ന്യൂഡൽഹി: കോവിഡ്-19നിൽ വിറങ്ങലിച്ച് ലോകം. ആഗോളതലത്തിൽ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 14,641 ആയി. 337,042 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഇന്ന് മാത്രം മരിച്ചത് 651 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5476 ആയി.

ഐസിആര്‍ കണക്കുപ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 396ആയി. ഏഴു പേർ മരിച്ചു. ഞായറാഴ്ച മാത്രം മൂന്നു പേരാണ് മരിച്ചത്. ഗുജറാത്തിൽ അറുപത്തി ഒൻപതുകാരനും ബിഹാറിൽ മുപ്പത്തിയെട്ടുകാരനും മുംബെെയിൽ അറുപത്തി മൂന്നുകാരനുമാണു മരിച്ചത്. ഗുജറാത്തിലും ബിഹാറിലും ആദ്യ കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിലേത് രണ്ടാമത്തെ മരണമാണ്. ജലദോഷത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണു മുംബെെ സ്വദേശിയെ മാർച്ച് 19 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് വ്യാപനം തുടരുന്നതിനിടെ രാജ്യ തലസ്ഥാനവും അടച്ചു പൂട്ടൽ നടപടികൾ കൈക്കൊള്ളുകയാണ്. ഡല്‍ഹിയില്‍ 27 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ 31 വരെ ഡല്‍ഹിയിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞദിവസം അറിയിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിനൊാപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ ആറുമുതല്‍ 31ന് രാത്രി 12വരെ അടച്ചിടല്‍ തുടരും. ഇക്കാലയളവില്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കും.

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍ 481 പേരും ബഹ്‌റൈനില്‍ 332 പേരും കുവൈത്തില്‍ 188 പേരും യുഎഇയില്‍ 153 പേരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം ഒമാനില്‍ മൂന്ന് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 55 ആയി. സിറിയയിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

ന്യൂസിലാൻഡിൽ 36 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടുത്തെ വൈറസ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഈജിപ്തിലെ മേജർ ജനറൽ കൊറോണ ബാധയെ തുടർന്ന് മരിച്ചു. യുഎസിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook