/indian-express-malayalam/media/media_files/uploads/2020/06/cm-pinarayi-prd-screenshot.jpg)
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ് കൺവീനർ എം എം ഹസൻ. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
Read More: കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യം: മുഖ്യമന്ത്രി
കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ചാണ് വാക്‌സിൻ ലഭ്യമായാൽ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
"പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്‌സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്‌സിന്‍ എപ്പോള്‍ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തില്‍ പരസ്യപ്രചാരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.