scorecardresearch

വിമാനത്തിലെ പ്രതിഷേധം ആസൂത്രിതമെന്നു മുഖ്യമന്ത്രി; കെ പി പി സി ആസ്ഥാനത്തിനുനേരെ കല്ലേറ്

സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നതെന്നും പ്രതിപക്ഷ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നതെന്നും പ്രതിപക്ഷ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

author-image
WebDesk
New Update
Pinarayi Vijayan, Protest, Gold smuggling case

തിരുവനന്തപുരം: കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു താന്‍ വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്നു മുഖ്യന്ത്രി പിണറായി വിജയന്‍. നാട്ടിലാകെ കുഴപ്പമുണ്ടാക്കുകയാണ് യു ഡി എഫ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നതു കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്.

കുറച്ചുനാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബി ജെ പിയുടെ സഹായവും കിട്ടുന്നു.

Also Read: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം; തള്ളിമാറ്റി ഇ പി ജയരാജന്‍

Advertisment

സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കെ പി സി സി ഓഫിസിനു നേരെ കല്ലേറ്

അതേസമയം, മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനുപിന്നാലെ തിരുവനന്തപുരത്ത് ഉൾപ്പെടെ സംസ്ഥാനത്തുടനീളം അക്രമം.

തിരുവനന്തപുരം കെ പി സി സി ഓഫീസിനു നേരെ കല്ലേറുണ്ടായി. മുതിർന്ന നേതാവായ എ കെ ആന്റണി ഓഫിസിനുള്ളിലുണ്ടായിരുന്നപ്പോഴാണു കല്ലേറ് നടന്നത്. ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിനു കേടുപാട് വരുത്തി.

കെ പി സി സി ഓഫിസിനു നേരെ നടന്ന അക്രമം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് എ കെ ആന്റണി പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സി പി എം സെക്രട്ടറിയുടെയും നിലപാട് അറിഞ്ഞാൽ കൊള്ളാമെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് തെരുവിലിറങ്ങിയ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയും സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. മാർച്ചിനിടെ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.

ഇടുക്കിയിൽ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന്റെ കാർ അടിച്ചു തകർത്തു. മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോണ്‍ഗ്രസ്– ഡി വൈ എഫ് ഐ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഇരു സംഘടനകളുടെയും പ്രകടനം നേർക്കുനേർ വന്നതിനിടെയാണു സംഭവം. കൊല്ലം ചവറ പന്മനയിൽ കോണ്‍ഗ്രസ് - ഡി വൈ എഫ് ഐ പ്രവർത്തകർ സംഘര്‍ഷമുണ്ടായി.

കാസർഗോഡ് നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തു. പത്തനംതിട്ട അടൂരിൽ കോൺഗ്രസ് ഓഫിസ് സി പി എം പ്രവർത്തകർ ആക്രമിച്ചു. കോൺഗ്രസ് നേതാവിനു മർദനമേറ്റു. മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി.

നാളെ കോൺഗ്രസ് കരിദിനം

ഓഫീസ് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കാനറിയാമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുഖ്യമന്ത്രി കള്ളക്കടത്ത് കേസില്‍ പ്രതിയായി അപമാനിതനായി നില്‍ക്കുമ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധം നടത്താനുള്ള അവകാശം കോണ്‍ഗ്രസിന് ഇല്ലേയെന്നു ചോദിച്ച സുധാകരൻ, കെ പി സി സി ആസ്ഥാനം വന്ന് അക്രമിച്ചത് സിപിഎമ്മാണെന്നും ആരാണ് ആക്രമണം നടത്തുന്നതെന്ന് ജനം വിലയിരുത്തട്ടേയെന്നും പറഞ്ഞു. തങ്ങള്‍ക്കു പൊളിക്കാന്‍ പറ്റിയ സിപിഎമ്മിന്റെ ഓഫീസ് കേരളത്തിലുടനീളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങളുടെ രണ്ടു കുട്ടികളെ വിമാനത്തില്‍ അടിച്ച് ബൂട്ടിട്ട് ചവിട്ടി. ഗുരുതരമായി പരുക്കേറ്റ അവരെ മെഡിക്കല്‍ കോളജിൽ എത്തിച്ചിരിക്കുകയാണ്. ഇ പി ജയരാജന്‍ നേരിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കയാങ്കളി നടത്തിയതും അക്രമം കാണിച്ചതും ജയരാജനാണ്.

ഞങ്ങള്‍ ഇതുവരെ സമാധാനമായിട്ടാണ് പോയിട്ടുള്ളത്. നാളെയും അങ്ങനെ തന്നെയായിരിക്കും. പക്ഷേ ജയരാജനോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുപ്പക്കാരായ കുട്ടികളുടെ വികാരമാണ്. തടഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് പരിമധികളുണ്ടാകും. അവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ അക്രമമുണ്ടായാല്‍ ഞങ്ങള്‍ അതിന് ഉത്തരവാദിയാകില്ലെന്ന് സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളെ കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി പി എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. 'പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്കെതിരായ സമരം ശക്തമായി തുടരുമെന്നുംസതീശൻ പറഞ്ഞു.

ഇന്ദിര ഭവനെതിരായ ആസൂത്രിത ആക്രമത്തിൽ പിണറായി വിജയനും കോടിയേരിയും മാപ്പ് പറയണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആക്രമം നടത്തിയ സി പി എം ഗുണ്ടകളെ അറസ്റ്റ് ചെയ്യണം. കലാപം അഴിച്ചുവിടുകയാണ് സി പി എം ചെയ്തിരിക്കുന്നത്. സമാധാന പാതയിൽ പ്രതിഷേധിക്കുന്നവർക്കു നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു സംസ്ഥാനത്തെ സംഘർഷഭരിതമാക്കി സ്വർണ്ണക്കള്ളക്കടത്തു വിഷയത്തിൽ നിന്നും സ്വപ്‍ന ഉയർത്തിയ അഴിമതികളിൽ നിന്നും തന്ത്രപരമായി രക്ഷപെടാനുള്ള പിണറായിയുടെയും സി പി എമ്മിന്റെയും അടവ് നയത്തെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Protest Pinarayi Vijayan Gold Smuggling Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: