scorecardresearch
Latest News

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം; തള്ളിമാറ്റി ഇ പി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണു വിമാനത്തില്‍ പ്രതിഷേധിച്ചത്

Gold smuggling case, protest, Pinarayi Vijayan

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടരുന്ന പ്രതിഷേധം വിമാനത്തിലും. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, സുനിത് നാരായണൻ എന്നിവരാണു വിമാനത്തില്‍ പ്രതിഷേധിച്ചത്. പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത ഇവർക്കെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

കണ്ണൂരില്‍നിന്നു തിരിച്ച ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു പ്രതിഷേധം. ആദ്യം സീറ്റിലുരുന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് ” പ്രതിഷേധം, പ്രതിഷേധം, മുഖ്യമന്ത്രി രാജിവയ്ക്കുക,” എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങുന്നതായാണു പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിലുള്ളത്.

പ്രതിഷേധിച്ചു മുന്നോട്ടുനീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കു നേരെ വിമാനത്തിലുണ്ടായിരുന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വരുന്നതും ഇവരെ തള്ളിമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളുടെ ആധികാരിക സ്വതന്ത്രമായി ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിലൊരാൾ വെള്ളയും മറ്റേയാൾ കറുപ്പും വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരം ആർ സി സിയിൽ രോഗിയെ കാണാൻ പോകുകയാണെന്നാണ് മറുപടി നൽകിയതെന്നും കണ്ണൂർ വിമാനത്താവളം എസ് എച്ച് ഒ മാധ്യമങ്ങളോട് പറഞ്ഞു.

ഇവർ മദ്യപിച്ചിരുന്നതായും മുഖ്യമന്ത്രിയെ ആക്രമിക്കാനാണു ലക്ഷ്യമിട്ടതെന്നും ജയരാജൻ പിന്നീട് ആരോപിച്ചു. ആക്രമിക്കാന്‍ മുതിരുന്നതിനിടെ ഞാന്‍ അവരെ തടയുകയായിരുന്നു. മൂക്കറ്റം മദ്യപിച്ചിട്ടാണ് അവർ വന്നത്. മുദ്രവാക്യം വിളിക്കുന്നതിനിടെ നാവ് കുഴയുന്നുണ്ടായിരുന്നു. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണിത്? ഭീകരപ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഞങ്ങളവിടെ ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നുവെന്നും ജയരാജൻ ആരോപിച്ചു.

പ്രവര്‍ത്തകരെ മൂക്കറ്റം കള്ളും കുടിപ്പിച്ച് പ്രതിഷേധമെന്ന പേരില്‍ കോണ്‍ഗ്രസ് കയറ്റി വിടുകയായിരുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്. ഉന്നത നേതാക്കള്‍ അറിയാതെ വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ സാധിക്കില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഭീകര സംഘടനകള്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളൂ. ഇവിടെ അത് അരങ്ങേറിയിരിക്കുകയാണ്. നാളെ ഇവര്‍ ബോംബുണ്ടാക്കി എറിയും. അതിലേക്കാണ് ഇവര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സമരങ്ങളൊന്നും ക്ലച്ച് പിടിക്കാത്തതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ജയരാജൻ ആരോപിച്ചു.

അതേസമയം, മദ്യപിക്കാറില്ലെന്നും ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മര്‍ദിച്ചതായി ഫര്‍ദീന്‍ മജീദ് ആരോപിച്ചു. കണ്ണൂരില്‍നിന്ന് വിമാനത്തില്‍ കയറിയ തങ്ങള്‍ തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് എഴുന്നേറ്റതെന്നും പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയതായും ഫര്‍ദീന്‍ ആരോപിച്ചു.

വിമാനത്താവളത്തിനു പുറത്തും പ്രതിഷേധം

വൈകിട്ട് അഞ്ചേകാലോടെ കണ്ണൂരില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ പുറത്തും പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി എത്തുന്നതിനു മുന്‍പ് വിമാനത്താവളത്തിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഇവരെ ശംഖുമുഖത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു.

ബാരിക്കേഡ് മറിച്ചിട്ട പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്ലുകള്‍ വീട്ടിനുള്ളില്‍ പതിച്ചതായി വിമാനത്താവളത്തിനു സമീപം താമസിക്കുന്ന സ്ത്രീ പരാതിപ്പെട്ടു. രോഗിയായ അമ്മയ്ക്ക് ഷെൽ വീണതിനെത്തുടർന്ന് കണ്ണ് തുറക്കാന്‍ വയ്യതായതായും ശ്വാസതടസമുണ്ടായെന്നും ഇവര്‍ പറഞ്ഞു.

മുഖ്യമന്ത്രി പുറത്തേക്കിറങ്ങുന്ന വഴി, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബാരിക്കേഡ് വച്ച് നിയന്ത്രിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കു വന്‍ സുരക്ഷയാണു പൊലീസ് ഒരുക്കിയത്. ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജങ്ഷനിലും കനത്ത സുരക്ഷ ശക്തമായിരുന്നു.

ജനറല്‍ ആശുപത്രി ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.

കണ്ണൂരിൽ പ്രതിഷേധം, അറസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിൽ പ്രതിഷേധം. കണ്ണൂർ ഗസ്റ്റ് ഹൗസിനു മുന്നിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തി. ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പില്‍വെച്ച് യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.

Also Read: കറുപ്പിന് വിലക്കെന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case youth congress protest against cm pinarayi vijayan in flight