Latest News

അന്വേഷണ ഏജൻസികൾ പരിധി ലംഘിക്കുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മൊഴികളിലെയും മറ്റും ഭാഗങ്ങൾ ഓരോരുത്തരുടെ താൽപര്യങ്ങൾക്കനുസരിച്ച് സെലക്ടീവായി ചോർന്ന് മാധ്യമങ്ങളിൽ വരുന്ന സ്ഥിതിയും ഉണ്ടാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസുകളിലെ  അന്വേഷണം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല. എന്നാൽ അന്വേഷണം സംബന്ധിച്ച അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന ഏജൻസികൾ പരിധി ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നത് ജനാധിപത്യ സംവിധാനത്തിനു തിരിച്ചടിയേകും. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍വഹണ അധികാരത്തിലേക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരിശോധനാ അധികാരത്തിലേക്കും കടന്നുകയറുകയാണ് ഈ ഏജന്‍സികളില്‍ ചിലത്. അത് അവരുടെ തന്നെ അധികാര പരിധി ലംഘിക്കലും അതുവഴി ഭരണഘടനയ്ക്കുമേലുള്ള കടന്നുകയറ്റവുമാണ്. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ നടപടി അനുവദിക്കാനാവില്ല. നിലവിലുള്ള നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തും.

മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉദാഹരണമായി കെ-ഫോണ്‍ പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലതു പറയാതെ പറ്റില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം ആരംഭിച്ചത്. ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചിലര്‍ ആഗ്രഹിക്കുന്ന വഴികളിലൂടെ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തമാണ് അതിന്‍റെ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടത്. പകരം തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നടത്തുന്ന രീതി ഉണ്ടാവരുത്. എല്ലാ അന്വേഷണങ്ങളുമായും സര്‍ക്കാര്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും അതുണ്ടാകും. എന്നാല്‍ തെറ്റായ ദിശയിലേക്കു നീങ്ങുന്ന രീതിയെ അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരവും നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ആര്‍ക്കു മുമ്പിലും അടിയറവയ്ക്കില്ല.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാരിനോട് ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്.  ഇവര്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമപരമായ വഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് ആ ഘട്ടത്തിൽ സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നോ എന്ന സംശയമുണര്‍ത്തുന്ന തരത്തിലായി.  അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോയെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത് എന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി.

അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്.  എന്നാല്‍, അതില്‍നിന്നു വ്യത്യസ്തമായ തലത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഏജന്‍സിക്ക് പുറത്തുള്ള ആളുകള്‍ അടുത്ത ഘട്ടത്തില്‍ ഏജന്‍സി എങ്ങനെയാണ് പോകുന്നതെന്നതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അതനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലെയും മറ്റും ഭാഗങ്ങള്‍ ഒരോരുത്തരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്നു. ചുരുക്കത്തില്‍ അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാമാന്യമായ രീതി പോലും ഉണ്ടാകുന്നില്ലെന്ന ഗൗരവതരമായ പ്രശ്നം ഉയര്‍ന്നുവരികയാണ്.

ഒരു പ്രത്യേക പ്രചരണത്തിന്‍റെ കാറ്റിനൊപ്പം നീങ്ങുന്ന രീതിയിലാണ് ഈ മൊഴികള്‍ ഭാഗികമായി പ്രത്യക്ഷപ്പെടുന്നത്.  ഇങ്ങനെ അന്വേഷണം നടത്തുന്ന ഏജന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ആണോ ഉണ്ടാകുക, അതോ അവിശ്വാസമോ?  ഇങ്ങനെയൊരു അന്വേഷണരീതി പ്രതീക്ഷിച്ചല്ല സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തത്. ഇപ്പോഴും എല്ലാ സഹായങ്ങളും ചെയ്യുന്നതും.

പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിനതീതമായി നില്‍ക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്. അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അവ ഏതന്വേഷണത്തിന്‍റെയും താളം തെറ്റിക്കും.  പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുള്ള ഒന്നായിരിക്കണം. ഇന്നയാളെയോ, ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിസ്ഥാനത്തു നിര്‍ത്തണം എന്ന ഉദ്ദേശത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് ദുരുപദിഷ്ടിതമായ ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറും.

ജൂലൈ 2020 മുതല്‍ ചുരുളഴിയുന്ന ചില കാര്യങ്ങളില്‍ ശരിയായ ദിശയിലേക്കാണോ നീങ്ങുന്നതെന്ന് നോക്കേണ്ടതുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്‍റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെ എല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്.

ഒരു അന്വേഷണ ഏജന്‍സിക്ക് തെളിവുശേഖരണത്തിന്‍റെ ഭാഗമായി ചിലപ്പോള്‍ ഒരുദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായിവരാം.  ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായിവരാം. എന്നാല്‍ ഇതിന് ഒരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് അന്വേഷിക്കലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അധികാര പരിധി. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഭൂരഹിതരും ഭവനരഹിതരുമായുള്ള ആളുകള്‍ക്കു വേണ്ടിയുള്ള ലൈഫ് പദ്ധതി സമയബന്ധിതമായി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് തടയാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുമുള്ള നടപടികള്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല.  ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പ് രണ്ടാം തവണ സമന്‍സ് അയച്ച് വിളിച്ചുവരുത്തി. പദ്ധതിയുടെ എല്ലാ രേഖകളും മറ്റുകാര്യങ്ങളും  പ്രവൃത്തിദിവസം പോലുമല്ലാത്ത പിറ്റേന്നുതന്നെ നേരിട്ട് ഹാജരാക്കണമെന്ന് സമന്‍സ് നല്‍കുന്നു.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് പദ്ധതികളെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികള്‍ക്കാകാം.  അന്വേഷണ ഏജന്‍സികള്‍ക്കാകാമോ എന്നതാണ് നമുക്കു മുന്നിലുള്ള മര്‍മപ്രധാന ചോദ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും വരുമാനവും കൃത്യമായി പരിശോധിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍. ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണനിരോധന നിയമമനുസരിച്ചാണോ ചെയ്യേണ്ടത്?

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.  ഇത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഭരണഘടനയെ മാനിക്കുന്നവര്‍ക്കും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിനെ ആകെ ഒരു കുറ്റവാളിയെ എന്ന ദൃഷ്ടിയോടെ കാണുന്ന രീതി കൊളോണിയല്‍ സമീപനത്തിന്‍റെ അവശിഷ്ടമാണ്.  ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളുടെ പരിശോധന, തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ പരിശോധന ഇതെല്ലാം ഒരു അന്വേഷണ ഏജന്‍സി ഏറ്റെടുത്താല്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ കടക്കല്‍ കത്തിവയ്ക്കുന്നതോടൊപ്പം തന്നെ ഭരണനിര്‍വഹണത്തിന്‍റെ തകര്‍ച്ചയുമുണ്ടാകും.

തങ്ങള്‍ ആഘോഷിച്ച പല വാര്‍ത്തകളുടെയും പിന്നീടുള്ള സ്ഥിതി എന്തായി എന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന  നടത്തണം. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തങ്ങൾ തളര്‍ന്നു പോകില്ല. നാടിന്‍റെ മുന്നോട്ടുള്ള വഴിയില്‍ തടസം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചുകാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan slams central investigation agencies

Next Story
കള്ളപ്പണ ഇടപാട്: പി ടി തോമസിനെതിരെ വിജിലൻസ് അന്വേഷണം; തൂക്കിക്കൊന്നാലും നിലപാട് മാറ്റില്ലെന്ന് എംഎൽഎ
The moderation of comments is automated and not cleared manually by malayalam.indianexpress.com