/indian-express-malayalam/media/media_files/uploads/2018/12/Dileep-Moves-Supreme-Court-in-Actress-Attack-Case.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുളള പ്രതികൾക്കുമേൽ കുറ്റം ചുമത്തി. ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവർക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ദിലീപ് അടക്കം പത്ത് പ്രതികളും കോടതിയിൽ ഇന്നു ഹാജരായി. ഇവർക്ക് കുറ്റപത്രം നൽകി. വിചാരണ 27ന് തുടങ്ങാം എന്ന നിർദേശമാണ് കോടതി മുന്നോട്ടു വച്ചത്. എന്നാൽ പൾസർ സുനി 28നും ദിലീപിന്റെ അഭിഭാഷകൻ 29 നും വിചാരണ തുടങ്ങാമെന്ന് അറിയിച്ചു. വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ നാളെ കോടതിക്ക് കൈമാറും. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ.
ദിലീപടക്കമുള്ള പ്രതികൾ ഇന്നു ഹാജരാവണമെന്ന് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. ദിലീപും പത്താം പ്രതി വിഷ്‌ണുവും സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി തള്ളിയിരുന്നു.
വിടുതൽ ഹർജി പരിഗണിക്കുന്ന സമയത്ത് ദിലീപ് ഹാജരാകാത്തതിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ഇപ്പോൾ ദിലീപിന്റെ തീരുമാനം. എന്നാൽ, വിചാരണ കോടതിയിലെ നടപടികൾ തുടരും.
വിടുതൽ ആവശ്യം പരിഗണിക്കാൻ / പ്രഥമ ദൃഷ്ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജി കോടതി തള്ളിയത്. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപും വിഷ്ണുവും കോടതിയെ സമീപിച്ചത്. ഹൈക്കോടതിയെ സമീപിക്കാൻ സമയം തേടിയെങ്കിലും പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് അനുവദിച്ചില്ല. കേസ് സമയബന്ധിതമായി തീർക്കാൻ സുപ്രീം കോടതിയുടെ നിർദേശമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് വിടുതൽ ഹർജി തള്ളിയതെന്ന് സ്‌പെഷ്യൽ പോസിക്യൂട്ടർ പി.സുരേശൻ അറിയിച്ചു. തെളിവായി ലഭിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദൃശ്യങ്ങളുടെ സ്വകാര്യത സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിച്ച ശേഷമാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.