരുവനന്തപുരം- 1
- ഇടുക്കി- 1
1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
32 പേരുടെ പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള എണ്ണം:
- കൊല്ലം- 7
- പാലക്കാട്- 6
- ഇടുക്കി- 4
- എറണാകുളം-4 (ഒരു തിരുവനന്തപുരം സ്വദേശി),
- തൃശൂര്‍- 4
- കോഴിക്കോട്- 2
- കണ്ണൂര്‍- 2 (ഒരു കാസര്‍ഗോഡ് സ്വദേശി)
- തിരുവനന്തപുരം- 1
- കോട്ടയം-1
- കാസര്‍ഗോഡ്-1
കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും,…
Posted by K K Shailaja Teacher on Friday, 12 June 2020
പുതിയ 9 ഹോട്ട്സ്പോട്ടുകൾ
ഇന്ന് പുതുതായി 9 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശ്ശൂർ, കണ്ണൂർ, കോട്ടയം, മലപ്പുറം ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
- തൃശൂര്‍ | വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍
- കണ്ണൂര്‍ | വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ,
- കോട്ടയം | കോരുതോട്, തൃക്കൊടിത്താനം
- മലപ്പുറം | തെന്നല
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ…
Posted by Pinarayi Vijayan on Friday, 12 June 2020
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
സംസ്ഥാനത്ത് 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
- കാസര്‍ഗോഡ് ജില്ലയിലെ പൈവളികെ, പിലിക്കോട്,
- എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പറേഷന്‍,
- വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍,
- കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍,
- കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ
നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
24 മണിക്കൂറിനിടെ 5001 സാംപിളുകള്‍ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,06,850 വ്യക്തികളുടെസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3392 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 28,356 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 26,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സംസ്ഥാനത്ത് തിരിച്ചെത്തിയവർ 2,24,779
ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും 2,24,779 പേർ ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തി.
- എയര്‍പോര്‍ട്ട് വഴി 63,513 പേർ
- സീപോര്‍ട്ട് വഴി 1621 പേർ
- ചെക്ക് പോസ്റ്റ് വഴി 1,34,120 പേർ
- റെയില്‍വേ വഴി 25,525 പേർ
2,27,402 പേര്‍ നിരീക്ഷണത്തിൽ
വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്.
- 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ.
- 1985 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി വർധിച്ചു
കണ്ണൂർ: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കേ മരിച്ചയാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി മരിച്ച 72 വയസ്സുകാരനായ ഇരിക്കൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.
ഹൃദ് രോഗമുണ്ടായിരുന്ന ഇയാള്‍ ജൂണ്‍ ഒമ്പതാം തിയതി മുംബൈയില്‍ നിന്ന് ട്രെയിനിലാണ് കണ്ണൂരിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയവേ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പത്താം തിയതി ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലം വന്നിരുന്നില്ല. ഇന്നലെ രാത്രിയില്‍ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പരിശോധനാ ഫലം ലഭിച്ചത്.
ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചു
ഗൾഫിൽ കോവിഡ് ബാധിച്ച രണ്ട് മലയാളികൾ ഇന്ന് മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക് ഡിസൂസയാണ് (59- കുവൈറ്റ്), എറണാകുളം പാനായിക്കുളം സ്വദേശി അബ്ദുല്‍ റഹ്മാൻ (58- ജിദ്ദ) എന്നിവരാണ് മരിച്ചത്.
വൈറസ് ബാധയെത്തുടർന്ന് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാട്രിക് ഡിസൂസ. അൽഹാജരി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സ്റ്റെല്ല.രണ്ടു മക്കളുണ്ട്.
ജിദ്ദയിലെ ഒബ്ഹൂറിലുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിൽ ചികിത്സയിലായിരുന്നു അബ്ദുല്‍ റഹ്മാൻ. മഹജറിലുള്ള ഒരു ടിഷ്യൂ പേപ്പര്‍ കമ്പനിയിൽ ജീവനക്കാരനായിരുന്നു.ഭാര്യ റംല. മക്കൾ : റഹീന, ഫാത്തിമ, മെഹറുന്നിസ.
തൃശൂർ കടുത്ത നിയന്ത്രണങ്ങളിലേക്ക്
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കും. ജില്ലയിൽ ഇന്ന് 14 പേർക്കും വ്യാഴാഴ്ച 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 7 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തൃശൂർ കോർപ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികൾക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുരിയച്ചിറയിലെ വെയർഹൗസ് ഹെഡ്‌ലോഡിങ് തൊഴിലാളികൾക്കും ഒരു ആംബുലൻസ് ഡ്രൈവർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അരിമ്പൂർ പഞ്ചായത്തിൽ ഒരു ആരോഗ്യപ്രവർത്തകയ്‌ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 212 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കില്ല
തൃശ്ശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തൽക്കാലം അംഗീകരിച്ചേക്കില്ല. പകരം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കും. ജില്ലയിലെ നിയന്ത്രണങ്ങളും ശക്തമാക്കും.

ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെസി മൊയ്തീനിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും കുറച്ച് ദിവസത്തേക്കെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും തൃശൂർ എംപി ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു.
തൃശൂർ ജില്ലയിൽ പത്ത് കണ്ടെയ്‌ൻമെന്റ് സോണുകൾ
തൃശൂർ ജില്ലയിൽ ആകെ പത്ത് കണ്ടെയ്‌ൻമെന്റ് സോണുകളാണ് നിലവിൽ ഉള്ളത്.
- വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ (ഒന്നു മുതൽ നാല് വരെയും 16 മുതൽ 32 വരെയും ഉള്ള വാർഡുകൾ)
- തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകൾ, 41-ാം ഡിവിഷൻ ഉൾപ്പെട്ട പ്രദേശങ്ങൾ.
- വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകൾ.
- ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുള്ള വാർഡുകൾ.
തൃശൂർ: കണ്ടെയ്ന്‍മെന്റ് സോണുകൾക്കുള്ള നിർദേശങ്ങൾ
തൃശൂർ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
- കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലൂടെയുള്ള വാഹനഗതാഗതം പോലീസ് നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതാണ്.
- അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.
- അവശ്യസാധന വില്‍പ്പനകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 മണിവരെ മാത്രം.
- പൊതുസ്ഥലങ്ങളുടെ നിര്‍വ്വചനത്തില്‍ പെടുന്ന സ്ഥലങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്.
- വ്യാപാരസ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്നുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കരുത്.
- പ്ലാന്റേഷന്‍, കെട്ടിടനിര്‍മ്മാണം, തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്.
- വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പന കര്‍ശനമായും നിരോധിച്ചിരിക്കുന്നു.
അപ്രതീക്ഷിത വര്‍ധനവുണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ
തൃശൂർ ജില്ലയിൽ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനവുണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ. അപകടകരമായ സാഹചര്യം ജില്ലയിലില്ലെന്നും എന്നാൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൊറോണ അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
ഉറവിടം കണ്ടെത്താനായെന്ന് മന്ത്രി
തൃശൂരിൽ ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു. ജില്ലയില്‍ പത്ത് കണ്ടെയ്‌മെന്റ് സോണുകളുണ്ട്. ഇന്ന് മാത്രം 914 പേരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു.
കേരള ഹൗസ് ജീവനക്കാരന് കോവിഡ്
ഡല്‍ഹിയിലെ കേരള ഹൗസിലെ ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള കരാര്‍ത്തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ജീവനക്കാരനെ വെള്ളിയാഴ്ച്ച ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: കര്‍ശന ഉപാധികള്‍ സ്വീകരിക്കും
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും എസി മൊയ്തീൻ വ്യക്തമാക്കി. ആന്റിബോഡി ടെസ്റ്റും ശ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉടൻ 1000 ആന്റി ബോഡി ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുമ്പോൾ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ജൂൺ ഒന്നിനും പതിനൊന്നിനും ഇടയിൽ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഈ ദീവസങ്ങളിൽ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ്
സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആരോഗ്യവകുപ്പ് ഇതുവരെ നൽകിയിട്ടില്ല. പിസിആർ ടെസ്റ്റിനു ശേഷം മാത്രമേ ഇവരുടെ രോഗവിവരം സ്ഥിരീകരിക്കൂ.
