/indian-express-malayalam/media/media_files/uploads/2023/07/Sreelakshmi-FI.jpg)
ശ്രിലക്ഷ്മി.എസ്
"ഇപ്പോഴിതിന്റെ ആവശ്യമുണ്ടോ? ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പോകുന്നത് ഉചിതമായ തീരുമാനമാണോ? ഭാവി അനിശ്ചിതത്വത്തിലാകാനുള്ള സാധ്യതയില്ലേ?" ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡല്‍ഹിയിലെ എട്ട് വര്‍ഷം നീണ്ട നഴ്സിങ് ജീവിതം അവസാനിപ്പിച്ച് എംബിബിഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച ശ്രീലക്ഷ്മിയുടെ കാതുകളിലേക്ക് എത്തിയ ചോദ്യങ്ങളാണിതെല്ലാം.
ഭാവി സുരക്ഷിതമാക്കിയുള്ള വിശാലമായ ലോകം ഒരുവശത്ത്, ഒരു പതിറ്റാണ്ടിലധികമായി തന്റെ ഉറക്കം കെടുത്തിയ ജീവതലക്ഷ്യം മറ്റൊരു വശത്ത്. ഒടുവില്‍, വെള്ള കോട്ട് ധരിച്ച് സ്റ്റെതസ്കോപ്പുമിട്ട് വരാന്‍ ആഗ്രഹിച്ച കുഞ്ഞുശ്രീലക്ഷ്മിക്കൊപ്പം മുന്നോട്ട് പോകാമെന്ന ധൈര്യം എങ്ങുനിന്നോ എത്തി. ഒന്നും എളുപ്പമായിരുന്നില്ല ശ്രീലക്ഷ്മിക്ക്, മാനസിക സമ്മര്‍ദത്തേയും കടുത്ത വെല്ലുവിളികളേയും അതിജീവിക്കേണ്ടി വന്നു.
കൈവിട്ട് പോയ എംബിബിഎസ് പഠനം എന്ന സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. നാഷണല്‍ എലിജിബിലിറ്റി എന്‍ട്രെന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയില്‍ 672 മാര്‍ക്കോടെയാണ് നേട്ടം. പിന്നിട്ട വഴികളെക്കുറിച്ച് കോട്ടയം, കടനാട് സ്വദേശിയായ ശ്രീലക്ഷ്മി എസ്, ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തിനോട് സംസാരിക്കുന്നു.
ഡോക്ടറാകണം എന്ന സ്വപ്നം കണ്ടു തുടങ്ങിയ നിമിഷം
രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് ആദ്യമായി ഡോക്ടറാകണമെന്ന ചിന്ത വന്നത്. അന്ന് ഞാന്‍ എന്റെയൊരു കൂട്ടുകാരിയോട് ‘എനിക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം' എന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. കുഞ്ഞുനാളില്‍ എനിക്ക് ചെറിയ രോഗങ്ങളൊക്കെയായി എപ്പോഴും ആശുപത്രിയിലായിരുന്നു. അന്ന് തൊട്ട് എന്റെ മനസിലേക്ക് എത്തിയതാണ് ഡോക്ടറുടെ കോട്ടും സ്റ്റെതസ്കോപ്പുമെല്ലാം.
ആദ്യ എന്‍ട്രെന്‍സ് പരീക്ഷയില്‍ നിന്ന് പഠിച്ച പാഠം
പ്ലസ് ടു പഠനത്തിന് ശേഷം ഒരു വര്‍ഷം എന്‍ട്രെന്‍സിന് തയാറെടുക്കുന്നതിനായി കോച്ചിങ്ങിന് വേണ്ടി മാറ്റിവച്ചു. 2013-14 വര്‍ഷമായിരുന്നു. വീട് അടുത്തായതുകൊണ്ട് തന്നെ ഹോസ്റ്റലില്‍ നിന്നായിരുന്നില്ല പഠിച്ചിരുന്നത്. സ്കൂള്‍ കാലഘട്ടം മുതലേ കുത്തിയിരുന്ന് പഠിച്ച് ശീലമില്ലാത്ത ഞാന്‍ അത് തന്നെ എന്‍ട്രെന്‍സിലും തുടര്‍ന്നു.
അന്നന്ന് പഠിക്കാതെ അവസാനം എല്ലാം പഠിച്ചെടുക്കാമെന്ന ചിന്തയായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. അവസാനം എത്തിയപ്പോഴാണ് അത് നടക്കില്ല എന്ന കാര്യം എനിക്ക് മനസിലായത്. ആദ്യത്തെ തയ്യാറെടുപ്പിൽ എനിക്ക് പറ്റിയ തെറ്റ് അതായിരുന്നു.
അന്ന് ആരോ എന്നെ തെറ്റിദ്ധരിപ്പിച്ചു, നഴ്സിങ്ങില്‍ നിന്ന് എംബിബിഎസിലേക്ക് ഒരു ബ്രിഡ്ജ് കോഴ്സുണ്ടെന്ന്. അതുകൊണ്ടാണ് എയിംസിന്റെ നഴ്സിങ് എൻട്രെന്‍സ് എഴുതിയത്. നഴ്സിങ്ങിന് പോകാന്‍ എനിക്ക് താല്‍പ്പര്യവും ഇല്ലായിരുന്നു. കിട്ടുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നില്ല. അങ്ങനെ പോയി എഴുതിയതാണ്. ഒരു വര്‍ഷം കൂടി എംബിബിഎസിനായി മാറ്റി വയ്ക്കാം എന്ന് കരുതിയപ്പോഴാണ് റിസള്‍ട്ട് വന്നത്.
എയിംസിന്റെ നഴ്സിങ് എന്‍ട്രെന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്
അഖിലേന്ത്യാതലത്തില്‍ ഒന്‍പതാം റാങ്കായിരുന്നു ലഭിച്ചത്. നഴ്സിങ്ങാണ്, മെഡിക്കല്‍ ഫീല്‍ഡ് തന്നെയാണ്, പിന്നെ എയിംസിന്റെ എല്ലാ കോഴ്സുകളും മികച്ചതാണ് എന്ന് അച്ഛനും അമ്മയും പറഞ്ഞു. അതിനാലാണ് താല്‍പ്പര്യമില്ലാതിരുന്നിട്ടും ചേര്‍ന്നത്. പിന്നെ ഒരു വര്‍ഷം ഞാന്‍ പഠിക്കാതെ കളഞ്ഞതുകൊണ്ട് ഇനിയും അത് ആവര്‍ത്തിക്കുമോയെന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു.
ഡല്‍ഹിയിലെത്തിയിട്ടും എംബിബിഎസ് തന്നെയായിരുന്നു മനസില്‍. ഞാന്‍ ഉഴപ്പിയതുകൊണ്ടാണ് എന്‍ട്രെന്‍സ് നഷ്ടപ്പെട്ടതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. നഴ്സിങ് കഴിഞ്ഞിട്ടാണെങ്കിലും ശ്രമിക്കണം എന്ന ചിന്ത വന്നു. പക്ഷെ അന്ന് അഡ്മിഷനെടുത്ത കോഴ്സില്‍ നിന്ന് വിട്ട് പോരാനുള്ള ഭയമുണ്ടായിരുന്നു എനിക്ക്. അതിനാലാണ് നഴ്സിങ്ങില്‍ തന്നെ തുടര്‍ന്നത്.
/indian-express-malayalam/media/media_files/uploads/2023/07/Sreelakshmi-Friends-AIIMS-1.jpg)
അപ്രതീക്ഷിതമായി എത്തിയ കോവിഡും വില്ലനായി
നാല് വര്‍ഷത്തെ പഠനത്തിനും ഒരു വര്‍ഷത്തെ ട്രെയിനിങ്ങിനും ശേഷം ഞാന്‍ വീണ്ടും എന്‍ട്രെന്‍സിനുള്ള തയാറെടുപ്പ് ആരംഭിച്ചു. എയിംസില്‍ ജോലിക്കായുള്ള പരീക്ഷയും എല്ലാവര്‍ക്കുമൊപ്പം ഞാനും എഴുതി. പരീക്ഷയില്‍ വിജയിക്കുകയും ഡല്‍ഹി എയിംസില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോഴാണ് കോവിഡ് വ്യാപനം സംഭവിച്ചത്. കോവിഡിനെ തുടര്‍ന്ന് എന്‍ട്രെന്‍സ് പരീക്ഷ തുടരെ മാറ്റിവയ്ക്കപ്പെട്ടു. ജോലിക്കൊപ്പം എനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുമായിരുന്നില്ല അന്നത്തെ സാഹചര്യത്തില്‍.
ജോലിയില്‍ തുടരുമ്പോഴും സ്വപ്നത്തിലേക്കുള്ള പോരാട്ടം
എംയിസില്‍ ജോലി അത്ര കഠിനമായിരുന്നില്ല, അതിനാല്‍ തന്നെ ഞാന്‍ എന്റെ ശ്രമങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. 2022 നീറ്റ് പരീക്ഷയില്‍ 590 മാര്‍ക്കാണ് ലഭിച്ചത്. എഴുതിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസം 2022-ലെ പരീക്ഷ എനിക്ക് തന്നു.
/indian-express-malayalam/media/media_files/uploads/2023/07/After-AIIMS.jpg)
ലക്ഷ്യത്തോട് അടുക്കുന്നു എന്ന തോന്നലാണോ ജോലിരാജി വയ്ക്കാന്‍ പ്രേരിപ്പിച്ചത്
തീര്‍ച്ചയായും, മൂന്ന് വര്‍ഷത്തോളം മെഡിക്കല്‍ ഫീല്‍ഡില്‍ എക്സ്പീരിയന്‍സായി. മാര്‍ക്കും ഉയര്‍ന്നതിനാല്‍ തന്നെ രാജിവച്ചിട്ട് ശ്രമിക്കാമെന്ന ചിന്തയിലേക്ക് വന്നു. അച്ഛനേയും അമ്മയേയും പറഞ്ഞ് സമ്മതിപ്പിച്ച ശേഷമാണ് രാജിവച്ചത്.
2022 അവസാനത്തോടെയാണ് ഞാന്‍ നാട്ടിലേക്ക് എത്തിയത്. നവംബറില്‍ ആരംഭിക്കുന്ന ബാച്ചിൽ എൻട്രൻസ് കോച്ചിങ്ങിന് ചേര്‍ന്നു. പക്ഷേ, ജനുവരി തൊട്ടാണ് എനിക്ക് ക്ലാസില്‍ പോകാൻ സാധിച്ചത്.
ഉയര്‍ന്ന ശമ്പളമുള്ള കേന്ദ്ര സര്‍ക്കാര്‍ ജോലി രാജി വച്ചപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ പ്രതികരണം
ഇനിയിത് വേണോ, ജോലി സെറ്റായില്ലെ, ഇവിടെയാണെങ്കില്‍ സുഖമാണ് എന്നിങ്ങനെയൊക്കെയായിരന്നു ആദ്യ പ്രതികരണം. മള്‍ട്ടിസ്പെഷ്യാലിറ്റി വിഭാഗത്തിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്, ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഞങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ട് മറ്റ് വിഭാഗങ്ങളിലെ പോലെ ജോലി കഠിനമായിരുന്നില്ല.
അതാണ് എല്ലാവരേയും അത്തരം ചോദ്യങ്ങളിലേക്ക് എത്തിച്ചത്. പിന്നെ എന്റെ സുഹൃത്തുക്കളെല്ലാം പുറം രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഞാന്‍ ജോലി രാജിവച്ച് വീണ്ടും പഠിക്കാനായി ഒരുങ്ങുന്നത്. പക്ഷേ, കൂടുതല്‍ പേരും എന്നെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. കാരണം നഴ്സിങ് പ്രൊഫഷന്റെ മറ്റൊരു വസ്തുതകൊണ്ടാണ്.
/indian-express-malayalam/media/media_files/uploads/2023/07/Sreelakshmi-Job.jpg)
നഴ്സിങ്ങില്‍ പ്രൊമോഷന്‍ ലഭിക്കാന്‍ വലിയ കാലതാമസമാണ്. 10, 15 വര്‍ഷത്തോളം എടുക്കും ഗ്രേഡ് ഉയരാന്‍ തന്നെ. അതുകൊണ്ട് കുറെ പേര്‍ എന്നെ പിന്തുണച്ചു. എംബിബിഎസ് ആണെങ്കിലും സമയം എടുക്കും, പക്ഷെ ജീവിതത്തില്‍ എന്തെങ്കിലും നേടിയെന്ന തോന്നലുണ്ടാകുമെന്നൊക്കെ എന്നെ സുഹൃത്തുക്കള്‍ പ്രചോദിപ്പിച്ചു.
മാനസിക സമ്മര്‍ദം കരഞ്ഞ് തീര്‍ത്ത ദിവസങ്ങള്‍
കോച്ചിങ്ങിനായി ചേര്‍ന്നപ്പോള്‍ ആദ്യമൊക്ക നല്ല പേടിയായിരുന്നു. കാരണം ഞാന്‍ പ്ലസ് ടു കഴിഞ്ഞിട്ട് പത്ത് വര്‍ഷത്തോളമായി. ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങള്‍ വീണ്ടും പഠിച്ച് എടുക്കാന്‍ സാധിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. പ്ലസ് ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കൂടെയാണ് ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിക്കാനെത്തിയത്.
പിന്നിലേക്ക് പോകുമോ എന്നായിരുന്നു ചിന്ത. ആദ്യ ആഴ്ചയിലെ പരീക്ഷകളില്‍ പഠിക്കാത്ത വിഷയങ്ങളില്‍ പോലും എനിക്ക് നല്ല സ്കോര്‍ ലഭിച്ചിരുന്നു. പരിശീലന പരീക്ഷകളില്‍ സ്ഥിരതയോടെ എ പ്ലസ് ഗ്രേഡ് നിലനിര്‍ത്താനായി. അധ്യാപകരുടെ പിന്തുണയും വലുതായിരുന്നു. അവസാനമൊക്കെയായപ്പോള്‍ തീരെ സമയം ലഭിച്ചിരുന്നില്ല. പഠിച്ച് തീര്‍ക്കാനാകില്ല എന്ന മനസിലായതോടെ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചെയ്തായിരുന്നു തയാറെടുപ്പ്.
/indian-express-malayalam/media/media_files/uploads/2023/07/Sree.jpg)
പരീക്ഷയ്ക്ക് മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തി. കാരണം പഠിക്കാന്‍ എന്റെ മുന്നില്‍ ഒരു കൂന തന്നെ ഉണ്ടായിരുന്നു. എന്ത് ചെയ്യും എന്നായിരുന്നു മനസില്‍. ടെന്‍ഷനൊക്കെ ഹോസ്റ്റലിലെ അടുത്ത സുഹൃത്തുക്കളുടെ എടുത്ത് പോയി കരഞ്ഞ് തീര്‍ക്കുമായിരുന്നു. ടെന്‍ഷന്‍ കൂടിയതോടെ എന്റെ മാര്‍ക്കും കുറഞ്ഞ് വന്നു. അത് അധ്യാപകരുടെ ശ്രദ്ധയിലേക്കുമെത്തി.
ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് മാറിയിരുന്നു ഞാന്‍. എന്റെ മാര്‍ക്ക് കുറഞ്ഞതിനാല്‍ അധ്യാപകര്‍ വീട്ടിലെത്തി. എന്നെക്കൊണ്ട് പറ്റുമെന്നും സര്‍ക്കാര്‍ സീറ്റില്‍ തന്നെ അഡ്മിഷന്‍ നേടാനാകുമെന്നും എന്നെ ആശ്വസിപ്പിച്ചു. മേയ് ഏഴിനായിരുന്നു എൻട്രെന്‍സ് പരീക്ഷ. അന്ന് ഞാന്‍ കൂളായിരുന്നു. വരുന്നിടത്ത് വച്ച് കാണാം എന്നതായിരുന്നു ചിന്ത.
കുടുംബത്തില്‍ നിന്നുള്ള പിന്തുണ
നഴ്സിങ് പഠിക്കാൻ പോകേണ്ടിവന്നതിലെ അതൃപ്തി ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് അച്ഛനോടും അമ്മയോടും പറയുമായിരുന്നു. അവര്‍ എനിക്ക് ജോലി കിട്ടണം, സാമ്പത്തിക സ്ഥിരത ഉണ്ടാകണം എന്നാണ് ആഗ്രഹിച്ചത്. നഴ്സിങ്ങാകുമ്പോള്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടല്ലോ. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയിട്ടും എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വല്ലാത്ത വിഷമം ആയിരുന്നു.
ജോലിക്കിടയില്‍ എംബിബിഎസിന് ശ്രമിച്ചപ്പോഴും ഒന്നും പറഞ്ഞില്ല അവര്‍. കാരണം എംബിബിഎസിന് അഡ്മിഷന്‍ കിട്ടിയില്ലെങ്കിലും നഴ്സിങ് ജോലിയായി ഉണ്ടല്ലോ. 2022-ലെ എന്‍ട്രെന്‍സില്‍ 590 മാര്‍ക്ക് വന്നപ്പോള്‍ എനിക്കിത് നേടിയെ പറ്റുവെന്ന വാശിയുണ്ടായി. ഇത്രയും അടുത്ത് വന്നിട്ട് വിട്ടുകളയാന്‍ തോന്നിയില്ല.
ഞാന്‍ ഇത് വിടാതെ മുന്നോട്ട് പോകുന്നു എന്നത് അച്ഛനും അമ്മയ്ക്കും വിഷമമായിരുന്നു. എനിക്ക് പ്രായമാകുന്നു, കൂടെയുള്ളവര്‍ വിവാഹിതരാകുന്നു, ഇതെല്ലാം അവരെ അലട്ടി. ആദ്യമൊന്നും ഒട്ടും പിന്തുണയുണ്ടായിരുന്നില്ല. കാരണം ഭാവിയെക്കുറിച്ചുള്ള പേടി അവരില്‍ ഉണ്ടായിരുന്നു. പതിയെ അവരും കൂളായി. എനിക്ക് എല്ലാ പിന്തുണയും തന്നു.
