തിരുവനന്തപുരം: മലമ്പുഴ ചെറോട് മലയിൽ 43 മണിക്കൂറുകള്‍ കുടുങ്ങിക്കിടന്നതിന് ശേഷം സൈന്യം രക്ഷപ്പെടുത്തിയ ആര്.ബാബുവിന്റെ പേരില്‍ നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു നല്കി വനം മന്ത്രി എ.കെ.ശശീന്ദ്രന്. “രാവിലെ ബാബുവിന്റെ മാതാവുമായി സംസാരിച്ചിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ക്ഷമിക്കണമെന്നും സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബാബുവിന്റെ മാതാവിന്റെ ആവശ്യം പൂര്‍ണമായും അംഗീകരിക്കുകയാണ്,” മന്ത്രി വ്യക്തമാക്കി.
ഇത്തരത്തിൽ വനത്തിനുള്ളിലേക്ക് പോകുന്നവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം പോകണമെന്നും മന്ത്രി നിര്‍ദേശിച്ചു. അത് അവരുടെ രക്ഷയ്ക്കു തന്നെ വലിയ രീതിയില്‍ ഗുണം ചെയ്യും. അതുകൊണ്ടാണ് അനുവാദം വാങ്ങണമെന്ന് പറയുന്നത്. ഇത് മുന്‍കരുതലിന്റെ ഭാഗം മാത്രമാണ്. ഏതെങ്കിലും വകുപ്പുകളുടെ അഭിമാനപ്രശ്നത്തിന്റെ കാര്യമല്ലെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
രാവിലെ വനം വകുപ്പിന്റെ കേസെടുക്കാനുള്ള നീക്കത്തില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹെഡ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി മന്ത്രി ചര്‍ച്ച നടത്തി. ബാബുവിനെ രക്ഷിച്ചതിന്റെ പേരില്‍ എല്ലാവരും സന്തോഷിക്കുന്ന സമയത്ത് ഇത്തരമൊരു നടപടിയിലേക്ക് പോകുന്നത് അഭികാമ്യമല്ല എന്ന നിലപാട് മന്ത്രി സ്വീകരിച്ചു. തുടര്‍ന്നാണ് കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്.
വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനായിരുന്നു ബാബുവിനെതിരെ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നത്. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു നീക്കം. ബാബുവിന്റെ മൊഴിയെടുക്കുന്ന കാര്യം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. പിന്നീടായിരുന്നു സംഭവത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടത്.
Also Read: ആരോഗ്യനില മെച്ചപ്പെട്ടു; ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്: ബാബു