/indian-express-malayalam/media/media_files/uploads/2019/09/congress-candidate-list.jpg)
സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അന്തിമ തീരുമാനമായത്. ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ഥിയുടെ പേര് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ചിരുന്നു, ഇത് ഹൈക്കമാൻഡ് അംഗീകരിച്ചു.
നാല് മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുമ്പോള്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകുക ടി.ജെ.വിനോദ് ആണ്. കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറും ഡിസിസി അധ്യക്ഷനുമാണ് വിനോദ്. കോന്നിയില്‍ പി.മോഹന്‍രാജ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.
Also Read: പാലായിലെ യഥാര്‍ത്ഥ വില്ലന്‍ പിജെ ജോസഫ്: ജോസ് ടോം
കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടെങ്കിലും ഡിസിസിയില്‍ എതിര്‍പ്പുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അടൂര്‍ പ്രകാശിനെ അനുനയിപ്പിച്ചതോടെയാണു കോന്നിയിലെ പ്രതിസന്ധി തീര്‍ന്നത്. വട്ടിയൂര്‍ക്കാവില്‍ എന്‍.പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രാദേശിക എതിര്‍പ്പിനെത്തടര്‍ന്ന് കെ.മോഹന്‍കുമാറിലേക്ക് എത്തുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അഞ്ച് മണ്ഡലങ്ങളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ജനവിധി തേടുമ്പോള്‍ മഞ്ചേശ്വരത്ത് സി.കെ.കുഞ്ഞമ്പുവിന് പകരം ശങ്കര്‍ റായ് മത്സരിക്കും. എറണാകുളത്ത് അഡ്വ.മനു റോയ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം.റോയിയുടെ മകനാണു മനു റോയ്. അരൂരില്‍ മനു സി.പുളിക്കൻ, കോന്നിയില്‍ കെ.യു.ജനീഷ് കുമാര്‍ എന്നിവരും മത്സരിക്കും.
Also Read:പാലാ ഫലം യുഡിഎഫിനുള്ള മുന്നറിയിപ്പ്, അനൈക്യത്തെയും അഹങ്കാരത്തെയും ജനം അംഗീകരിക്കില്ല: എം.എം.ഹസന്‍
വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.
പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ സിപിഎമ്മില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. അരൂരില്‍ വിജയപ്രതീക്ഷയുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂരിന്റെ മനസ്സ് യുഡിഎഫിനൊപ്പമായിരുന്നെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.