/indian-express-malayalam/media/media_files/uploads/2020/04/corona-virus-121.jpg)
തിരുവനന്തപുരം: കോവിഡ്-19 രോഗം ഉണ്ടെന്ന് അറിഞ്ഞിട്ടും അബുദാബിയിൽ നിന്ന് കേരളത്തിലെത്തിയ മൂന്ന് പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
"ഇവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയാണ് ഉണ്ടായത്. കേന്ദ്ര സർക്കാരിനെ ഇക്കാര്യം അറിയിക്കും. ഇവര്‍ രോഗം മറച്ചുവച്ച് സംസ്ഥാനത്തെത്തുകയും എത്തിയ ശേഷവും രോഗ വിവരം മറച്ചുവയ്‌ക്കുകയായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തിൽ കയറ്റുന്ന പ്രവാസികൾക്ക് പുറപ്പെടുന്ന സ്ഥലത്തു നിന്ന് തന്നെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് മുഖ്യമന്ത്രി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 29 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, ആറ് പേർ. തൃശൂരിൽ നാല് പേർക്കും തിരുവനന്തപുരം കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ഇന്ന് ആർക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Read Also: ലോക്ക്ഡൗൺ നാലാം ഘട്ടം: സംസ്ഥാന ഇളവുകൾ എന്തൊക്കെയെന്ന് അറിയാം
ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും രോഗം കണ്ടെത്തിയപ്പോൾ കണ്ണൂരിൽ ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഇതുവരെ സംസ്ഥാനത്ത് 630 പേർക്കാണ് കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇതിൽ 497 പേർക്ക് രോഗം ഭേദമായതോടെ നിലവിൽ ചികിത്സയിലുള്ളത് 130 പേരാണ്. കേരളത്തിൽ നിലവിൽ 67789 പേരാണ് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതിൽ 67316 പേർ വീടുകളിലും 473 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 44651ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. സെന്റിനൽ സർവേയിലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽ നടത്തിയ 5154 സാമ്പിളുകളുടെ പരിശോധനയിൽ 5082ഉം നെഗറ്റീവാണ്.
സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ്
ജില്ല വിട്ടുള്ള യാത്രകൾക്ക് പാസ് വേണമെന്ന സമ്പ്രദായം നീക്കി. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യേവർ തിരിച്ചറിയിൽ കാർഡ് കയ്യിൽ കരുതിയാൽ മതി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരിക്കണം യാത്ര. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് പാസ് ഇല്ലാതെ ജില്ല വിട്ടുള്ള യാത്രയ്‌ക്ക് അനുമതിയുള്ളത്. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള സമയത്ത് യാത്ര ചെയ്യണമെങ്കിൽ പാസ് വേണം.
Read Also: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; വാഹന സൗകര്യമൊരുക്കും
പൊതുഗതാഗതത്തിലും കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജില്ലയ്‌ക്കുള്ളിൽ പൊതുഗതാഗതം അനുവദിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ അനുവദിക്കും. കണ്ടെയ്‌ൻമെന്റ് സോണ്‍ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല.
ടാക്‌സിയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ഡ്രെെവർക്ക് പുറമേ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷ സർവീസ് പുനരാരംഭിക്കാം. ഓട്ടോറിക്ഷയിൽ ഡ്രെെവറെ കൂടാതെ ഒരു യാത്രക്കാരൻ മാത്രം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗം ആണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്രയാകാം.
ബസ് ചാർജ് വർധിപ്പിച്ചു
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. മിനിമം ചാർജ് 12 രൂപയാക്കി. ഒരു കിലോമീറ്ററിന് ഇപ്പോൾ 70 പെെസയാണ് മിനിമം ചാർജ്. ഇത് ഒരു രൂപ പത്ത് പെെസയായി ഉയർത്തി. കിലോമീറ്ററിനു നാൽപ്പത് പെെസയാണ് വർധിപ്പിച്ചത്. ചാർജ് വർധന തൽക്കാലത്തേക്ക് മാത്രമാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ സാധാരണനിലയിൽ ആകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.