/indian-express-malayalam/media/media_files/uploads/2021/05/Untitled-design-25.jpg)
കൊച്ചി: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ റിസോര്‍ട്ടിലെ അനധികൃത തടയണ ഉൾപ്പെടെയുള്ള നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കോഴിക്കോട് കലക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടിവി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ടൂറിസം പദ്ധതിയുടെ ഭാഗമായ പിവിആര്‍ നാച്വറോ റിസോര്‍ട്ടില്‍, സമുദ്രനിരപ്പില്‍നിന്നു 3000 അടി ഉയരത്തില്‍ നിര്‍മിച്ച നാലു തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് രാജന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് കലക്ടര്‍ക്കു ഡിസംബര്‍ 22ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ്, അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കലക്്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനുവരി 25ന് കലക്ടര്‍ വിചാരണ നടത്തി റിസോര്‍ട്ടിലെ തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ മൂന്നംഗ വിദഗ്സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.
Also Read: ചട്ടലംഘനം: യൂത്ത് ലീഗ് ഓഫീസ് തുടര്‍ നിര്‍മാണം ഹൈക്കോടതി വിലക്കി
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ല്‍ കോഴിക്കോട് കളലക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പിവിആര്‍ നാച്വറോ റിസോര്‍ട്ട്. ഇരുവഞ്ഞിപ്പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് അനുമതിയില്ലാതെ നാല് തടയണകള്‍ കെട്ടി വെള്ളം സംഭരിച്ചതായാണ് റവന്യു അധികൃതരുടെ റിപോര്‍ട്ട്. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോര്‍ട്ടിലേക്കു വഴിയൊരുക്കിയിരിക്കുന്നത്.
തടയണകള്‍ക്കു താഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ഹൈസ്‌ക്കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുമുള്ളത്. ഇവിടെനിന്ന് ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ നിര്‍മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ അന്നത്തെ മലപ്പുറം കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചീങ്കണ്ണിപ്പാലിയിലെ തടയണ ഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.