/indian-express-malayalam/media/media_files/uploads/2018/11/p-s-sreedharan-pillai-2.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വര്‍ഗീയ പരാമര്‍ശം നടത്തി വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി.
വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് ബിജെപി ശ്രമം. അവര്‍ തന്ത്രങ്ങള്‍ മാറ്റി നോക്കുകയാണ്. എന്നാല്‍, അതൊന്നും കേരളത്തില്‍ വില പോകില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ പുച്ഛിച്ച് തള്ളുന്നതായും, ഉള്ള വോട്ടുകള്‍ പോലും ഈ പരാമര്‍ശം മൂലം ബിജെപിക്ക് നഷ്ടമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശം ബിജെപിക്കും തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ തന്നെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read More: മോദിയുടെ അനുഗ്രഹം വാങ്ങി വന്നവരാണ് ശബരിമലയില്‍ അക്രമം നടത്തിയത്: മുഖ്യമന്ത്രി
ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്."ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാണെന്ന് അറിയിണമെന്നാണ്. ഇസ്ലാമാണെങ്കിൽ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ" - ഇതായിരുന്നു ശ്രീധരൻ പിള്ള നടത്തിയ വിവാദ പരാമർശം.
മാത്രമല്ല, ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.