തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “വാക്‌സിൻ എത്രകണ്ട് ലഭ്യമാകുമെന്ന് ചിന്തിക്കേണ്ടതാണ്. പക്ഷേ, നൽകുന്ന വാക്‌സിനെല്ലാം സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനം

കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തോന്നിയ പോലെ പ്രവർത്തിക്കാനാകില്ലെന്നും വ്യവസ്ഥാപിതമായി വേണം പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. സ്വർണക്കടത്തിയവർ രക്ഷപ്പെട്ടാലും കുഴപ്പമില്ല, സംസ്ഥാനത്തെ ജനോപകാര പദ്ധതികൾ തടയണമെന്നാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് പിണറായി ആഞ്ഞടിച്ചു. കേരളത്തിൽ തോന്നിയ പോലെ മേയാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാരിനെ എങ്ങനെ കരിനിഴലില്‍ നിര്‍ത്താം എന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷപെടാന്‍ അനുവദിച്ചാലും സര്‍ക്കാരിനെ അപമാനിച്ചാല്‍ മതി എന്നാണ് ഉദ്ദേശ്യം. മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയനേതാക്കള്‍ പുറത്തുവിടുന്നു. രാഷ്ട്രീയ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറയുന്ന ആളുകളെ അന്വേഷണ ഏജൻസി അടുത്ത ദിവസം ചോദ്യം ചെയ്യുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അത്തരത്തിലുള്ള പല ഉദാഹരണങ്ങളും മുൻപിലുണ്ടെന്നും മുഖ്യമന്ത്രി. അന്വേഷണത്തിന്റെ ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ വലിയ വിശകലനങ്ങള്‍ ആവശ്യമില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുല്ലപ്പള്ളിക്ക് മറുപടി

ഉത്തര മലബാറിലെ ഒരു ജ്യോതിഷി വഴി ബിജെപിയെ സ്വാധീനിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിനു മറുപടി. വായിൽ തോന്നിയത് കോതയ്‌ക്ക് പാട്ട് എന്ന സ്ഥിതി ആവരുതെന്ന് പിണറായി. തന്റെ സ്ഥാനത്തിന്റെ ഗൗരവം മനസിലാക്കി മുല്ലപ്പള്ളി സംസാരിക്കണമെന്ന് പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അസാന്നിധ്യം

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ആളുകൾ കൂടുന്ന പ്രചാരണം നടത്താൻ പറ്റില്ല. ഓൺലെെൻ ആയി ഏഴോ, എട്ടോ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് താനോ തന്നിൽ നിന്ന് ജനങ്ങളോ അകന്നുപോകുന്ന സ്ഥിതിയില്ലെന്നും പ്രതിപക്ഷത്തിന്റെ ഉള്ളിലിരിപ്പ് വേറെയാണെന്നും പിണറായി.

രവീന്ദ്രന് പിന്തുണ

അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിനു രവീന്ദ്രൻ പോകും, വിവരങ്ങൾ കെെമാറും. അദ്ദേഹത്തെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന വിശ്വാസം തനിക്കുണ്ടെന്നും പിണറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.