/indian-express-malayalam/media/media_files/uploads/2020/04/Shailaja-teacher.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്‌ച കോവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടാഴ്‌ച കേരളത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ചെറിയ രോഗലക്ഷണമുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്‌തതിനാൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട്-ആരോഗ്യവകുപ്പ് അറിയിക്കുന്നു.
Read Also: പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് അനൂപ് ബിനീഷിനെ വിളിച്ചു, ഫോൺ രേഖ പുറത്ത്
അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട്. രോഗം പിടിപെടാന്‍ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുതെന്നും മന്ത്രി ഓർമിപ്പിക്കുന്നു.
ഇനിയുള്ള ദിവസങ്ങളിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓണാഘോഷ സമയത്ത് കോവിഡ് വ്യാപനം കൂടിയിരിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുണ്ടായ അധിക രോഗബാധ ഇനിയുള്ള ദിവസങ്ങളിലാവും സ്ഥിരീകരിക്കുക. കരുതൽ നടപടികൾക്ക് ജനങ്ങൾ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ മാസത്തോടെ കോവിഡ് വ്യാപനം കുതിച്ചുയരാം എന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.