ആശുപത്രികളിൽ പരിശോധന നടത്തും
ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പരിശോധന കർശനമാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
80 വെന്റിലേറ്ററുകൾ വാങ്ങി
കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി സംസ്ഥാന സർക്കാർ 80 വെന്റിലേറ്ററുകൾ വാങ്ങി. കോവിഡ് ആശുപത്രികളിലേക്ക് ഇവ വിതരണം ചെയ്യും. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. സമൂഹവ്യാപനത്തിന്റെ സാധ്യതകൾകൂടി മുന്നിൽ കണ്ടാണ് കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകിയത്.

1500 ഡി ടൈപ്പ് ഓക്സിജന്‍ സിലിന്‍ഡറുകൾ, ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതിനുള്ള 50 സിപിഎപി മെഷിനുകൾ, ശ്വസനം ക്രമീകരിക്കാൻ സഹായിക്കുന്നതിനുള്ള 50 ബിഐപിഎപി മെഷിനുകൾ, 600 പൾസ് ഓക്സീമീറ്ററുകൾ എന്നിവയും ആരോഗ്യവകുപ്പ് വാങ്ങിയിട്ടുണ്ട്.
1.75 ലക്ഷം പിപിഇ കിറ്റുകൾ വാങ്ങാൻ അനുമതി
സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കായി 1,75,000 പേഴ്സനൽ പ്രൊട്ടക്ഷൻ എക്യുമെന്റ് (പിപിഇ) കിറ്റുകൾ കൂടി വാങ്ങാൻ സർക്കാർ അനുമതി നൽകി. 2.4 ലക്ഷം എൻ 95 മാസ്കുകളും, 24 ലക്ഷം ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്കും ഒരു ലക്ഷം പ്രൊട്ടക്ഷൻ ഷീൽഡും സർക്കാർ വാങ്ങും.

ചാവക്കാട് നഗരസഭ പൂർണ്ണമായും കണ്ടയെൻമെന്റ് സോണിൽ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ പൂർണ്ണമായും കണ്ടയെൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കൂടി സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള പ്രവേശനം വീണ്ടും നിര്‍ത്തിവച്ചു
തൃശൂര്‍: ജില്ലയിലെ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള പ്രവേശനം വീണ്ടും നിര്‍ത്തിവച്ചു. നാളെ മുതല്‍ തീരുമാനം നടപ്പില്‍ വരും. എങ്കിലും നാളെത്തേക്ക് ബുക്ക് ചെയ്ത വിവാഹങ്ങള്‍ നടക്കും. മറ്റു ദിവസങ്ങളിലേക്ക് ബുക്ക് ചെയ്തവ നടത്താനാകില്ലെന്ന് ബന്ധപ്പെട്ടവരെ ഇമെയില്‍, ഫോണ്‍ എന്നിവ വഴി അറിയിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.
കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കി
കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
രോഗികളുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഈ പഞ്ചായത്തുകളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവിൽ ജില്ലയിൽ കണ്ടെയിൻമെൻ്റ് സോണുകൾ ഇല്ല.
Read More Covid-19 Related News: തുടർച്ചയായി മാസ്‌ക് ധരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമോ? വസ്‌തുത അറിയാം
കോവിഡ്: ഇടുക്കി ജില്ലയിലെ വിവരങ്ങള്‍
- ഇടുക്കി ജില്ലയിൽഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല
- 171 സാംപിളുകളിൽ ഇന്ന് നെഗറ്റീവ് ഫലം
- ഇന്ന് 166 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു
- ജില്ലയിൽ രോഗവിമുക്തരായവർ-31
- വൈറസ് ബാധിച്ച് ആശുപത്രിയിണ്‍ ചികിത്സയിലുള്ളവർ- 23
- ഇന്ന് രോഗ വിമുക്തരായവർ- 4
- ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവര്‍ -3
- ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 4
- ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവര്‍ ആകെ- 30
- ഇന്ന് ഹോം ക്വാറന്റയിൻ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ -376
- ഇന്ന് ഹോം ക്വാറന്റയിനിൽ നിന്ന് ഇന്ന് ഒഴിവാക്ക പ്പെട്ടവര്‍ -229
- ഹോം ക്വാറന്റയിനിൽ കഴിയുന്നവര്‍ ആകെ- 3587
- ജില്ലയിൽ ഇന്നുവരെ സാംപിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ -6535. ആകെ
- പോസിററീവ് 23, ആകെ നെഗറ്റീവ് 6112, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ-334 ,
- നിരാകരിച്ച സാംപിളുകൾ-14.
Read More Covid-19 Related News: ആശുപത്രിയില്‍ കൊറോണ വൈറസ് എത്ര വേഗം വ്യാപിക്കും?
കണ്ണൂർ സർവകലാശാല: കോവിഡ്-19 സുരക്ഷാമുൻകരുതലുകൾ
കണ്ണൂർ സർവകലാശാലയുടെ മുൻ കരുതൽ നിർദേശങ്ങൾ.
- വളരെ അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ വിദ്യാർത്ഥികളും പൊതുജനങ്ങളും സർവകലാശാല സന്ദർശിക്കുന്നത് ഒഴിവാക്കുക.
- ടെലിഫോൺ, ഇ-മെയിൽ, തപാൽ മാർഗങ്ങളിലൂടെ ഇടപാടുകൾ നടത്താൻ ശ്രമിക്കുക.
- അപേക്ഷകളോ മറ്റ് രേഖകളോ നേരിട്ട് സമർപ്പിക്കുന്നതിന് പകരം ഇതിനായി സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിൽ നിക്ഷേപിക്കുയോ, തപാൽ വഴി അയയ്ക്കുകയോ ചെയ്യുക.
- വിദ്യാർത്ഥികൾ വിവധ ഫീസുകൾ ക്യാഷ് കൌണ്ടറിൽ അടക്കുന്നതിന് പകരം ഓൺലൈൻ സൌകര്യം പ്രയോജനപ്പെടുത്തണമെന്നും സർവകലാശാല അഭ്യർത്ഥിക്കുന്നു.
Read More Covid-19 Related News: കോവിഡ്-19 ലക്ഷണം ഇല്ലാത്ത രോഗികളില്‍ നിന്നുമുള്ള വൈറസ് വ്യാപനം ഗുരുതരമാകാന്‍ കാരണമെന്ത്?
82കാരന് രോഗമുക്തി; മൂന്നു പേരുടെ പരിശോധനാ ഫലം പോസിറ്റീവ്
കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച 82കാരന്‍റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായില്‍നിന്ന് മെയ് 17ന് വന്ന് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോഴാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.
ഇന്നലെ (ജൂണ്‍ 12) ലഭിച്ച 155 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ മൂന്നെണ്ണം പോസിറ്റീവാണ്. സൗദി അറേബ്യയില്‍നിന്നും മെയ് 23ന് ഹൈദരാബാദ് വഴി എത്തിയ പാലാ സ്വദേശി(49), ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്നെത്തിയ കോരുത്തോട് സ്വദേശി(30), ദോഹയില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തിയ പാറത്തോട് സ്വദേശി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം ജില്ലക്കാരുടെ എണ്ണം 46 ആയി. ഇതില്‍ ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
Read More Covid-19 Related News: ഐസിയുകളും വെന്റിലേറ്ററുകളും നിറയും, വരാനിരിക്കുന്നത് സങ്കീർണമായ ദിനങ്ങൾ; അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
എറണാകുളത്ത് ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ 35 കാരനായ കൊക്കയാര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം വണ്ടിപ്പെരിയാറില്‍ ക്വാറന്റൈന്‍ സെന്ററില്‍ ആയിരുന്നു.
Read More Lockdown Related News: ലോക്ക്ഡൗണിൽ വേതനം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയില്ല: സുപ്രീം കോടതി
തിരുവനന്തപുരം: 804 പേർ പുതുതായി രോഗനിരീക്ഷണത്തിൽ
തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി 804 പേർ രോഗനിരീക്ഷണത്തിലായി. 498 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് തിരിച്ചെത്തിയ കാക്കവിള, ഉച്ചക്കട സ്വദേശിയായ 63 കാരനാണ് രോഗം സ്ഥീരികരിച്ചത്. ഡൽഹി – തിരുവനന്തപുരം ട്രെയിനിൽ മേയ് 29നാണ് ഇയാൾ എത്തിയത്.
- ജില്ലയിൽ 14079 പേർ വീടുകളിലും 858 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
- ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു.
- ഇന്ന് 193 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 248 പരിശോധന ഫലങ്ങൾ ലഭിച്ചു.
- വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -14079
- ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -187
- കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -858
Read More Covid-19 Related News: കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാൾ മോശം, പരിതാപകരം; ഡൽഹി സർക്കാരിനെതിരെ സുപ്രീം കോടതി