പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് അനൂപ് ബിനീഷിനെ വിളിച്ചു, ഫോൺ രേഖ പുറത്ത്

ഓഗസ്റ്റ് മാസം ഒന്ന്, 13, 19 തീയതികളില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖയാണ് പുറത്തുവന്നിരിക്കുന്നത്

bineesh kodiyeri,cpim,pk firos,pk firos against bineesh kodiyeri,ബിനീഷ് കോടിയേരി,ലഹരി സംഘം,പി കെ ഫിറോസ്,യൂത്ത് ലീഗ്

കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ വിളിച്ചതായി രേഖകള്‍.

ഓഗസ്റ്റ് മാസം ഒന്ന്, 13, 19 തീയതികളില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 21 നാണ് അനൂപ് അറസ്റ്റിലാവുന്നത്. ഓഗസ്റ്റ് 19ന് മാത്രം ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചത് അഞ്ചു തവണയാണ്. ഓഗസ്റ്റ് 13ന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചതായും ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നു.

നേരത്തേ, അനൂപിനെ തനിക്ക് അറിയാമെന്നും എന്നാല്‍ ലഹരിക്കടത്തില്‍ ബന്ധം ഇല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.

Read More: ‘അനൂപിനെ അടുത്തറിയാം, ലഹരി ഇടപാട് അറിയില്ല’; ബിനീഷ് കോടിയേരിയുടെ മറുപടി

കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ആരോപിച്ചത്. പിടിയിലായ അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അനൂപ് പൊലീസിന് നല്‍കിയ മൊഴിയും പി.കെ ഫിറോസ് പുറത്തുവിട്ടിരുന്നു. പ്രതികളായ അനിഖയും പ്രജേഷും മുഹമ്മദ് അനൂപും നല്‍കിയ മൊഴി ലഭ്യമാണ്. ഇവര്‍ വലിയ മയക്കുമരുന്ന് മാഫിയ ആണ്. ആദ്യഘട്ടത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഹോട്ടലിന് വേണ്ടി ബിനീഷ് പണം മുടക്കി എന്നാണ് അനൂപ് പൊലീസിന് മൊഴി നല്‍കിയത്.

അനൂപ് മുഹമ്മദിന്റെ ഫെയ്സ്ബുക്ക് പരിശോധിച്ചാല്‍ അദ്ദേഹം ഷെയര്‍ ചെയ്തതെല്ലാം ബിനീഷുമായി ബന്ധപ്പെട്ട പോസ്റ്റുകളാണെന്നും 2019 സെപറ്റംബറില്‍ അനൂപിന്റെ ഹോട്ടലിന് ആശംസ അറിയിച്ച് പോസ്റ്റില്‍ ബിനീഷ് സംസാരിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞിരുന്നു. ജൂണില്‍ ലോക്ക് ഡൗണ്‍ കാലത്ത് കുമരകത്ത് നൈറ്റ് പാര്‍ട്ടി നടത്തിയെന്നും ജൂണ്‍ 21 ന് ബിനീഷ് ആലപ്പുഴയിലുണ്ടായിരുന്നെന്നും ഫിറോസ് ആരോപിച്ചു.

ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം.

“എനിക്ക് വളരെ നന്നായിട്ട് അറിയുന്ന ആളാണ് അനൂപ്. വര്‍ഷങ്ങളായിട്ട് പരിചയമുണ്ട്. 2012-13 കാലഘട്ടം മുതല്‍ തന്നെ അറിയാം. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ചെയ്തിരുന്ന ആളാണ് അദ്ദേഹം. പിന്നീട് വല്ലപ്പോഴുമൊക്കെ ബെംഗളൂരുവിലൊക്കെ പോകുമ്പോള്‍ ഹോട്ടല്‍ റൂമുകളൊക്കെ ഡിസ്‌ക്കൗണ്ടില്‍ എടുത്തുതന്നിരുന്നത് അനൂപാണ്. അനൂപ് ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട്‌ അദ്ദേഹം റെസ്റ്റോറന്റ് ബിസിനസിലേക്ക്‌ തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. അത് പിന്നീട് പൊളിഞ്ഞു.”

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anoop contacted bineesh kodiyeri before he got arrested

The moderation of comments is automated and not cleared manually by malayalam.indianexpress.com