/indian-express-malayalam/media/media_files/2025/02/22/cbl-part-4-1-958133.jpg)
ഫൊട്ടൊകൾ- ദിനകർ സുധാകരൻ
വള്ളസമിതികളുടെ അതേ അവസ്ഥയിൽ അല്ലെങ്കിൽ അല്പം കൂടി കഷ്ടമാണ് ബോട്ട് ക്ലബ്ബുകളുടെയും സ്ഥിതി. കാലാനുസൃതമായി സർക്കാർ ബോണസ് കൂട്ടാത്ത് ക്ലബ്ബുകളെ കാര്യമായി അലട്ടുന്നുണ്ട്. ഇനി നൽകുന്ന ബോണസാകട്ടെ കൃത്യമായി നൽകുന്നുമില്ല. ഇതോടെയാണ് പല തുഴച്ചിൽ ക്ലബ്ബുകളുടെയും പ്രവർത്തനം താളം തെറ്റുന്നത്.
ഇത്തവണ നെഹ്‌റു ട്രോഫി മത്സര വള്ളംകളിയുടെ ബോണസ്, ജലമേള കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടട്ടും നൽകിയിട്ടില്ല. ചില സിബിഎൽ മത്സരങ്ങളുടെ ബോണസും നൽകിയിട്ടില്ല. അടുത്ത വള്ളംകളി സീസൺ ആയിട്ടും, കിട്ടാനുള്ള തുകപോലും ലഭിക്കാത്തത് ബോട്ട് ക്ലബ്ബുകളെ ആകെ മൊത്തം പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
സ്‌പോൺസർമാരെയും കിട്ടാനില്ല
ഓരോ വർഷം പിന്നടുമ്പോഴും ചെലവ് കൂടുന്നതിനനുസരിച്ച് വരവില്ലാത്തതാണ് ബോട്ട് ക്ലബ്ബുകളെ പ്രതിസന്ധിയിലാക്കുന്നത്. ഒരു സീസൺ പൂർത്തിയാക്കാൻ 80 ലക്ഷം മുതൽ ഒന്നേകാൽ കോടി രൂപവരെയാണ് ബോട്ട് ക്ലബ്ബുകൾക്ക് ചെലവാകുന്നത്. എന്നാൽ, ഇതിന്റെ പകുതി തുക പോലും മത്സരങ്ങൾ പിന്നിടുമ്പോൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ബോട്ട് ക്ലബ്ബ് ഭാരവാഹികൾ പറയുന്നു.
സ്‌പോൺസർമാരുടെ അഭാവവും ക്ലബ്ബുകളെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ കിട്ടിയ സ്‌പോൺസറെ നെഹ്‌റുട്രോഫി മത്സരം മാറ്റിവെച്ചതിനെ തുടർന്ന് തങ്ങൾക്ക് നഷ്ടമായെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ആക്ടിങ് സെക്രട്ടറിയും ട്രഷററുമായ എൻ.ടി വിവേകാനന്ദൻ പറയുന്നു. ഒരു കമ്പനി നെഹ്‌റു ട്രോഫിക്ക് സ്‌പോൺസർഷിപ്പ് നൽകാമെന്ന് സമ്മതം അറിയിച്ചതാണ്. പക്ഷെ നെഹ്‌റു മാറ്റിവെച്ചതും പിന്നീട് മത്സരം സംബന്ധിച്ചുള്ള അവ്യക്തതയും കാരണം അവർ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറി. ഇതോടെ വീണ്ടും വൻ ബാധ്യതയിലേക്ക് ക്ലബ് പോയി- വിവേകാനന്ദൻ പറഞ്ഞു.
ചെലവ് കൂടുന്നു...വരവ് കുറയുന്നു
ഒരുവള്ളംകളി സീസണിൽ ഒരു ക്ലബ്ബിൽ തുഴച്ചിൽക്കാർ, പരിശീലികർ അടക്കം പരമാവധി 100 മുതൽ 120 പേരെയാണ് തിരഞ്ഞെടുക്കുന്നത്. ടീം സെലക്ഷൻ മാർച്ച്-എപ്രിൽ മാസങ്ങളിൽ പൂർത്തിയാക്കി ടീം രൂപവത്കരിക്കും. നെഹ്‌റു ട്രോഫി മത്സരത്തിന് മാത്രം ഓരോ ക്ലബ്ബിനും ശരാശരി 30 ദിവസം മുതൽ 45 ദിവസം വരെ പരിശീലനം വേണ്ടി വരും. ഇത്രയും ദിവസത്തേക്ക് ഒരു തുഴച്ചിൽക്കാരന് 45000 രൂപ നൽകണം. കേരളത്തിന് പുറത്തുനിന്നുള്ള തുഴച്ചിൽകാരുണ്ടെങ്കിൽ അവരുടെ താമസം, യാത്രാചെലവ് അടക്കമുള്ള ചെലവുകൾ വേറെ
ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കും ഇതേ ടീമിനെ തന്നെ ബോട്ട് ക്ലബ്ബുകൾ നിലനിർത്തുന്നു. ഓരോ സിബിഎല്ലിന് മുന്നോടിയായും മൂന്ന് മുതൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം വേണ്ടി വരും. ഇക്കാലയളവിൽ ഒരു തുഴച്ചിൽക്കാരന് 5000 മുതൽ 6000 രൂപ വരെ നൽകേണ്ടി വരുന്നു.
ഭക്ഷണം, പബ്ലിസിറ്റി അടക്കം ഓരോ സീസണിലും പിന്നെയും ചെലവുകൾ ബാക്കിയാണ്. ഇങ്ങനെ ഓരോ സീസൺ പൂർത്തിയാകുമ്പോഴും ഒരു ക്ലബ്ബിന്് 80 ലക്ഷം മുതൽ ഒന്നേകാൽ കോടി രൂപയോളം ചെലവുവരുന്നു. വള്ളംകളിയിൽ നിന്ന് മുടക്കുന്ന തുക പോലും തിരിച്ചുകിട്ടാത്തതാണ് ഇന്ന് പലക്ലബ്ബുകളെയും പ്രതിസന്ധിയിലാക്കുന്നത്.
എന്ന് കിട്ടും ആ പണം?
കഴിഞ്ഞ സിബിഎൽ സീസണിലെ വിജയികൾക്കുള്ള പ്രൈസ് മണി പോലും തങ്ങൾക്ക് ലഭിച്ചില്ലെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രഷററും ആക്ടിങ് സെക്രട്ടറിയുമായ എൻടി വിവേകാനന്ദൻ പറഞ്ഞു. കഴിഞ്ഞ തവണ നടന്ന ആറ് സിബിഎൽ മത്സരങ്ങളിൽ നാല് സിബിഎൽ മത്സരങ്ങളുടെ ബോണസ് മാത്രമാണ് ലഭിച്ചത്. സിബിഎല്ലിലെ വിജയികൾക്കുള്ള പ്രൈസ് മണി ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം അധികൃതരോട് തിരക്കുമ്പോൾ ഉടൻ പണം ലഭിക്കുമെന്ന് ഒഴുക്കൻ മറുപടി മാത്രമാണ് ലഭിക്കുന്നത്-വിവേകാനന്ദൻ പറഞ്ഞു.
പലിശയ്ക്ക് പണം വാങ്ങിയും പലരുടെയും സ്വർണം പണയം വെച്ചുമാണ് കടങ്ങൾ വീട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യമായ സ്‌പോൺസർമാരെയൊന്നും വള്ളം കളിക്ക് ലഭിക്കില്ല. നെഹ്‌റു ട്രോഫി, സിബിഎൽ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന സർക്കാർ സഹായമാണ് ഓരോ ക്ലബ്ബുകളുടെ നട്ടെല്ല്. വള്ളം കളിയോട് കുട്ടനാടൻ ജനതയ്ക്കുള്ള ആവേശം കൊണ്ട് മാത്രമാണ് ഇന്ന് ഈ കായിക വിനോദം നിലനിൽക്കുന്നത്. അധികൃതർ വള്ളംകളി പ്രേമികളുടെ ആവേശത്തെ മുതലെടുക്കുകയാണ്- വിവേകാനന്ദൻ പറഞ്ഞു.
ബാധ്യതകളുടെ കണക്ക് മാത്രമാണ് മറ്റൊരു തുഴച്ചിൽ ക്ലബ്ബായ പുന്നമട ബോട്ട് ക്ലബ്ബിനും പറയാനുള്ളത്. ഇവിടെയും വസ്തുപണയം വെച്ചും പലിശയ്ക്ക് കടം വാങ്ങിയുമാണ് ഓരോ സീസണും നടത്തികൊണ്ട് പോരുന്നതെന്ന് പുന്നമട ബോട്ട് ക്ലബ്ബ് സെക്രട്ടറി പ്രിറ്റി ചാക്കോ പറഞ്ഞു. കഴിഞ്ഞ വർഷത്തെ നെഹ്‌റു ട്രോഫിയുടെ ഉൾപ്പടെ ബോണസ് ലഭിക്കാനുണ്ട്. ഒരു കോടി അനുവദിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ ട്രഷറിയിലേക്ക് പണം വന്നിട്ടില്ലെന്ന് മറുപടിയാണ് ലഭിക്കുന്നത്- പ്രിറ്റി ചാക്കോ പറഞ്ഞു.
പ്രതിവിധി എന്ത്?
ഒരു ജനതയുടെ ആഘോഷമായ വള്ളംകളി സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നെഹ്‌റു ട്രോഫി, ചാമ്പ്യൻസ് ട്രോഫി അടക്കം ചെറുവള്ളം കളികൾ വരെ സാമ്പത്തിക പരാധീനകളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ പ്രതിസന്ധി വള്ളസമിതികളെയും ബോട്ട് ക്ലബ്ബുകളെയും വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. വള്ളംകളി മേഖലയിലെ പ്രതിസന്ധി മറികടക്കാൻ എന്തെല്ലാം മാർഗങ്ങൾ തേടാം ? എന്തെല്ലാം പുതുപാതകൾ തേടാം ?... അന്വേഷണം തുടരും
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.