അത്രമേൽ അടയാളപ്പെടുത്തുന്ന ഒരു വഴിത്തിരിവ്

അറുപത് വയസ്സുള്ളവരെയും Young Age എന്നാണ് ഇവിടെ പറയുന്നത്. എൺപതിലും തൊണ്ണൂറിലും പാറിപ്പറന്ന് നടക്കുന്ന സ്ത്രീകളും പുരുഷന്മാരും വിരളമല്ല. ഈ പ്രായത്തിൽ പോലും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്

dyvia jose, memories, iemalayalam

അത്രമേൽ അടയാളപ്പെടുത്തുന്ന ഒരു വഴിത്തിരിവ്, ജീവിതത്തിൽ ഒരിക്കൽ, അല്ലെങ്കിൽ പല തവണ സംഭവിച്ചേക്കാം. അതൊരുപക്ഷേ, അപ്രതീക്ഷിതമെന്ന് തോന്നാം. അല്ലെങ്കിൽ നന്നായി പ്രയത്നിച്ച കുറേയേറെ ദിവസങ്ങളുടെ, വർഷങ്ങളുടെ ഫല പ്രാപ്തിയുമാകാം.

വിവാഹം, ജോലി, മക്കൾ, രോഗങ്ങൾ എന്നിങ്ങനെ എന്തും ഒരു വഴിത്തിരിവാണ്. ഇന്ന് ചിന്തിക്കുമ്പോൾ, അത്തരം ഒരു മാറ്റം, ജീവിതത്തിൽ അടയാളപ്പെടുത്തിയ ഒരു സംഭവമായിരുന്നു, അയർലണ്ടിലേയ്ക്കുള്ള വരവ്.

ഒരു പത്ത് പതിനഞ്ച് വർഷം മുമ്പ്…

കോഴിക്കോട്.

ചെറുപ്പത്തിൽ എപ്പൊളോ പപ്പയുടെ ജോലി ചെയ്യുന്ന സ്ഥലം കാണാനുള്ള ആഗ്രഹത്തോടെ ഏതോ ഒരു വേനലവധിക്ക് മൂന്നോ നാലോ ദിവസം കോഴിക്കോട് കുടുംബസമേതം പോയതായി ഓർക്കുന്നുണ്ട്. അത്ര മാത്രമേ ഈ നഗരവുമായി എനിക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ.

ജോലിയുടെ കാര്യം വന്നപ്പോൾ പിതാവ് കോഴിക്കോട് മതിയെന്ന് പറയുകയും, ഒരുമിച്ച് ഡൽഹിയിലെ എസ്കോർട്സിൽ ജോലി ചെയ്യണം എന്ന ആഗ്രഹവുമായി നിന്ന ഞങ്ങൾ നാല് സുഹൃത്തുക്കളിൽ നിന്ന് ഈ തീരുമാനം എന്നെ ഒറ്റപ്പെടുത്തുകയും ചെയ്തു.

അതിന്റെ കെറുവ് കാണിക്കാൻ ഞാൻ പട്ടിണി കിടന്നു! തുടർച്ചയായി ഒരാഴ്ചയോളം… ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ ഉച്ചഭക്ഷണം വരെ നിരാഹാരം കിടക്കും. പിന്നെ വാശി കൂടുതലാണേൽ ആ ദിവസം പിന്നെ അത്താഴം മാത്രമേ കഴിക്കൂ.  എന്നെ സംബന്ധച്ച് അതൊക്കെ വളരെ പാട്പെടുന്ന പരിപാടി ആർന്നു.

വീട്ടിൽ ആരോടും മിണ്ടാണ്ട് നടന്നു.

പക്ഷേ കുറച്ചീസം കഴിഞ്ഞപ്പം കോഴിക്കോടെങ്കി കോഴിക്കോട് എന്ന് തീരുമാനിച്ചു.

ഹോസ്പിറ്റലും പരിസരവും ഇഷ്ടപ്പെട്ടു. ഹോസ്റ്റലിൽ താമസിക്കുന്ന കാര്യം മാത്രം ഇഷ്ടപ്പെട്ടില്ല. ഭക്ഷണവും വീട്ടിൽ നിന്ന് മാറി താമസിക്കുന്നതും അനിയനോട് ഇടി കൂടാതെ ഒരു ദിവസം തള്ളി നീക്കുന്നതൊക്കെ ഓർക്കാൻ പോലും പ്രയാസം തോന്നി.

നഴ്സിംഗ് അങ്കമാലിയിൽ തന്നെ പഠിച്ചത് കൊണ്ട് ഒരു ‘കട്ടലോക്കൽ’ ആയി ആണ് നാല് വർഷവും കോളേജിൽ പോയി വന്നിരുന്നത്. എന്തൊക്കെയായാലും ഹോസ്റ്റലിൽ കൊണ്ടാക്കി പപ്പ തിരിച്ച് വണ്ടി പിടിച്ചു.

കൈയിൽ സ്ഥാവര ജംഗമ വസ്തുക്കൾ നിറച്ച ലഗേജും തലയിൽ അതിനേക്കാൾ വലിയ ഉപദേശങ്ങളുടെ ഭാണ്ഡവും പേറി ഹോസ്റ്റലിലെ നിരവധി ഡബിൾ ഡെക്കറിലൊന്ന് സ്വന്തമാക്കി ഞാൻ ഇരുന്നു.

പക്ഷേ..

അവിടെ വച്ച് എനിക്കൊരു സുഹൃത്തിനെ കിട്ടി.

തത്ക്കാലം ബ്ലൂ റോസ് എന്ന് വിളിക്കാം.

എപ്പൊഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന നിഷ്കളങ്കമായ മുഖഭാവമുള്ള പെൺകുട്ടി.

ഞാനാണേൽ ഡൽഹിക്ക് പോകാൻ പറ്റാത്തത് കൊണ്ടും മറ്റ് കൂട്ടുകാരികളെ പിരിഞ്ഞത് കൊണ്ടും സങ്കടപ്പെട്ട് നിൽക്കുന്നതിനിടയ്ക്കാണ് ഈ കൊച്ച് ഇടിച്ചു കേറി നമ്മുടെ ജീവിതത്തിലോട്ട് വരുന്നത്.

അങ്ങനെ ഞങ്ങ കൂട്ടായി.

പിറ്റേന്ന് ജോലിക്ക് പോകണം.

അലാറം വച്ച് എണീറ്റ ഞാൻ എന്റെ ഡബിൾ ഡെക്കർ കട്ടിലിന്റെ മുകളിൽ തല നിറച്ചും ചുരുണ്ട മുടി വിതർത്തിയിട്ട് ധ്യാനത്തിലിരിക്കുന്ന ശ്രീ സത്യസായി ബാബയെ കണ്ട് ‘അയ്യോ’ എന്ന നിലവിളി ശബ്ദമിട്ടു.dyvia jose, memories, iemalayalam

‘എടിയേ, പേടിക്കണ്ട ഇത് ഞാനാ റോസ്…’ മുകളിൽ നിന്നും വന്ന അശരീരി എന്നെ ചിരിപ്പിച്ച് കളഞ്ഞു.

ശരിക്കും പറഞ്ഞാൽ അവൾക്കടെ മുടി വിടർത്തിയിട്ടാൽ ഏകദേശം സത്യസായി ബാബയുടെ മുടി പോലെ ചുരുണ്ട് ഇരിക്കും.

അങ്ങനെ ആശുപത്രിയിൽ രണ്ട് ഡിപ്പാർട്ട്മെന്റുകളിലായി ഞങ്ങൾ ജോലി തുടങ്ങി. എന്റെ കൂടെ പഠിച്ച ധന്യയും കുറച്ച് നാളിന് ശേഷം ജോയിൻ ചെയ്തു. പിന്നീട് രാഖി, മെറി തുടങ്ങിയവരും കൂടെച്ചേർന്നു. ഹോസ്റ്റലിൽ ഞാനും റോസും എപ്പോഴും നല്ല കൂട്ടായി .

കോഴിക്കോടിനെ പരിചയപ്പെടുത്തി തന്നത് കോഴിക്കോടുകാരിയായ അവൾ തന്നെയായിരുന്നു.

രണ്ട് മണി വരെയുള്ള ഡ്യൂട്ടി കഴിഞ്ഞാൽ ഓടിക്കിതച്ച് മാറ്റിനി കാണാൻ പോകുന്നത്… (സിനിമ കാണുന്നതിനിടയ്ക്ക് ആരേലും സ്ക്രാച്ച് ചെയ്യാൻ വന്നാൽ ഉണ്ണിയാർച്ച ആകുന്ന ധന്യയെ സമാധാനിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ ഒക്കെ ഓർത്ത് ചിരി വരുന്നു. ആദ്യമായി കോഴിക്കോട് വച്ച് കണ്ട സിനിമ ‘അകലെ’ എന്ന പൃഥിരാജ് സിനിമ ആയിരുന്നു. അതീന്ന് കിട്ടീതാ ബ്ലൂറോസ് എന്ന പേര്.)

സിനിമ കണ്ട് മടക്ക വഴി ന്യൂ സാഗറിൽ കയറി ബിരിയാണി കഴിക്കുന്നത്…

ഒഴിവ് ദിവസങ്ങളിൽ കോഴിക്കോട് ബീച്ചിൽ പോകുന്നത്… ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ചില്ലു ഭരണികളിൽ നിന്ന് വാങ്ങിക്കഴിക്കുന്നത്. ഷോപ്പിംങ്ങുകൾക്ക് പോകുന്നത്…

കാർണിവലിലെ ആകാശ ഊഞ്ഞാലിൽ കയറിയത്…ര വീന്ദ്രൻ മാഷിന്റെ അനുസ്മരണാർത്ഥം നടന്ന സംഗീത സന്ധ്യയ്ക്ക് പോയത്.

കാന്റീനിലെ മെസ്സിലേയ്ക്ക് പച്ചക്കറി വാങ്ങാൻ പോയി ചന്തയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നത്. മെസ്സില്ലാത്ത ദിവസങ്ങളിൽ പൊറോട്ടയും മീൻ കറിയും കൂട്ടിയുള്ള കോമ്പിനേഷൻ പഠിച്ചത്…

നെയ്ച്ചോറ്…

ഹൽവ…

അങ്ങനെയങ്ങനെ എത്ര മധുരമുള്ള ഓർമ്മകളാണ്…

അധികം ലീവ് കിട്ടാത്തതിനാൽ ബർത്ഡേയ്ക്ക് വീട്ടിൽ പോകാൻ പറ്റാത്ത വിഷമത്തിലിരിക്കുമ്പോൾ റോസിന്റെ ചാച്ചനും അമ്മയും ഫുഡ് കൊണ്ട് തന്നതൊക്കെ ഓർക്കുമ്പോൾ കരച്ചിലു വരും.

ഒരിക്കൽ ഞാനും ധന്യയും കൂടി റോസിന്റെ വീട്ടിൽ പോയി.

ഏറ്റവും രുചിയുള്ള കോഴിക്കോടൻ വിഭങ്ങൾ കൊണ്ട് അമ്മ വയറും മനസ്സും നിറച്ചു.

മഴ പെയ്ത് തോർന്ന വൈകുന്നേരം അവളുടെ കൊച്ച് നാടിന്റെ ഭംഗി മുഴുവൻ ഞങ്ങളെ കൊണ്ട് നടന്ന് കാണിച്ചു.

dyvia jose, memories, iemalayalam

കോഴിക്കോടിന്റെ രുചി ഭേദങ്ങളിൽ മയങ്ങി, അവിടത്തെ മനുഷ്യരുടെ നന്മ നിറഞ്ഞ സ്നേഹവായ്പിൽ മതിമയങ്ങി, വല്ലാത്തൊരു മൊഹബത്ത് ആ നാടിനോട് തോന്നിത്തുടങ്ങിയ സമയത്താണ്, അങ്ങ് കടലിനക്കരെ നിന്നും, ജയിംസ് ജോയ്സിന്റെയും യീറ്റ്സിന്റെയും, ലോക പ്രശസ്ത ബിയർ നിർമ്മാതാക്കളായ ഗിന്നസിന്റെയും അത്യപൂർവ്വമായ പ്രകൃതി ഭംഗികളെ മടിത്തട്ടിലൊളിപ്പിച്ചതുമായ അയർലണ്ടിൽ നിന്നും ഒരു വിളി വരുന്നത്!

സത്യം പറഞ്ഞാൽ നഴ്സിംഗ് രജിസ്ട്രേഷൻ പൂർത്തിയാവാനുള്ള ഏതാനും മാസങ്ങൾ മാത്രമേ, കോഴിക്കോട് ജോലി ചെയ്യാൻ പറ്റുകയുള്ളൂ എന്നറിയാമായിരുന്നെങ്കിലും, വളരെ പെട്ടെന്ന് തന്നെ ആ പുതിയ അന്തരീക്ഷത്തോട് വല്ലാത്ത ഒരു ഇഷ്ടത്തിലകപ്പെട്ട് പോയിരുന്നു.

ജോലി രാജി വെച്ച് വീട്ടിലെത്തുമ്പോൾ, അയർലണ്ടിലേയ്ക്കുള്ള നഴ്സിംഗ് രജിസ്ട്രേഷൻ പൂർത്തിയായി പിൻ നമ്പറടക്കം കൈയിൽ കിട്ടിയിരുന്നു. പിന്നീട് വിസ സ്റ്റാമ്പ് ചെയ്ത് കിട്ടാനുള്ള ദിവസം കണക്കു കൂട്ടി, ഫ്ളൈറ്റ് ബുക്ക് ചെയ്ത് കാത്തിരിപ്പായി.

പോകുമ്പോൾ കൊണ്ട് പോകാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ്. ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന മട്ടിലാണ് സാധനങ്ങൾ വാങ്ങി വയ്ക്കുന്നത്. ആരെക്കെയോ പറഞ്ഞതനുസരിച്ച് പ്രഷർ കുക്കർ മുതൽ ലെതർ ജാക്കറ്റ് വരെ തള്ളിക്കയറ്റിയ പെട്ടി, വിങ്ങിപ്പൊട്ടാറായ മുഖഭാവത്തോടെ മുറിയുടെ മൂലയ്ക്ക് റെഡിയായി കുത്തിയിരുപ്പായി.

‘നീ പോയാൽ,ഇനി പപ്പ കൊണ്ട് വരുന്ന ലഡുവും ജിലേബിയും, ഞായറാഴ്ച കപ്പയിട്ട് വയ്ക്കുന്ന പോർക്ക് അല്ലെങ്കിൽ ഏത്തയ്ക്കായ ഇട്ട് വരുത്തരച്ച് വയ്ക്കുന്ന ബീഫ്, ഇതെല്ലാം ഞാനൊറ്റയ്ക്ക് കഴിക്കണമല്ലോ എന്നോർക്കുമ്പോഴാടീ എനിക്ക് സങ്കടം,’ എന്ന് പറഞ്ഞ് അനിയൻ എന്നെ നിരന്തരം സാന്ത്വനപ്പെടുത്തി.

‘അവിടെച്ചെന്നാലും റോഡ് ക്രോസ് ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ടേ റോഡ് മുറിച്ച് കടക്കാവൂ.  പരിചയമില്ലാത്ത ആളുകളോട് (അയർലണ്ടിലേ…) അധികം മിണ്ടാൻ നിൽക്കണ്ട, അറിയാത്ത സ്ഥലമായത് കൊണ്ട് സന്ധ്യയ്ക്ക് മുമ്പ് വീട്ടിലെത്തണം’ തുടങ്ങിയ നിരന്തരമായ ഉപദേശങ്ങൾ കൊണ്ട് മാതാജി എന്നെ പക്വമതി ആക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതയായി.

പിതാവാകട്ടെ, ഉന്നതമായ ചിന്തകൾ വച്ച് പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചം സാംസ്കാര സമ്പന്നമായ പെരുമാറ്റങ്ങൾ കൊണ്ട് സായിപ്പന്മാരേയും മദാമ്മമാരേയും വരെ ഇംപ്രസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമയം കിട്ടുമ്പോഴെല്ലാം ഓർമ്മപ്പെടുത്തുന്നതിൽ വളരെ വലിയ ആവേശം കാണിക്കുന്നതായി രേഖപ്പെടുത്തി.

ഇതെല്ലാം കുറച്ച് ദിവസത്തേയ്ക്ക് കേട്ടാൽ മതിയല്ലോ എന്ന ചിന്ത, ഈ വൈതരണികളെയെല്ലാം മറി കടക്കുവാൻ എന്നെ സഹായിച്ചു.

അങ്ങനെ കാത്ത് കാത്തിരുന്ന ദിവസം എത്തി.

കെട്ടിപ്പിടിക്കൽ, കരച്ചിൽ, ഉപദേശങ്ങളുടെ ഫൈനൽ ലാപ്പ് എന്നിവയ്ക്ക് ശേഷം കുടുംബ സമേതം എയർപോർട്ടിലേയ്ക്ക്.

dyvia jose, memories, iemalayalam

അയർലണ്ട്.

2004 നവംബറിൽ അയർലണ്ടിലേയ്ക്ക് വിമാനം പിടിക്കുമ്പോൾ, അയർലണ്ട് എന്ന രാജ്യത്തിനെക്കുറിച്ച് ഒരു കുന്തവും അറിയില്ലായിരുന്നു. ഒരു യൂറോപ്യൻ രാജ്യം, പഠിച്ചിറങ്ങിയമ്പോൾ തന്നെ യൂറോ കിട്ടുന്ന ഒരു ജോലി, വീട്ടിൽ നിന്നും മൈലുകൾക്കപ്പുറത്തേയ്ക്ക് പോകുന്ന സ്വാതന്ത്ര്യത്തിന്റെ ചെറിയ സന്തോഷം, പക്ഷേ, നന്നായി ദുഃഖം അഭിനയിച്ചാണ് പടിയിറങ്ങിയതെന്ന് പറയാതെ വയ്യ.

പുതിയ ആളുകൾ, അതായത് മദാമ്മമാരും സായിപ്പമ്മാരും എന്നന്ന് വിളിക്കുന്ന കൂട്ടരുടെ കൂടെ ജീവിക്കാമല്ലോ എന്ന ചിന്ത, പുതിയ കാഴ്ചകൾ അതൊക്കെയായിരുന്നു മനസ്സിൽ. നഴ്സിംഗ് റജിസ്ട്രേഷൻ ലഭിച്ച്, ജോലിയും കരാറായിട്ടായിരുന്നു ഇവിടേക്ക് വരാൻ തീരുമാനമായത്. വീട്ടിലെല്ലാവർക്കും ആശങ്കകളുണ്ട്. പുതിയൊരു സ്ഥലത്തേയ്ക്ക്, ഇത്രയധികം ദൂരത്തേയ്ക്ക് മാറി നിൽക്കുന്നതിന്റെ ആശങ്കകൾ.

ജോലിയെക്കുറിച്ചോ അവിടെച്ചെന്നാൽ ശുശ്രൂഷിക്കേണ്ട രോഗികളെക്കുറിച്ചോ ആത്മവിശ്വാസത്തെക്കുറിച്ചോ ഒരു തരിമ്പും ആകുലകളില്ലാതെ സ്വന്തം മെട്രോപോളിറ്റൻ സിറ്റിയിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് വിമാനം കയറുന്നു.

മ്യൂണിച്ചിൽ നിന്ന് ഡബ്ലിനിലേയ്ക്കുള്ള ഫ്ലൈറ്റ് കാത്തിരിക്കേ, ക്ഷീണവും സമയത്തിലുള്ള വ്യത്യാസവുമെല്ലാം ചേർന്ന് അവശതയായ ഞാൻ അവിടെക്കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു. അന്നും ഇന്നും ഉറക്കം വന്നാൽ നിന്നാണെങ്കിലും ഞാൻ ഉറങ്ങും. ആരോ വന്ന് തട്ടി വിളിച്ച് ജർമ്മൻ ഭാഷയിൽ എന്തൊക്കെയോ പറയുന്നു. ഞാൻ വീട്ടിലെ മുറിയിലെ കട്ടിലാണോ, ഹോസ്റ്റലിലെ മുറിയിലാണോ എന്നൊന്നും തിട്ടം പോരാതെ എണീറ്റ്, ഇതെന്താ സായിപ്പ് ഇവിടെ എന്ന മട്ടിൽ കക്ഷിയെ നോക്കുന്നു.

‘ഡിവ്യ ഹോസെ…ഡിവ്യ ഹോസെ… ഈ വിമാനത്താവളത്തിന്റെ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ, സ്റ്റേജിന്റെ പുറകുവശത്ത് അടിയന്തിരമായി റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു’ എന്ന് വിമാനക്കമ്മിറ്റിക്കാര് ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയുന്നത് കേട്ടതും ബോധം വന്ന ഞാൻ പെട്ടിയുമെടുത്ത് സ്റ്റാർട്ടാക്കി നിർത്തിയിരിക്കുന്ന വിമാനത്തിൽ ഓടിച്ചെന്ന് കയറി. അതിനകത്തും തലകുത്തി കിടന്ന് ഉറക്കം പിടിക്കുന്നു.

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് ഡബ്ലിനിൽ, ആ രാത്രി അവിടെ തങ്ങി, പിറ്റേന്ന് രാവിലെ കൗണ്ടി ടിപ്പരേറിയിലുള്ള ക്ലോൺമെൽ എന്ന സ്ഥലത്തേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻറും പിതാജിയുടെ സുഹൃത്തുമൊന്നിച്ച് റോഡ് മാർഗ്ഗം യാത്ര തിരിക്കുന്നു.

നവംബർ മാസം ഇല പൊഴിച്ച് കളഞ്ഞ മരങ്ങൾ, റോഡിനിരുവശവും വരിവരിയായി നിൽക്കുന്നു… പഴയ വിക്ടോറിയൻ മാതൃകയിൽ നില കൊള്ളുന്ന മങ്ങിയ കെട്ടിടങ്ങൾ, ചെറിയ പട്ടണങ്ങൾ, തിരക്കില്ലാത്ത വഴികൾ, ഇരുണ്ടു മൂടിക്കെട്ടിയ അന്തരീക്ഷം. ഇതാണോ സോ കോൾഡ് യൂറോപ്പ്? എന്ന ചിന്തയിൽ ഞാൻ പുറത്തോട്ട് നോക്കി ആശ്ചര്യപ്പെടുന്നു.

പതിയെ പതിയെ സിറ്റിയിൽ നിന്നും ഗ്രാമ്യാന്തരീക്ഷത്തിലേയ്ക്ക് കടക്കുന്നു.

ഇടയ്ക്കിടെ റോഡിനിരുവശത്തും തെളിയുന്ന വിശാലമായ കൃഷിസ്ഥലങ്ങൾ, കടുകുപാടങ്ങൾ, പുല്ല് മേയുന്ന പശുക്കൾ, ചെമ്മരിയാടുകൾ, മനോഹരങ്ങളായ മലകൾ, ചെറിയ നദികൾ, അരുവികൾ, പിന്നെയും ചെറിയ പട്ടണങ്ങൾ, ഇടുങ്ങിയ വഴികൾ എല്ലാം പിന്നിട്ട് രണ്ട് മൂന്ന് മണിക്കൂറു കൊണ്ട് ക്ലോൺമെല്ലിൽ എത്തി.

ഏകദേശം 175 ഓളം കിലോമീറ്റർ, രണ്ട് മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേർന്നു. വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുള്ള പൊതുനിരത്തുകളും, ട്രാഫിക് നിയമങ്ങൾ അതീവ ജാഗ്രതയോടെ പാലിച്ച് കൊണ്ട് വാഹനമോടിക്കുന്നവരും എനിക്ക് പുതുമയുള്ള കാഴ്ചയായിരുന്നു എന്നതിൽ അതിശയോക്തി ഒന്നുമില്ല.

dyvia jose, memories, iemalayalam

എന്റെ മനസ്സിലേയ്ക്ക്, അങ്കമാലിയിലെ ടി.ബി. ജംഗ്ഷനിലൂടെ, വെളുത്ത അംബാസിഡർ കാറിൽ, ഡ്രൈവിംഗ് പഠിക്കാൻ പോയ കുറച്ച് ദിവസങ്ങൾ ചുമ്മാ ഓടിയെത്തി. തിക്കും തിരക്കും, ഒരു ദാക്ഷിണ്യവുമില്ലാത്തെ ഹോണടിച്ച് കാത് പിളർക്കുന്നവരും, ഒരു ഗ്യാപ്പ് കിട്ടിയാൽ അതിലൂടെ തിക്കിത്തിരക്കുന്ന ഇരുചക്രവാഹനങ്ങളും, അതിനിടയിലൂടെ, ‘ക്ലച്ച് ചവിട്ടുമ്പോൾ ബ്രേക്ക് പിടിക്കരുത്, ആക്സിലേറ്ററിൽ അമർത്തുമ്പോൾ, ബ്രേക്കിൽ ഒരു കാല് വച്ചേക്കണം,’ എന്നെന്തൊക്കെയോ വിളിച്ച് പറയുന്ന ഡ്രൈവിംഗ് മാഷിനോട്, എനിക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.

‘നമുക്ക് വണ്ടിയില്ലാത്ത റോഡിൽ ഡ്രൈവിംഗ് പഠിച്ചാ പോരെ?’

‘ദക്ഷിണ വേണേ തിരിച്ച് തരാം. ഇമ്മാതിരി ഉടായിപ്പുമായി ഇനി ഡ്രൈവിംഗ് പഠിക്കാൻ വരണമെന്നില്ല,’ എന്ന ഗുരുവാചകം ഒരു നിമിഷം വൃഥാ എന്റെ നോമുകുരങ്ങളിൽ ഒന്ന് കൂടി തെളിഞ്ഞു വന്നു.

ജോലി സ്ഥലത്തിനോട് ചേർന്ന് തന്നെ മുറി.

വേറെയും മലയാളികൾ മറ്റ് മുറികളിൽ ഉണ്ടെന്നുള്ളത് ആശ്വാസമായി. കോട്ടയത്തു നിന്നും കട്ടപ്പനയിൽ നിന്നും അങ്കമാലിയിൽ നിന്നുമൊക്കെയുള്ള അവരൊക്കെയായിരുന്നു പിന്നീടുള്ള സമാധാനം.

‘ഹോ… ഇവിടെ നൂറ് വയസ്സായ അപ്പച്ചന്മാരും അമ്മച്ചിമാരും വരെ ഇംഗ്ലീഷാ പറയുന്നത്,’ എന്ന് നെടുവീർപ്പിടുന്ന നിഷ്കളങ്കമായ തമാശയും, ‘കട്ടപ്പനയിലുള്ളത്ര തണുപ്പൊന്നും അയർലണ്ടിലില്ല മക്കളേ,’ എന്നുമൊക്കെ പറഞ്ഞ് ചിരിക്കുന്ന കുറേയേറെ സൗഹൃദങ്ങൾ!

അതൊരു പുതിയ ലക്ഷ്വറി നഴ്സിംഗ് ഹോമായിരുന്നു. എൺപതും തൊണ്ണൂറും നൂറും ഒക്കെയായി ജീവിതത്തിന്റെ സായാഹ്നത്തിൽ പിച്ച വച്ച് നടക്കുന്ന കുറെ മുതിർന്ന കുഞ്ഞുങ്ങൾ എന്നാണ് അവരെ കാണുമ്പോൾ എന്നും ഓർക്കുന്നത്.

രാവിലെ പ്രഭാത ഭക്ഷണം കഴിക്കാനും രാത്രിയിലെ ഉടുപ്പുകൾ മാറി, ഒന്ന് ഫ്രഷ് ആവാനും ചെറിയ ചെറിയ സഹായം മാത്രം ആവശ്യമുള്ളവരാണ് അധികവും.

സ്ഥിരമായി എനിക്ക് മൂന്നോ നാലോ രോഗികളുടെ അടുത്താണ് രാവിലെ പോകേണ്ടി വരുന്നത്. അവർ ഭക്ഷണം കഴിക്കുമ്പോഴും ഫ്രഷ് ആകുമ്പോഴും നമ്മോട് വാ തോരാതെ സംസാരിച്ച് കൊണ്ടിരിക്കും.

ഒരിച്ചിരി മുൻ ശുണ്ഠിക്കാരിയെന്ന് എല്ലാവരും കരുതുന്ന കിറ്റി – അവരുമായി ആദ്യത്തെ ദിവസം തന്നെ കൂട്ടായി. ആ നഴ്സിംഗ് ഹോമിലെ പ്രായം കുറഞ്ഞ ചിലരിൽ ഒരാളായിരുന്നു അവർ. ഒരപകടത്തെത്തുടർന്ന് അരയ്ക്കു കീഴെ തളർന്ന് പോയി. യൗവനം വിടുന്നതിനു മുമ്പേ, ഇങ്ങനെ ഒരവസ്ഥയിലായിപ്പോയതിന്റെ ദു:ഖമൊന്നും അവർക്കില്ല. പക്ഷേ, എല്ലാക്കാര്യങ്ങളും വളരെ വൃത്തിയും ചിട്ടയായും ശീലിച്ച അവർക്ക് പൊതുവെ ഒരു കാർക്കശ്യ സ്വഭാവത്തിന്റെ ആവരണം മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കാൻ കുറച്ച് മണിക്കൂറുകളേ വേണ്ടി വന്നിരുന്നുള്ളൂ.

പ്രഭാത കർമ്മങ്ങൾക്കു ശേഷം അവർ മുറിയിൽ തന്നെ വായനയും പാട്ടുമൊക്കെയായി കൂടും. ഇടയ്ക്ക് ചെല്ലുന്ന എന്നോടും വിശേഷങ്ങൾ പറയും.

മറ്റ് താമസക്കാരിൽ കുറേയേറെപ്പേർ, വലിയൊരു ഡേ റൂമിൽ വന്നിരിക്കും. അവിടെ വലിയൊരു പിയാനോ ഉണ്ട്. ചിലർ മുറിയിൽ തന്നെ ഇരുന്നു കളയും.

ഇവിടെയും സൗഹൃദം പങ്കിടുന്നവരുണ്ട്. എന്നും ഭക്ഷണമേശ പങ്കിടുന്ന നാല് പേരുണ്ടായിരുന്നു. അവരുടെ സൗഹൃദം കാണുമ്പോഴെ ഒരു സന്തോഷം തോന്നും. അവരിൽ ആരെങ്കിലുമൊരാൾ പനിയോ മറ്റോ വന്ന് മുറിയിൽ തന്നെ ഇരിപ്പായാൽ, മറ്റ് മൂന്ന് പേരും മൗനികളായി കഴിച്ച് കൂട്ടും.

dyvia jose, memories, iemalayalam

ഒഴിവു സമയങ്ങളിൽ ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടാകും. ചെറുപ്പകാലത്തെക്കുറിച്ചും കൗമാര – യൗവനകാലങ്ങളെക്കുറിച്ചും, പ്രണയം, വിവാഹം, മക്കൾ, അവരുടെ മക്കൾ, ജീവിതത്തിൽ സംഭവിച്ച് പോയ ദുരന്തങ്ങൾ, അസുഖങ്ങൾ എന്നിവയൊക്കെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കുറച്ച് പേരുണ്ടായിരുന്നു.

ഏതാനും മാസങ്ങൾ മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളുവെങ്കിലും, അയർലണ്ട് എന്ന രാജ്യത്തെക്കുറിച്ച് അതിന്റെ ചരിത്രം, സംസ്ക്കാരം, ഓരോ ദേശത്തിന്റെയും പ്രത്യേകതകൾ, ഭക്ഷണ രീതികൾ, യാത്രാ രീതികൾ, കാലാവസ്ഥ, രാഷ്ട്രീയം, കൃഷി തുടങ്ങി ഒത്തിരിയേറെ കാര്യങ്ങൾ ഈ ഇൻമേറ്റ്സിലൂടെ അറിയാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വിലമതിക്കുന്ന ഒന്നായി കാണുന്നത്.

ഈ പറഞ്ഞ ജോലി സ്ഥലത്തിനടുത്ത് ഒരു കോട്ടേജ് ഉണ്ടായിരുന്നു. മാഗിയും അവരുടെ ഭർത്താവ് ജയിംസും ആണ് അവിടെ താമസിച്ചിരുന്നത്. കൂട്ടിന് ഒരു പട്ടിയും. കോട്ടേജ് എന്ന് പറയുമ്പം വളരെ ചെറിയ, പഴക്കം ചെന്ന രണ്ട് മുറികൾ മുകളിലും, എപ്പൊഴും ആവി പറക്കുന്ന ഒരു കെറ്റിലുള്ള അടുക്കള, പുക മണം തിങ്ങി നിൽക്കുന്ന ഒരു ഇരിപ്പുമുറി, ചുമരിൽ പഴയ ചിത്രങ്ങൾ, എരിയുന്ന ഒരു നെരിപ്പോട്, മുറ്റം നിറച്ചും പല നിറത്തിലുള്ള ചെടികൾ. ഇതൊക്കെയാണ് അവരുടെ സ്വർഗ്ഗരാജ്യത്തെ അടയാളപ്പെടുത്തുന്നത്.

അവർ ഇടയ്ക്കിടെ ഞാൻ ജോലി ചെയ്യുന്നിടത്ത് വരികയും അവിടെയുള്ളവരോട് കുറേ നേരം വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യും. ക്രമേണ ഞാനുൾപ്പെടുന്ന മലയാളികളോടും അവർ സൗഹൃദത്തിലായി. അവർക്ക് വളരെ സ്നേഹമായിരുന്നു.

ഒരു ഞായറാഴ്ച ദിവസം, ഏകദേശം രണ്ട് രണ്ടര കിലോമീറ്റർ അകലെയുള്ള പള്ളിയിലേയ്ക്ക് പോരാനായി അവർ ഒരു ലിഫ്ട് ഓഫർ ചെയ്യുന്നു. ഉടത്തൊരുങ്ങി അവരുടെ കൂടെ പോകാൻ തീരുമാനിക്കുന്നു. അയർലണ്ടിലെ ഒരു പള്ളി ആദ്യമായി കാണുന്നത് അന്നാണ്.

വലിയ പള്ളി, കുറച്ച് ആളുകൾ. അതിൽ തൊണ്ണൂറു ശതമാനവും പ്രായം എഴുപതിന് മുകളിലുള്ളവർ മാത്രം എന്ന് പ്രത്യേകം ശ്രദ്ധിച്ചു. കുർബാനയൊക്കെ കഴിഞ്ഞ് തിരിച്ച് പോരുന്നേരം, ഒരു കടയിൽ നിന്നും ഞായറാഴ്ച്ചപ്പത്രവും പാലും ബ്രഡും ഒക്കെ വാങ്ങി ജയിംസ് ചുറുചുറുക്കോടെ ഓടിച്ചാടി നടക്കുന്നു.

മാഗി വാ തോരാതെ സംസാരിക്കുന്ന പ്രകൃതമാണ്. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലേയ്ക്ക് വരുന്ന വഴി മാഗി പറയുന്നു.

‘ദിവ്യ, നിനക്കറിയാമോ ജയിംസിന് ഈ വർഷം എൺപെത്തിയെട്ടും എനിക്ക് എൺപത്തിയഞ്ചും വയസ്സാകുന്നു.’

‘ദൈവമേ… എൺപത്തിയെട്ടു വയസ്സുള്ള ഒരാൾ ഓടിക്കുന്ന കാറിലാണോ ഞാൻ ഇരിക്കുന്നത് എന്നോർത്തപ്പം ഒരു വിറയൽ പോലെ എനിക്ക് തോന്നി. പിന്നെ മാഗി പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എൺപത് വയസ്സ് കഴിഞ്ഞാ മുത്തപ്പൻമ്മാരായി എന്നും പറഞ്ഞ് വീട്ടിലിരിക്കുന്ന നാട്ടിലെ ഓൾഡ് ബഡീസിനെ മനസ്സിലോർത്തു.

