/indian-express-malayalam/media/media_files/uploads/2020/08/Pinarayi-Vijayan-and-Ramesh-Chennithala.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന് ധിക്കാരപരമായ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എന്തിനാണ് പിണറായി അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചുകൊണ്ടു വന്നതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. എം.ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് ചെന്നിത്തല ആരോപിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമ്പോള്‍ പിണറായിക്ക് രോഷമുണ്ടാകുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
Read More: അന്വേഷണ ഏജൻസികൾ പരിധി ലംഘിക്കുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
"വിവിധ പദ്ധകളിലൂടെ ശിവശങ്കര്‍ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് പരിഭ്രാന്താനാകുന്നത്? ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല ഇത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴിവിട്ട് പോകുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. എന്നാലിവിടെ വഴിവിട്ട് പോകുകയല്ല ചെയ്തത്. അവര്‍ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെയാണ് തമസ്‌കരിക്കുന്നത്," പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് ശ്രമം നടക്കുന്നത്. എല്ലാം സുതാര്യമെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയെന്നും ചെന്നിത്തല ചോദിച്ചു.
"അന്വേഷണ ഏജൻസിയെ ക്ഷണിച്ചു കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. സത്യം തെളിയിക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല. എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. ശിവശങ്കർ വിജിലൻസ് കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണം. പ്രതിപക്ഷത്തിനെതിരെ പൊലീസിനെ ദുരുപയോഗിച്ച് കള്ളക്കേസെടുക്കുന്നു. മോദിയുടെയും അമിത് ഷായുടേയും പേര് മുഖ്യമന്ത്രി പറയുന്നില്ല," ലാവ്‌ലിൻ കേസ് മാറ്റി വക്കുന്നത് ഒത്തു കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.