/indian-express-malayalam/media/media_files/uploads/2021/03/Oomman-Chandi-KC-Venugopal.jpg)
കണ്ണൂർ: ഇരിക്കൂർ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള കോണ്‍ഗ്രസ് ചര്‍ച്ചകള്‍ പരാജയം. നേതാക്കളായ എം.എം.ഹസനും കെ.സി.ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ, ചർച്ച ഫലം കണ്ടില്ല. ഇപ്പോൾ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സജീവ് ജോസഫിനെ മാറ്റണമെന്നാണ് എ ഗ്രൂപ്പുകാർ ആവശ്യപ്പെടുന്നത്. സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. സോണി സെബാസ്റ്റ്യന് ഡിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന ഫോർമുല മുന്നോട്ടുവച്ചെങ്കിലും എ ഗ്രൂപ്പ് വഴങ്ങുന്നില്ല.
സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയതാണ് ഇരിക്കൂറിൽ പൊട്ടിത്തെറികൾക്ക് ആരംഭം കുറിച്ചത്. കെ.സി.വേണുഗോപാൽ ഹൈക്കമാൻഡിലുള്ള സ്വാധീനം ഉപയോഗിച്ച് സജീവിനെ സ്ഥാനാർഥിയാക്കിയെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ഇരിക്കൂർ എംഎൽഎ കെ.സി.ജോസഫ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയും സോണി സെബാസ്റ്റ്യനായി വാദിച്ചു. എന്നാൽ, ഫലമുണ്ടായില്ല. ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പിലെ നിരവധി നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതിഷേധിച്ചു. തനിക്ക് ഹൈക്കമാൻഡിൽ വലിയ സ്വാധീനം ഇല്ലാത്തതിനാൽ ആയിരിക്കും സീറ്റ് ലഭിക്കാത്തതെന്ന് സോണി സെബാസ്റ്റ്യൻ പരസ്യമായി പറഞ്ഞിരുന്നു.
Read Also: വട്ടിയൂർക്കാവിൽ വനിത സ്ഥാനാർഥിക്ക് സാധ്യത; ജ്യോതിയോ വീണയോ മത്സരിക്കും
സജീവ് ജോസഫിന് മണ്ഡലത്തിൽ പരിചയക്കുറവ് ഉണ്ടെന്നാണ് എ ഗ്രൂപ്പ് വാദം. സോണി സെബാസ്റ്റ്യൻ മണ്ഡലത്തിലെ ജനങ്ങൾക്ക് സുപരിചിതനാണ്. അതിനാൽ കൂടുതൽ വിജയസാധ്യത സോണി സെബാസ്റ്റ്യന് തന്നെയാണെന്ന് എ ഗ്രൂപ്പ് പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ കെ.സി.വേണുഗോപാൽ അപ്രമാദിത്തം നേടിയെടുക്കാനാണ് നീക്കങ്ങൾ നടത്തുന്നതെന്ന് എ ഗ്രൂപ്പിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സ്ഥാനാർഥിയെ മാറ്റേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡ് ആവർത്തിക്കുന്നത്.
സമവായ സ്ഥാനാർഥി എന്ന നിലയിൽ കെ.സി.ജോസഫിനെ തന്നെ വീണ്ടും മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, താൻ സ്ഥാനാർഥിയാകാൻ ഇല്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇരിക്കൂറിലെ പ്രതിസന്ധി കണ്ണൂർ ജില്ലയിൽ മുഴുവൻ തിരിച്ചടിയുണ്ടാക്കുമെന്ന് കോൺഗ്രസ് ആശങ്കപ്പെടുന്നു. കെ.സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ഈ അഭിപ്രായമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ കെ.സി.വേണുഗോപാൽ അനാവശ്യ ഇടപെടൽ നടത്തിയെന്നാണ് സുധാകരൻ അടക്കമുള്ളവർ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us