തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിട്ടും വിദഗ്ധ ചികിത്സയ്ക്കായി പണമില്ലാതെ അന്തരിച്ച ഫിലോമിനയുടെ വിഷയത്തോടെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രതിസന്ധി കൂടുതല്‍ വ്യക്തമാകുന്നു. സംസ്ഥാനത്തുള്ള 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നാണ് വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചത്.
ഓരോ ജില്ലയിലും എത്ര സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നതിലും മന്ത്രി വ്യക്തത വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവുമധികം സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍, 37. കോട്ടയം (22), പത്തനംതിട്ട, ആലപ്പുഴ (15 വീതം), കൊല്ലം, മലപ്പുറം (12 വീതം), തൃശൂര്‍ (11) എന്നിങ്ങനെയാണ് വിശദമായ കണക്കുകള്‍.
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്തതവയാണ് നഷ്ടത്തിലുള്ള സഹകരണ സംഘങ്ങള്‍. 2018 ലെ നിക്ഷേപ ഗ്യാരണ്ടി സ്കീം അനുസരിച്ച് നിലവില്‍ നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സുരക്ഷ. ഇത് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
ഫിലോമിനയുടെ മരണം സംബന്ധിച്ച് അന്വേഷണം
ഫിലോമിനയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ട്. സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപക ഗ്യാരണ്ടി ബോര്‍ഡ് പുനസംഘടിപ്പിക്കും, മന്ത്രി വ്യക്തമാക്കി.
ചികിത്സയ്ക്ക് പണം നല്‍കിയെന്ന് മന്ത്രി ബിന്ദു
ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നല്‍കിയാതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അവകാശപ്പെട്ടു. മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്, പക്ഷെ അതിനെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇന്നലെ മൃതദേഹവുമായ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമുണ്ട്, മന്ത്രി ആരോപിച്ചു.
ഫിലോമിനയുടെ മരണം
ഇന്നലെ രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഫിലോമിന അന്തരിച്ചത്. 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിത്സയ്ക്ക് പോലും ബാങ്ക് അധികൃതര്‍ പണം നല്‍കിയില്ലെന്നാണ് കുടുംബത്തില്‍ നിന്നുയര്‍ന്ന ആരോപണം. ബാങ്കില്‍ നിന്ന് അര്‍ഹതപ്പെട്ട പണം ലഭിച്ചിരുന്നെങ്കില്‍ ഫിലോമിനയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാമിയുരുന്നെന്നാണ് ഭര്‍ത്താവ് ദേവസി പറഞ്ഞത്.
ഇരുവരുടേയും ജീവിത സമ്പാദ്യം ചേര്‍ത്തു വച്ചാണ് ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ തന്നോട് ബാങ്ക് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ദേവസി ആരോപണം ഉന്നയിച്ചിരുന്നു.
മൃതദേഹവുമായി പ്രതിഷേധം
ഫിലോമിനയുടെ മരണത്തിന് പിന്നാലെ കുടുംബം ബാങ്കിനെതിരെ പ്രതിഷേധവുമായി എത്തി. ഫിലോമിനയുടെ മൃതദേഹവുമായായിരുന്നു പ്രതിഷേധിക്കാനെത്തിയത്. പ്രതിപക്ഷ സംഘടനകളുടെ ദേവസിക്ക് പിന്തുണയുമായി എത്തി. തുടര്‍ന്ന് പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ഫിലോമിനയുടെ കുടുംബത്തിന് അടിയന്തമായി രണ്ട് ലക്ഷം രൂപ ബാങ്ക് അധികൃതര്‍ കൈമാറി.