ജയിംസിന്റെ കൈ വിറയ്ക്കുന്നുണ്ടോ, കാറ് സൈഡിലേയ്ക്ക് പാളുന്നുണ്ടോ മുമ്പിൽ നിന്ന് മറ്റ് വണ്ടികൾ വരുമ്പോൾ ജയിംസ് പതറുന്നുണ്ടോ എന്നൊക്കെയായി എന്റെ ആവലാതി. ക്ലച്ചും ഗിയറും ബ്രേക്കുമൊക്കെ ഓപ്പറേറ്റ് ചെയ്യുന്നതിൽ എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ ജയിംസിനുണ്ടായേക്കുമോ എന്ന ചിന്തയിൽ ഞാൻ ഞെരിപിരി കൊള്ളാൻ തുടങ്ങി.

എങ്ങിനെയെങ്കിലും വീട്ടിലെത്തിയാ മതി എന്ന ചിന്തയിൽ ഞാൻ വെപ്രാളപ്പെട്ടു. ഇതെല്ലാം പുറമേ കാണിക്കാതെ, മാഗി പറയുന്നതിനൊക്കെ മറുപടി പറയുക എന്ന വീരകൃത്യവും സദാ സമയം എനിക്ക് ചെയ്യേണ്ടതായുണ്ടാർന്നു.

കാറിൽ നിന്ന് ഇറങ്ങിയ, ആ തണുത്ത് വിറച്ച ജനുവരിയിലും നിന്ന് വിയർക്കുന്ന എന്റെ പരിഭ്രാന്തി, എങ്ങിനെ ഒളിപ്പിക്കുമെന്നോർത്ത് ഞാൻ വീണ്ടും വിയർത്തു.

‘ആർ യു ഓകെ?’ എന്ന് മാഗി.

‘ഓഫ് കോഴ്സ് അയാം ദ ഒകെ ഓഫ് ഡെഫിനിറ്റിലി ബൈ ദ റ്റുമാറോ ആൻറ് ഫുഡ് ആൻറ് അകൊമൊഡേഷൻ,’ എന്നെന്തൊക്കെയോ പറഞ്ഞ് കൊണ്ട് ഞാനവിടെ നിന്ന് വാനിഷ് ആയി.

dyvia jose, memories, iemalayalam

പിന്നീട് മനസ്സിലാക്കിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. അറുപത് വയസ്സുള്ളവരെയും Young Age എന്നാണ് ഇവിടെ പറയുന്നത്. എൺപതിലും തൊണ്ണൂറിലും പാറിപ്പറന്ന് നടക്കുന്ന സ്ത്രീകളും പുരുഷന്മാരും വിരളമല്ല. ഈ പ്രായത്തിൽ പോലും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. വർഷാ വർഷം പ്ലാൻ ചെയ്ത് ഹോളിഡേയ്ക്ക് പോകുന്നവരുണ്ട്. സൈക്ലിംഗും ട്രെക്കിംഗും നടത്തുന്നവരുണ്ട്.

ട്രെക്കിംഗിന്റെ കാര്യം പറഞ്ഞപ്പോഴാണ് മാഗിയുടെ ഒരു മരുമകളുടെ കാര്യം ഓർമ്മ വന്നത്. അവർ അൻപത് പ്ലസ് വയസ്സുള്ള ഒരു സ്ത്രീയാണ്. ഒരു ദിവസം വെറുതെ നടക്കാനിറങ്ങിയ ഞാൻ മാഗിയുടെ വിട്ടുമുറ്റത്തെത്തുന്നു. ഫെബ്രുവരി കഴിഞ്ഞ് മാർച്ച് – മാർച്ചര മാസം. കൊടിയ തണുപ്പു മാറി, പതിയെ സൂര്യൻ പമ്മി പമ്മി വരാൻ തുടങ്ങിയിട്ടുണ്ട്.

മരങ്ങളിൽ ഇലകൾ തളിർക്കുകയും മൊട്ടുകൾ പൂവുകളാകാൻ തിരക്കിടുകയും ചെയ്യുന്നു. ഭൂമിയിൽ പറ്റിച്ചേർന്ന് ഒളിച്ചിരുന്ന പുൽക്കൊടികൾ പോലും തല നീട്ടി പൂവായി തെളിഞ്ഞ് നിൽക്കുന്നു.

മാഗി, തന്റെ മുറ്റത്ത് നട്ട ചെടികളിൽ വെള്ളമൊഴിച്ചും മൂട് കിളച്ചും അതിക്രമിച്ച് കയറിയ ഒച്ചുകളെ തോണ്ടിക്കളഞ്ഞും നിൽക്കുന്നു. ജയിംസ് നായയുമായി നടക്കാൻ പോകുന്നത് വരുമ്പോഴെ കണ്ടു. എന്നെ കണ്ട വഴി മാഗി സന്തോഷം പ്രകടിപ്പിച്ചു.

നടക്കാനിറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ഒരാളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞതും ഒരു അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആറടിയിലേറെ പൊക്കമുള്ള ഒരു സ്ത്രീ വീട്ടിൽ നിന്നും ഇറങ്ങി വന്നു.

‘ഇതെന്റെ മരുമകൾ – ട്രീസ,’ എന്ന് പറഞ്ഞ് പരസ്പരം ഞങ്ങളെ പരിചയപ്പെടുത്തി.

‘ഷി ഈസ് ഗോയിംഗ് ഫോർ എ ഷോർട്ട് ട്രെക്ക്. ഡു യു വാണ്ട് റ്റു ജോയിൻ?’

‘വൈ നോട്ട്,’ പണ്ട് ദു:ഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറാൻ പോയ അനുഭവസമ്പത്തിന്റെയും ആത്മവിശ്വാസത്തിന്റെയും താങ്ങാനാകാത്ത ഭാരം നിറഞ്ഞ എന്റെ മറുപടി ഉടനടി വന്നു.

അതൊക്കെ വച്ച് നോക്കുമ്പോൾ, ഇതൊക്കെ എന്ത് എന്ന മട്ടിൽ, കുറച്ച് എന്നെപ്പറ്റി പുകഴ്ത്തിപ്പറയാനും ഈയവസരം ഞാൻ ഗംഭീരമായി പ്രയോജനപ്പെടുത്തി.

ബൂട്ടും ഗ്ലൗസുമെല്ലാം മാഗി തന്നു.

ട്രീസയും  ഞാനും നടക്കാൻ തുടങ്ങി.

