/indian-express-malayalam/media/media_files/uploads/2020/03/pathanamthitta-district-collector.jpg)
പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ അമേരിക്കയിലേക്ക് കടന്നു. അമേരിക്കയിൽ നിന്നെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ള ജില്ലകളിൽ ഒന്നാണ്. ഇതിനിടെ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ക്വാറന്റെയിൻ വ്യവസ്ഥകൾ ലംഘിച്ച് അമേരിക്കയിലേക്ക് തന്നെ തിരികെ പോയത്. ജില്ലയിൽ ഞായറാഴ്ച രണ്ടുപേരെക്കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നിയിയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേർ ഉൾപ്പെടെ 4387 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ബാങ്കുകളിൽ ഒരു സമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ ആരും ബാങ്കുകളിലേക്ക് എത്താൻ പാടില്ല. റാന്നി താലൂക്ക് ആശുപത്രിയിൽ സന്ദർശന വിലക്കും ഏർപ്പെടുത്തി.
Read More: കോവിഡ്-19: മരണം 14,641, രോഗം സ്ഥിരീകരിച്ചത് 337,042 പേർക്ക്
സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 15 പേർക്കാണ് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 64 ആയി. കാസർഗോഡാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അഞ്ച്. കണ്ണൂർ ജില്ലയിൽ നാലു പേർക്കും, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേർക്കു വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരുകയാണ്. നിലവിൽ 59295 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 67 ആണ്. ഇതിൽ മൂന്ന് പേർക്ക് നേരത്തെ തന്നെ രോഗം ഭേദമായിരുന്നു.
അതേസമയം കേരളത്തിലെ ഏഴ് ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.