/indian-express-malayalam/media/media_files/uploads/2021/05/vijeesh-varghese.jpg)
പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസില്‍ പൊലീസിനെ കുഴക്കി പ്രതി വിജീഷ് വര്‍ഗീസ്. ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍നിന്ന് വിജീഷ് തട്ടിയെടുത്ത 8.13 കോടി രൂപ എങ്ങോട്ടുപോയെന്ന് കണ്ടെത്താനാവാതെ കുഴങ്ങുകയാണ് പൊലീസ്. പണം മാറ്റിയ വിജീഷിന്റെ മൂന്ന് അക്കൗണ്ടുകളും നിലവില്‍ കാലിയാണ്.
ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കും മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കുമായി ആറരക്കോടി രൂപയോളം വിജീഷ് മാറ്റിയിരുന്നു. നിലവില്‍ ഈ അക്കൗണ്ടുകളില്‍ പലതിലും മിനിമം ബാലന്‍സ് തുക മാത്രമാണ് അവശേഷിക്കുന്നത്. ചിലതില്‍ ഒരു രൂപ പോലുമില്ല.
തട്ടിപ്പ് പുറത്തുവന്നതോടെ അക്കൗണ്ടുകളെല്ലാം നേരത്തെ മരവിപ്പിച്ചിരുന്നെങ്കിലും അതിനു മുന്‍പേ പണം പിന്‍വലിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്തതില്‍ വലിയൊരു സംഖ്യ വിജീഷ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായാണു മൊഴി. ഇക്കാര്യം സ്ഥിരീകരിക്കാനായി പൊലീസ് ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിക്കും.
പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായ വിജീഷ് 14 മാസത്തിനിടെയാണു പണം തട്ടിയത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിച്ചത്. ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീര്‍ഘകാല സ്ഥിരനിക്ഷേപങ്ങളില്‍നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നുമാണ് വിജീഷ് പണം തട്ടിയത്.
Also Read: സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
കാനറാ ബാങ്ക് തുമ്പമണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിക്കപ്പെട്ടതാണു തട്ടിപ്പ് പുറത്താകാൻ ഇടയാക്കിയത്. വിവരം ജീവനക്കാരന്‍ വിജീഷ് ജോലി ചെയ്യുന്ന പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇവിടെ സ്ഥിരനിക്ഷേപങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വിജീഷായിരുന്നു. തനിക്ക് പിഴവ് പറ്റിയതാണെന്നായിരുന്നു വിജീഷിന്റെ മറുപടി നല്‍കിയതോടെ ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിച്ചു. തുടര്‍ന്നാണു ഫെബ്രുവരി 11-ന് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങിയത്.
ഒളിവില്‍ പോയ വിജീഷിനെ കുടുംബസമേതം ഞായറാഴ്ച ബെംഗളുരുവില്‍നിന്നാണ് അറസ്റ്റിലായത്. ബെംഗളുരു എച്ച്എസ്ആര്‍ ലേഔട്ടിലെ ഫ്ളാറ്റില്‍നിന്നാണു വിജീഷിനെ പൊലീസ് പിടികൂടിയത്. ഫുഡ് ഡെലിവറി ആപ്പില്‍ വിജീഷ് ഓര്‍ഡര്‍ നല്‍കിയതാണ് ഒളിത്താവളം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചതെന്നാണു സൂചന.
വിജീഷിനെ ഇന്നു രാവിലെ പത്തരയ്ക്കു ബാങ്ക് ശാഖയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണം ക്രൈം ബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും. വിജീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, ഐടി നിയമത്തിലെ 66 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
മുപ്പത്തി ആറുകാരനായ വിജീഷ് നാവികസേനയില്‍ പെറ്റി ഓഫിസറായിരുന്നു. വിരമിച്ച ശേഷം 2017 സെപ്റ്റംബറിലാണ് ബാങ്ക് ജോലിയില്‍ എത്തുന്നത്. കൊച്ചിയില്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്കായിട്ടായിരുന്നു ആദ്യ നിയമനം. പലയിടങ്ങളില്‍ ജോലി ചെയ്തശേഷമാണു പത്തനംതിട്ടയില്‍ എത്തിയത്. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കില്‍ ലയിച്ചതോടെയാണു വിജീഷ് കാനറാ ബാങ്ക് ജീവനക്കാരനായത്.
കാലാവധിയുള്ള ഡിപ്പോസിറ്റുകള്‍ കണ്ടെത്തി, മേല്‍ ഉദ്യോഗസ്ഥന്‍ സീറ്റില്‍നിന്നു മാറുന്ന സമയത്ത് അനുമതി നല്‍കി പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.