/indian-express-malayalam/media/media_files/uploads/2020/07/CM-Pinarayi-Vijayan.jpg)
തിരുവന്തപുരം: തന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തിന് ഏതെങ്കിലും കമ്പനി സൗകര്യമൊരുക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിയത് ഇന്ത്യന്‍ എംബസിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റീ ബില്‍ഡ് കേരളയുടെ പ്രളയപ്രതിരോധ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ടെന്‍ഡറുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തില്‍ സഹായിച്ച ഹസ്‌കോണിങ് കണ്‍സള്‍ട്ടിങ്ങിനെ റീ ബില്‍ഡ് കേരളയുടെ പ്രളയപ്രതിരോധ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ടെന്‍ഡറില്‍ ഉള്‍പ്പെടുത്താന്‍ ചീഫ്‌സെക്രട്ടറി വിശ്വാസ് മേത്ത ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ സഹായിച്ചതുകൊണ്ട് ഈ കമ്പനിയെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിശ്വാസ് മേത്ത കുറിപ്പെഴുതിയെന്നാണ് ആരോപണമുയര്‍ന്നത്.
Also Read: മുഖ്യമന്ത്രി പ്രതിനായകന്‍, കുറ്റവിചാരണയില്‍നിന്ന് ഒളിച്ചോടുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍
എന്നാല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തത് നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ''ഞങ്ങള്‍ ഒരു ടീമായാണു നെതര്‍ലാന്‍ഡ്‌സില്‍ പോയത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കമ്പനി ഏതെങ്കിലും കമ്പനി ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. എംബസിയുടെ സൗകര്യങ്ങളാണു പരമാവധി ഉപയോഗിച്ചത്. അവര്‍ പറഞ്ഞ ചട്ടങ്ങള്‍ക്കനുസൃതമായാണ് സന്ദര്‍ശനം നടത്തിയത്. ചീഫ് സെക്രട്ടറി എന്താണ് എഴുതിയതെന്നു പരിശോധിക്കാം, '' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആരോപണം വ്യാജമാണെന്നു ചൂണ്ടിക്കാട്ടി ജലവിഭവ വകുപ്പ് രംഗത്തെത്തി. അന്നത്തെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ അഭിപ്രായത്തെ തെറ്റായി ചിത്രീകരിക്കുകയാണ് ജലവിഭവ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രൊജക്ടുകളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ആറ് സ്ഥാപനങ്ങളെയാണു ടെന്‍ഡര്‍ ഇവാല്യുവേഷന്‍ കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.
ബിഡുകള്‍ തുറക്കുന്നതിനു മുമ്പ് രാജ്യാന്തര പദ്ധതികളുടെ അനുഭവ പരിചയത്തെ ഇന്ത്യയിലെ പദ്ധതികളിലെ അനുഭവപരിചയമായി പരിഗണിക്കാമോ എന്ന വ്യക്തത റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ നല്‍കിയ അഭിപ്രായം തുല്യമായി പരിഗണിക്കാന്‍ കഴിയില്ല എന്നാണ്. ഈ അഭിപ്രായം സഹിതമാണ് ഫയല്‍ നീങ്ങിയത്. ആറ് സ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്‌കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന നാലെണ്ണത്തെ പരിഗണിച്ചാല്‍ മതിയോ എന്നായിരുന്നു ഫയലിലെ കുറിപ്പുകളുടെ ഉള്ളടക്കം.
ആറ് സ്ഥാപനങ്ങളെയും തുടര്‍പ്രക്രിയയ്ക്ക് പരിഗണിക്കാമെന്നാണ് അന്നത്തെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത രേഖപ്പെടുത്തിയ അഭിപ്രായം. നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ച വേളയില്‍ ഈ സ്ഥാപനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും ഇവരെ ഒഴിവാക്കുന്നത് ഡച്ച് സര്‍ക്കാരുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നല്‍കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെയാണ് യാത്രയെ സഹായിച്ചു എന്ന വ്യാജ ആരോപണമായി ഉയര്‍ത്തുന്നത്. ഈ അഭിപ്രായം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ജലവിഭവ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
ജലവകുപ്പ് തിരുവന്തപുരത്ത് നടത്തിയ ഫ്‌ളഡ് കോണ്‍ഫറന്‍സിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഹസ്‌കോണിങ് കണ്‍സള്‍ട്ടന്‍സിയായിരുന്നു. ഇതിനുശേഷമാണ് ഈ കമ്പനിക്കനുകൂലമായി വിശ്വാസ് മേത്ത കുറിപ്പെഴുതിയതെന്നായിരുന്നു ആരോപണം.
അതേസമയം, മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ്‌സ് യാത്രയെ വിവാദ കമ്പനി എങ്ങനെയാണ് സഹായിച്ചതെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ചെലവ് ആരാണ് വഹിച്ചത് എന്നത് ഉള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സിന് കത്ത് നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ എല്ലാ ചെലവും വഹിച്ചത് തങ്ങളാണെന്നു ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us