scorecardresearch

റെയിൽവേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പരാതിയുമായി സംസ്ഥാനമന്ത്രിമാർ

കേന്ദ്ര മന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

കേന്ദ്ര മന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

author-image
WebDesk
New Update
റെയിൽവേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പരാതിയുമായി സംസ്ഥാനമന്ത്രിമാർ

ന്യൂഡൽഹി: സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിഷേധിച്ചിച്ചെന്ന പരാതിയുമായി സംസ്ഥാന മന്ത്രിമാർ. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്.

Advertisment

കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസന കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ഡൽഹിയിൽ എത്തിയത്. ഇന്നായിരുന്നു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച പറഞ്ഞിരുന്നത് എന്നാൽ റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നുവെന്ന് മന്ത്രിമാർ പറഞ്ഞു.

കേന്ദ്ര മന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അശ്വിനി വൈഷ്ണവിന് പകരം കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേ ബോർഡ് ചെയർമാനും സി ഇ ഒയുമായ വി കെ തൃപാഠി എന്നിവരെയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രിമാർ സംസ്ഥാനത്തിന്റെ നിവേദനം കൈമാറി. നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്കയറിയിച്ചു കൊണ്ടാണ് നിവേദനം നൽകിയത്.

Advertisment

തലസ്ഥാന നഗരിയിലും സംസ്ഥാനമൊട്ടാകെയുള്ള റെയിൽ ഗതാഗത വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയാണ് നേമം പദ്ധതി. പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം തലസ്ഥാന നഗരിക്കും കേരള സംസ്ഥാനത്തിനും മൊത്തത്തിൽ തിരിച്ചടിയായിരിക്കുകയാണ്.

പദ്ധതി ഉപേക്ഷിച്ചാൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പദ്ധതി കേരളത്തിന്റെ റെയിൽ വികസനത്തിന് വലിയ ഉത്തേജനം മാത്രമല്ല, നടപ്പാക്കിയാൽ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സമൃദ്ധമായ സംഭാവന നൽകും. ഇത് ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുവാനും 2019-ൽ റെയിൽവേ ബോർഡിന് സമർപ്പിച്ച പദ്ധതിയുടെ ഡിപിആറിന് അനുമതി നൽകാനും അഭ്യർത്ഥിച്ചുകൊണ്ടാണ് നിവേദനം നൽകിയത്.

കൂടിക്കാഴ്ചയെ പോസിറ്റീവായാണ് കാണുന്നതെന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാർ പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് ബോർഡ് ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. മൾട്ടി മോഡൽ പഠനം നടന്നു കൊണ്ടിരിക്കുകയാണെന്നാണ് ചെയർമാൻ പറഞ്ഞത്. പഠനം ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: