തിരുവനന്തപുരം: മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഭാസമ്മേളനം മാറ്റാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സഭാസമ്മേളനം മാറ്റിയ നടപടി ജനാധിപത്യവിരുദ്ധമാണ്. ഉദ്യോഗസ്ഥ ലോബിയും ഉപജാപക വൃന്ദവുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. അതിനാലാണ് എപ്പോഴും ജനവിരുദ്ധ തീരുമാനങ്ങള്‍ മാത്രം മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ വിദേശയാത്രയും തുടര്‍ന്നുണ്ടായ കണ്‍സള്‍ട്ടന്‍സി കരാറുകളും ഞെട്ടിപ്പിക്കുന്ന അഴിമതിയും നിയമസഭാ സമ്മേളനം നടന്നിരുന്നെങ്കില്‍ തുറന്നുകാട്ടപ്പെടുമായിരുന്നു. ഇതു കൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചോടിയത്.
“എല്ലാ വിവാദങ്ങളുടെയും പ്രതിനായകന് മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന് ആരെക്കാളും നന്നായി മുഖ്യമന്ത്രിയ്ക്ക് അറിയാം. മുഖ്യമന്ത്രിയുടെ തുടരെത്തുടരെയുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചിട്ടുണ്ട്. ചട്ടങ്ങളും കീഴ് വഴക്കങ്ങളും എല്ലാം കാറ്റില്‍പ്പറത്തി, നടത്തിയ അഴിമതികളെക്കുറിച്ചുള്ള സകല വസ്തുതകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അന്വേഷണവുമായി മന്ദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഇത് കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്,” കെപിസിസി പ്രസിഡന്റ് പറഞ്ഞു.
“സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പത്തു കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റിയത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സ്ഥലം മാറ്റല്‍ നടപടി ക്രമവിരുദ്ധമാണ്. അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിയപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ഇതിന് പിന്നില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണെന്ന സംശയം ബലപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
“കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് സഭാസമ്മേളനം മാറ്റിയെന്ന വാദം ബാലിശമാണ്. ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് സഭാ സമ്മേളനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും നിയമസഭയ്ക്കകത്തുണ്ടെന്ന സത്യം മറച്ചുവെയ്ച്ചാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഒരു സ്റ്റാലിനിസ്റ്റിന് മാത്രമെ ഇങ്ങനെ എതിര്‍പ്പിന്റെ ശബ്ദം അടിച്ചമര്ത്താനാകുകയുള്ളൂ,” മുല്ലപ്പള്ളി പറഞ്ഞു.