scorecardresearch

വിവാഹത്തെ വ്യാപാര കരാറാക്കരുതെന്ന് മുഖ്യമന്ത്രി, പരാതി അറിയിക്കാൻ ഹെൽപ്‌ ലൈൻ നമ്പർ

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന നാടായി മാറുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്നും മുഖ്യമന്ത്രി

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന നാടായി മാറുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
Pinarayi Vijayan Press Meet Gold Smuggling Case

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹികപീഡനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങൾ ഏറെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ഇപ്പോഴത്തെ സംഭവങ്ങളിൽ പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും. ഗാർഹികപീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സർക്കാരിന്റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാവുന്നത് നിസാര കാര്യമല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന നാടായി കേരളം മാറുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. പെണ്‍കുട്ടിക്ക് എന്താണ്, എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കാക്കി മാറ്റുകയാണ്.

വിവാഹത്തെയും കുടുംബജീവിതത്തെയും വ്യാപാര കരാറായി തരംതാഴ്ത്തരുത്. ഇക്കാര്യത്തിൽ വീട്ടിനുള്ളിലെ ചർച്ചകൾ പോലും മക്കളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ സഹിച്ച് കഴിയേണ്ടവരാണ് ഭാര്യയെന്ന ചിന്ത പെണ്‍കുട്ടികളിലും ഉണ്ടാക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല, സഹവർത്തിത്തമാണ് ആവശ്യം.

ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലമായ കാഴ്ചപ്പാടുകൾ കുഞ്ഞുങ്ങൾക്കു പകർന്നുകൊടുക്കരുത്. സ്ത്രീ- പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിനാവശ്യമുള്ള കാലമാണിത്. അതിനാവശ്യമായ കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നത് പരിശോധിക്കും.

Advertisment

വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനും 'അപരാജിത ഓൺലൈൻ,' എന്ന സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളുൾപ്പെടെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഈ സംവിധാനം ഇനി ഉപയോഗിക്കാം.

Also Read: ഭർതൃവീട്ടിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു, രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് പരാതി മെയിൽ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ ബുധനാഴ്ച നിലവിൽ വരും. 94 97 99 69 92 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതു കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും പരാതി അറിയിക്കാം. 94 97 90 09 99, 94 97 90 02 86 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

വനിതകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസലൂഷൻ സെന്റർ എന്ന സംവിധാനം ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകളുടെ പരാതികൾ ജില്ലാ പൊലീസ് മേധാവിമാർ ഓൺലൈൻ സംവിധാനങ്ങളിലൂടെ നേരിട്ടു കേട്ട് പരിഹാരം നിർദേശിക്കുന്ന സംവിധാനമാണിത്.

ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Domestic Violence Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: