/indian-express-malayalam/media/media_files/uploads/2021/05/pinarayi-vijayan-to-meet-governor-today-492047-FI.jpg)
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. "യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ജനങ്ങള്‍ ആസ്വദിക്കും. ജാതിയുടെ പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള ഒരു സമൂഹമുണ്ടാകും. യുപിയിലെ ജനങ്ങള്‍ ഇതാണ് ആഗ്രഹിക്കുന്നത്," പിണറായി വിജയന്‍ പറഞ്ഞു.
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
— Pinarayi Vijayan (@pinarayivijayan) February 10, 2022
ശ്രദ്ധിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി പറഞ്ഞത്. "അവസാന അഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. സൂക്ഷിക്കുക. നിങ്ങള്‍ക്ക് തെറ്റിയാൽ ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ച് പോകും. ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും ആകാൻ അധികം സമയമെടുക്കില്ല," യോഗി ആദിത്യനാഥ് പറഞ്ഞു.
"അഞ്ചുവർഷത്തെ എന്റെ പ്രയത്‌നത്തിന് നിങ്ങള്‍ നല്‍കുന്ന അനുഗ്രഹമാണ് വോട്ട്. നിങ്ങളുടെ വോട്ടുകള്‍ ഭയരഹിതമായ ഒരു ജീവിതം ഉണ്ടാകുമെന്നതിനുള്ള ഉറപ്പ് കൂടിയാണ്," യുപി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2.27 കോടിയാളുകള്‍ വോട്ടിങ്ങിന് യോഗ്യരാണ്.
11 ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് വിഭാഗത്തിന് ആധിപത്യമുള്ള സ്ഥലങ്ങളാണ് ഇതില്‍ കൂടുതലും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി (എസ് പി), രാഷ്ട്രീയ ലോക്‌ദള്‍ (ആര്‍എല്‍ഡി) എന്നീ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
യോഗി ആദിത്യനാഥ് സര്‍ക്കാരിലുണ്ടായിരുന്ന ഒന്‍പത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നത്. സുരേഷ് റാണ, അതുൽ ഗാർഗ്, ശ്രീകാന്ത് ശർമ, സന്ദീപ് സിംഗ്, അനിൽ ശർമ, കപിൽ ദേവ് അഗർവാൾ, ദിനേശ് ഖാതിക്, ഡോ. ജി.എസ്. ധർമേഷ്, ചൗധരി ലക്ഷ്മി നരെയ്ൻ തുടങ്ങിയവരാണ് മത്സരിക്കുന്ന മന്ത്രമാര്‍.
403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ്. തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10 ന് പ്രഖ്യാപിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.