/indian-express-malayalam/media/media_files/uploads/2021/12/Kochi-water-metro.jpg)
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെ എം ആര്‍ എല്‍)നു കൈമാറി. ഷിപ്പ്‌യാര്‍ഡിലെ ഷിപ്പ് ടെര്‍മിനലില്‍ ബോട്ടിനുള്ളില്‍ നടന്ന ചടങ്ങിലായിരുന്നു കൈമാറ്റം. ബോട്ടിനു മുസിരിസ് എന്ന് പേരിട്ടു.
പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്ത, 24.80 മീറ്റര്‍ നീളമുള്ള ബോട്ടില്‍ 50 സീറ്റാണുള്ളത്. 100 പേര്‍ക്കു സഞ്ചരിക്കാം. മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലാണ് വേഗത. ഏറ്റവും പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു നിര്‍മാണം. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള രീതിയിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാവും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം.
ബോട്ട് കൈമാറ്റച്ചടങ്ങില്‍ കെ എം ആര്‍ എല്‍ മാനേജിങ് ഡയരക്ടര്‍ ലോക് നാഥ് ബെഹ്‌റ, കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് സി എം ഡി മധു എസ് നായര്‍, കെ എം ആര്‍ എല്‍ ഡയറക്ടര്‍മാരായ കെ ആര്‍ കുമാര്‍, ഡി കെ സിന്‍ഹ, ഷിപ് യാര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ബിജോയ് ഭാസ്‌കര്‍, വി. ജെ ജോസ്, വാട്ടര്‍ മെട്രോ ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, അഡീഷണല്‍ ജനറല്‍ മാനേജര്‍ സാജന്‍ പി ജോണ്‍, ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക് നാഥ് ബെഹ്‌റയുടെ പത്‌നി മധുമിത ബെഹ്‌റ മുഖ്യാതിഥിയായിരുന്നു.
നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലുള്ള മറ്റ് അഞ്ച് ബോട്ടുകള്‍ ഷിപ്പ് യാര്‍ഡ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെ എം ആര്‍ എല്ലിനു കൈമാറും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും ബോട്ടുകളുള്ള ശൃംഖല ലോകത്താദ്യമാണ്.
76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ചുള്ളതാണ് കൊച്ചി വാട്ടര്‍ മെട്രോ. സര്‍വിസിനു 78 ബോട്ടാണുണ്ടാവുക. വൈറ്റില ഹബിലെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് ബോട്ടുകളുടെ സഞ്ചാരം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.
വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞു. ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം ഏപ്രിലോടെ പൂര്‍ത്തിയായേക്കും. ഫ്‌ളോട്ടിങ് ജെട്ടികളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
അതിനിടെ, മെട്രോ ട്രെയിനുകളില്‍ ജനുവരി ഒന്നിനു രാവിലെ 9.30 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് പാട്ടും പുതുവത്സര ആഘോഷവും അനുഭവവേദ്യമാകും. ഗ്രെയ്റ്റര്‍ കൊച്ചി കള്‍ച്ചറല്‍ ഫോറവും കൊച്ചി മെട്രോയും സംയുക്തമായാണു 'പാടി യാത്ര ചെയ്യാം കൊച്ചി മെട്രോയില്‍...'പരിപാടി സംഘടിപ്പിക്കുന്നത്. മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ജെ എല്‍ എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍നിന്ന് എം ജി റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത് ഉദ്ഘാടനം ചെയ്യും.
Also Read: ആന്ത്രോത്ത് കോളജിന്റെ പേരില്‍നിന്ന് പി എം സയീദിനെ ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.