/indian-express-malayalam/media/media_files/uploads/2023/07/Sreelakshmi-Family.jpg)
എന്‍ട്രെന്‍സ് കടക്കാനായിരുന്നില്ലെങ്കിലെ പ്ലാന്‍ ബി
എംബിബിഎസ് കിട്ടിയില്ലെങ്കില്‍ ഇനിയെന്ത് ചെയ്യുമെന്ന് സ്വഭാവികമായി ചിന്തിച്ചു. നഴ്സിങ് മേഖലയില്‍ തന്നെ മുന്നോട്ട് പോകാനാണെങ്കില്‍ എനിക്ക് ഇന്ത്യയില്‍ തുടരണമെന്നില്ലായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ ഒരു ബാക്കപ്പായി ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിയെടുത്തു. എന്‍ട്രെസ് കോച്ചിങ്ങിനായി നാട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഞാന്‍ ആ കടമ്പ കടന്നു.
ഐഇഎല്‍ടിഎസ് ലഭിച്ചതുകൊണ്ട് മാതാപിതാക്കള്‍ക്ക് അല്‍പ്പം ആശ്വാസമുണ്ടായിരുന്നു. കാരണം മറ്റൊരു സാധ്യതയും ഉണ്ടല്ലോ. ഐഇഎല്‍ടിഎസ് എഴുതിയത് മാതാപിതാക്കള്‍ക്ക് വേണ്ടി മാത്രമായിരുന്നു. എന്റെ മനസില്‍ എംബിബിഎസ് നേടണം എന്ന ഉറച്ച തീരുമാനം അപ്പോഴും നിലനിന്നു.
എന്‍ട്രെന്‍സ് ഫലം വന്ന ദിവസം
വലിയ സന്തോഷമായിരുന്നു. ഞാന്‍ 652 മാര്‍ക്കായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 672 മാര്‍ക്ക് ലഭിച്ചു.
എംബിബിഎസ് പൂര്‍ത്തിയാക്കി, എംഡിയും സ്പെഷ്യലൈസേഷനൊക്കെ കഴിയുമ്പോള്‍ പത്ത് വര്‍ഷത്തിലധികം എടുക്കില്ലെ?
ഭാവിയെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ആദ്യം കൗണ്‍സിലിങ്, അലോട്ട്മെന്റൊക്കെ കഴിയണം. ഭാവി നമ്മള്‍ എത്ര പ്ലാന്‍ ചെയ്താലും അതനുസരിച്ച് പോകണമെന്നില്ലല്ലൊ. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കണം ആദ്യം.
ശ്രീലക്ഷ്മിയെപോലെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവരോട് പറയാനുള്ളത്
എംബിബിഎസ് നേടുക എന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. നമുക്ക് ജീവിതത്തില്‍ ഒരു ലക്ഷ്യം എപ്പോഴും കാണുമല്ലോ. കിട്ടിയത് മതി എന്ന് വയ്ക്കുന്ന ഒരാള്‍ അല്ല ഞാന്‍. അവസരമുണ്ടെങ്കില്‍ ഇനിയും ശ്രമിക്കുമെന്ന മനോഭാവമാണ് എനിക്കുള്ളത്.
എംബിബിഎസിനാണെങ്കിലും നാലും അഞ്ചും വര്‍ഷമായി ശ്രമിക്കുന്നവരെ എനിക്കറിയാം. അവരോട് പറയാനുള്ളത് എന്റെ കൈവശം മറ്റൊരു പ്രൊഫഷനുണ്ടായിരുന്നു. ഇത് കിട്ടിയില്ലെങ്കിലും മറ്റൊരു ഓപ്ഷന്‍ എനിക്ക് മുന്നില്‍ ഉണ്ടായിരുന്നു.
ഓരോരുത്തരുടെ ആഗ്രഹമാണ് എല്ലാം, അതുകൊണ്ടാണ് നാലും അഞ്ചും വര്‍ഷത്തോളം പരിശ്രമിക്കുന്നത്. പക്ഷെ നമ്മുടെ സാമ്പത്തിക സ്ഥിതിയും ജീവിതവുമെല്ലാം പരിഗണിക്കണം മുന്നോട്ട് പോകുമ്പോള്‍ എന്നാണ് എനിക്ക് പറയാനുള്ളത്.
എനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ കുടുംബങ്ങളുടേയും അവസ്ഥ അതായിരിക്കണമെന്നില്ല. അതുകൊണ്ട് ആഗ്രഹത്തിനൊപ്പം വീട്ടിലെ സ്ഥിതിയും നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.