കൊച്ചി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളജിന്റെ പേരില്‍നിന്ന് മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പിഎം സയീദിനെ നീക്കം ചെയ്ത് അഡ്മിനിസ്‌ട്രേഷന്‍. ആന്ത്രോത്ത് ദ്വീപിലെ ‘പി എം സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍’ ആണ് പുനര്‍നാമകരണം ചെയ്തത്. ‘ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആന്ത്രോത്ത്’ എന്നാണ് പുതിയ പേര്.
ലക്ഷദ്വീപില്‍ നേരത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെ മാത്രമാണുണ്ടായിരുന്നത്. കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്. ആന്ത്രോത്ത്, കടമത്ത്, കവരത്തി ദ്വീപുകളിലായാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005 ഡിസംബറില്‍ പി എം സയീദ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ആന്ത്രോത്ത് ദ്വീപിലെ സെന്ററിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനില്‍നിന്ന് കുറച്ചുകാലമായുള്ള വിവാദ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയാണ് കോളജിന്റെ പേര് മാറ്റമെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കോളജുകളുടെയും കാലിക്കറ്റ് സര്‍വകലാശാലയിലെ അഫലിയേഷന്‍ അടുത്തിടെ അഡ്മിനിസ്‌ട്രേഷന്‍ ഒഴിവാക്കിയതിനു പിന്നാലെയാണു പേരുമാറ്റം. പുതിയ അധ്യയനവര്‍ഷം മുതല്‍ പോണ്ടിച്ചേരി സര്‍വകലാശാലയുടെ ഭാഗമാണ് ഈ കോളജുകള്‍.
ആന്ത്രോത്ത്, കടമത്ത് ദ്വീപുകളിലെ കോളജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ജനവരി ഒന്നിനു നിര്‍വഹിക്കും. കടമത്ത് കോളജ് മൈതാനത്ത് രാവിലെ 10.30 മുതലാണ് ചടങ്ങ്. ഇതുസംബന്ധിച്ച ക്ഷണക്കത്തില്‍ ആന്ത്രോത്ത് കോളജിന്റെ പേരില്‍ പി എം സയീദ് എന്ന് പരാമര്‍ശിക്കുന്നില്ല. പകരം ‘ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആന്ത്രോത്ത്’ എന്നാണ് പറയുന്നത്.
അതേസമയം, കോളജിന്റെ പേരില്‍നിന്ന് പിഎം സയീദിനെ ഒഴിവാക്കിയതില്‍ അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് ലക്ഷദ്വീപ് ഘടകം പ്രസിഡന്റുമായ ഹംദുള്ള സയീദ് പ്രതിഷേധിച്ചു. പേര് മാറ്റം സംബന്ധിച്ച് പേര് മാറ്റം സംബന്ധിച്ച് അറിയുന്നതിനു ജില്ലാ കൗണ്‍സില്‍ നേതൃത്വം പലതവണ ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ലെന്നു ഹംദുള്ള പറഞ്ഞു.
Also Read: ലക്ഷദ്വീപ് സ്‌കൂളുകള്‍ ഇനി ആഴ്ചയില്‍ ആറ് ദിവസം; വെള്ളി അവധി ഒഴിവാക്കി
വിഷയത്തില്‍ അദ്ദേഹം രാഷ്ട്രപതിയുടെ ഓഫിസിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഉപദേഷ്ടാവിനും പരാതി അയച്ചു. എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ലെന്നു മുന്‍ എംപി കൂടിയായ ഹംദുള്ള പറഞ്ഞു. ഉദ്ഘാടന ഫലകത്തിലും കോളജിന്റെ പേരില്‍നിന്ന് പി എം സയീദിനെ ഒഴിവാക്കിയതായി ഹംദുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടി.
1967 മുതല്‍ 2004 വരെ ലക്ഷദ്വീപിനെ 10 തവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച പി എം സയീദ് ഡെപ്യൂട്ടി സ്പീക്കര്‍, ആഭ്യന്തര സഹമന്ത്രി, ഊര്‍ജ മന്ത്രി, വിവര-പ്രക്ഷേപണ മന്ത്രി, കല്‍ക്കരി-ഖനി മന്ത്രി തുടങ്ങിയ പ്രധാന പദവികള്‍ വഹിച്ചു. ഒരു തവണ രാജ്യസഭാംഗവുമായിരുന്നു.
ദ്വീപിലെ സ്‌കൂളുകളുടെ അവധി ദിനവും സമയക്രമവും ഭരണകൂടം അടുത്തിടെ മാറ്റിയിരുന്നു. സ്‌കൂളുകള്‍ ഇനി മുതല്‍ ആഴ്ചയില്‍ ആറുദിവസം പ്രവര്‍ത്തിക്കും. ഞായര്‍ മാത്രമായിരിക്കും അവധി. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ ആറു പതിറ്റാണ്ട് മുന്‍പ് സ്‌കൂളുകള്‍ ആരംഭിച്ചതു മുതല്‍ വെള്ളി അവധി സംവിധാനമാണു തുടര്‍ന്നിരുന്നത്. വെള്ളിയാഴ്ച മുഴുവനായും ഞായറാഴ്ച ഉച്ചയ്ക്കുശേഷവും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. ഇതാണു ഡിസംബര്‍ 17നു പുറപ്പെടുവിച്ച ഉത്തരവിലൂടെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് മാറ്റിയത്.
പുതിയ ഉത്തരവിലൂടെ ക്ലാസ് സമയക്രമവും പുനക്രമീരിച്ചിട്ടുണ്ട്. ഇനി മുതല്‍ ആഴ്ചയില്‍ ആറ് ദിവസവും (തിങ്കള്‍ മുതല്‍ ശനി വരെ) രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെയുമായിരിക്കും ക്ലാസ്. നാല് പീരിയഡുകള്‍ വീതമുള്ളതാണ് ഓരോ സെഷനും.
അവധി, ക്ലാസ് സമയ മാറ്റത്തിനെതിരെ ലക്ഷദ്വീപില്‍ വ്യാപക എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സമയമാറ്റം വെള്ളിയാഴ്ച പ്രാര്‍ഥനയെ ബാധിക്കുമെന്ന ആശങ്ക പരക്കെയുണ്ട്. പുതിയ സമയക്രമത്തിനുള്ളില്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കി മടങ്ങിയെത്താന്‍ കഴിയില്ലെന്നതാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.