ഇന്ത്യയെക്കുറിച്ചൊക്കെ നല്ല മതിപ്പാണ് കക്ഷിക്ക്. അവരുടെ സുഹൃത്തിന്റെ ഒരു മകൻ ഇന്ത്യാക്കാരിയെയാണ് കെട്ടിയിരിക്കുന്നത്. ഇന്ത്യൻ കറികളെക്കുറിച്ചും സാരിയെക്കുറിച്ചും ഒക്കെ ചോദിക്കുന്നു. ഞാനാണെങ്കിൽ അവസരത്തിനൊത്ത് പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ് കൊടുക്കുന്നു.

അങ്ങിനെ ആദ്യ അര മണിക്കൂർ ജോളിയായി നടന്നു.dyvia jose, memories, iemalayalam

ഇനി ചെറിയ ഒരു കുന്നാണ്. ആളുകൾ നടന്നുണ്ടായ ചില വഴികളിലൂടെ ഞങ്ങൾ മുകളിലേയ്ക്ക് നടന്നു. എനിക്ക് കുറേശ്ശേ അണപ്പും മസിലുകളിൽ വലിവും തോന്നിത്തുടങ്ങി. മുന്നിൽ കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന മൊട്ടക്കുന്നുകളും ഇറക്കങ്ങളും പശുക്കളും ആടുകളും മേയുന്ന പാടങ്ങളും നോക്കി ട്രീസ ദീർഘശ്വാസമെടുത്ത് രണ്ട് നിമിഷം കണ്ണടച്ചു.

പുതിയ വല്ല ആചാരമായിരിക്കുമോ എന്ന് കരുതി ഞാനും അതാവർത്തിച്ചു. പുല്ല് വെട്ടിയതിന് ശേഷമുള്ള, ഒരുതരം പച്ച മണം കിട്ടിയതല്ലാതെ പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല എന്ന് നല്ല ഓർമ്മ ഉണ്ട്.

‘ഇവിടുന്നാണ് നമ്മൾ നടക്കാൻ തുടങ്ങുന്നത്. യു കാൻ സീ ലോട്ട് ഓഫ് തിംഗ്സ്… കുന്നുകൾ, പലതരം ചെടികൾ, മരങ്ങൾ, അരുവികൾ, മുയലുകൾ, കുറുക്കന്മാർ, കൃഷി സ്ഥലങ്ങൾ അങ്ങിനെ പലതും…’

‘എന്തൂട്ട്… എനിക്ക് വീട്ടി പോണം,’ എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ആ പ്രത്യേക സാഹചര്യത്തിൽ ശബ്ദം പുറത്ത് വന്നില്ല. പിന്നെ രണ്ട് രണ്ടര മണിക്കൂർ, നടന്നു. ആദ്യത്തെ ഒരു മണിക്കൂർ ഒരു വിധേനയും രണ്ടാം മണിക്കൂർ പീഡാനുഭവവും ആയിരുന്നു എന്ന് ഒരിക്കലും മറക്കില്ല.

കാലുകളിലെ ഞരമ്പുകളിൽക്കൂടി രക്തം പായുന്നതും ഹൃദയം ഓവർ സ്പീഡാകുന്നതും മസിലുകളിൽ വേദന നിറയുന്നതും പുറത്ത് കാണിക്കാതെ ബാക്കി ഒരു മണിക്കൂർ ട്രീസയുടെ ഒപ്പം നടന്നെത്താൻ ഞാൻ വിഷമിച്ചു.

ഭൂമി ഉരുണ്ടതാണെന്ന് എനിക്കന്ന് ഒന്നുകൂടി മനസ്സിലായി. പോയ ദിശയിലല്ല, വന്ന് കയറിയത്.

കണ്ടപാടെ മാഗി ഇറങ്ങി വന്നു.

‘എങ്ങിനെയുണ്ടായിരുന്നു. Did you enjoy the walk?’

‘വളരെ’ എന്ന ഒരു ഗദ്ഗദം എന്റെ വായിൽ നിന്ന് വന്നു.

ഒരു കണക്കിന് താമസസ്ഥലത്തെത്തിയതേ എനിക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് ജോലിയില്ലാതിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. ഉച്ചയായപ്പോഴാണ് ഒന്നെണീക്കാൻ പറ്റിയത്.

രണ്ട് ദിവസം കഴിഞ്ഞ് അവരുടെ ബൂട്ടും ഗ്ലൗസ്സും തിരിച്ച് കൊടുക്കാൻ ചെന്ന എന്നോടവർ പുതിയൊരു വാർത്ത പറഞ്ഞു.

ഈ വീക്കെന്റിലും അവരുടെ മരുമകൾ നടക്കാൻ വരുന്നണ്ടത്രേ… എന്നോട് ചെല്ലാൻ!

‘ഇല്ല മാഗി… എന്റെ അമ്മായീടെ മൂത്ത മകന്റെ പെങ്ങടെ കസിന്റെ ഒരു ബ്രദർ ഡബ്ലിനിൽ വരുന്നുണ്ട്. എയർപോർട്ടിൽ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്,’ എന്നും പറഞ്ഞ് സത്യത്തിൽ ഞാൻ ഓടുകയായിരുന്നു.

പിറ്റത്തെ കൊല്ലം നാട്ടിൽ ചെന്നപ്പോൾ, അനിയൻ, ആ വർഷം അവനും കൂട്ടുകാരും മലയാറ്റൂർ മല കയറാൻ പോയ കഥ പറഞ്ഞു.

പണ്ട് മലയാറ്റൂർ മല കയറിയ ധൈര്യത്തിൽ ട്രെക്കിംഗ്ന് പോയ എന്റെ കഥ കഴിഞ്ഞ കഥ ഞാനും പറഞ്ഞു. അത് കേട്ട് ഒരു രാവും പകലും അവൻ ചിരിച്ച് നടന്നു.

*ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന ചില വ്യക്തികളുടെ സ്വകാര്യത മുൻനിർത്തി, അവരുടെ പേരിലും അവരെ തിരിച്ചറിയാനുതകുന്ന തരത്തിലുള്ള വിശദാംശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Memories dyvia jose kozhikode ireland

The moderation of comments is automated and not cleared manually by malayalam.indianexpress.com