scorecardresearch

ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: അന്വേഷണ പുരോഗതി കണ്ടെത്താനാവാതെ വനം വകുപ്പ്

ആനകൾക്ക് പ്രതിദിനം 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നതിനാൽ, പരിക്ക് പറ്റിയ സ്ഥലത്ത് നിന്ന് വളരെ അകലെയാകാം അതിനെ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു

ആനകൾക്ക് പ്രതിദിനം 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നതിനാൽ, പരിക്ക് പറ്റിയ സ്ഥലത്ത് നിന്ന് വളരെ അകലെയാകാം അതിനെ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു

author-image
Vishnu Varma
New Update
Elephant,Elephant Death, Elephant crackers, ആന, ആന കെണി, ആന മരണം, ie malayalam, ഐഇ മലയാളം

നിലമ്പൂർ: സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചരിഞ്ഞ സംഭവത്തിൽ അന്വേഷണ പുരോഗതി കണ്ടെത്താനാവാതെ വനം വകുപ്പ്. ഗർഭിണിയായ കാട്ടാനയാണ് സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിൽ ചരിഞ്ഞത്. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച കാട്ടാനയുടെ മുഖം തകർന്നിരുന്നു. വായ്ക്കും നാക്കിനും ഗുരുതരമായി പരുക്കേറ്റ കാട്ടാനയ്ക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. ഏറെ ദിവസം പട്ടിണികിടന്നാണ് ആണ ചരിഞ്ഞത്.

Advertisment

ആന ചരിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. മേയ് 25നാണ് ആന ചരിഞ്ഞത്. പരിക്കേറ്റതിനു ശേഷം ആന കിലോമീറ്ററുകളോളം സഞ്ചരിച്ചിരിക്കാമെന്നതിനാൽ തെളിവുകൾ കണ്ടെത്താനാവാത്തത് വനം വകുപ്പിന്റെ അന്വേഷണത്തെ ബാധിക്കുന്നു.

പരിക്കേറ്റ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആനയെ കണ്ടെത്തിയതെന്നും ഇതിനാൽ എവിടെ വച്ചാണ് ആനക്ക് പരിക്കേറ്റതെന്ന് കണ്ടെത്തുന്നത് പ്രയാസമാണെന്നും മണ്ണാർക്കാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ കെ സുനിൽ കുമാർ പറഞ്ഞു. “ഇക്കാര്യം കണ്ടെത്തുന്നത് എളുപ്പമല്ല. വിദൂര മേഖലയിലാണ് സംഭവം നടന്നെതെന്നതിനാൽ പ്രദേശ വാസികളിൽ നിന്നുള്ള വിവരങ്ങൾ ആശ്രയിക്കേണ്ടിവരും. പ്രദേശം സന്ദർശിച്ചപ്പോൾ ലഭിച്ച വിവരങ്ങളും വന്യജീവി ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിച്ച വിവരങ്ങളും കേസിനെ സഹായിക്കും." സുനിൽ കുമാർ പറഞ്ഞു.

Read More: കൊടുംക്രൂരത; പൈനാപ്പിളിൽ സ്‌ഫോടക വസ്തു നിറച്ച കെണിയിൽ ഗർഭിണിയായ കാട്ടാന ചെരിഞ്ഞു

Advertisment

"ആരെങ്കിലും മനപ്പൂർവ്വം ആനയ്ക്ക് സ്ഫോടകവസ്തു നിറച്ച ഫലം നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കാട്ടുപന്നികളെ കൊല്ലാനുള്ള കെണിയിൽ ആന പെട്ടുപോയതാവാമെന്ന സാധ്യതയാണ് കൂടുതൽ. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ വനമേഖലകളിൽ കാട്ടുപന്നികൾക്കെതിരേ ഇത്തരം കെണികൾ ഉപയോഗിക്കുന്നത് സാധാരണാണ്. കാട്ടാനകളെ ഇങ്ങനെ കൊല്ലുന്നതായും കേട്ടിട്ടുണ്ട്." - സുനിൽ കുമാർ പറഞ്ഞു.

"വനത്തോട് കൂടുതൽ ചേർന്ന പ്രദേശങ്ങളിൽ പടക്കങ്ങളും നാടൻ ബോംബുകളും വന്യമൃഗങ്ങളെ കെണിയിൽ വീഴ്ത്താൻ ഉപയോഗിക്കുന്നതായി റിപോർട്ടുണ്ട്. അത് നിയമ വിരുദ്ധവുമാണ്. ആ സാധ്യത തള്ളിക്കളയുന്നില്ല. മറ്റൊരു ജീവിക്ക് വച്ച കെണിയിൽ ആന പെട്ടുപോയതാവാനാണ് കൂടുതൽ സാധ്യത"- സുനിൽ കുമാർ പറഞ്ഞു.

ആനകൾക്ക് ഒരു ദിവസം 100 കിലോമീറ്റർ വരെ നടക്കാൻ കഴിയുമെന്നതിനാൽ, പരിക്ക് പറ്റിയ സ്ഥലത്ത് നിന്ന് വളരെ അകലെയാകാം അതിനെ കണ്ടെത്തിയ സ്ഥലമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തെങ്കിലും സൂചന ലഭിച്ചില്ലെങ്കിൽ അന്വേഷണം പ്രയാസമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

പന്നികളെയും കാട്ടുപന്നികളെയും സ്ഫോടക വസ്തു നിറച്ച കെണിവച്ച് കൊല്ലുന്നത് മുൻ കാലങ്ങളിൽ സ്ഥിരമായിരുന്നെന്നും എന്നാൽ തങ്ങൾ കേസെടുക്കാൻ തുടങ്ങിയതോടെ അത് കുറഞ്ഞതായും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശശി കുമാർ പറഞ്ഞു. തങ്ങളുടെ ഡിവിഷനിൽ അത്തരം സംഭവങ്ങളൊന്നും റിപോർട്ട് ചെയ്യപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: 'നിങ്ങള്‍ ധാരാളം തന്നു, ഞങ്ങള്‍ക്കു കുറച്ചെങ്കിലും തിരിച്ചുനല്‍കണം' പ്രതിസന്ധിയില്‍ കേരളത്തെ മറക്കാതെ ഛത്തീസ്‌ഗഡ് തൊഴിലാളികള്‍

വനമേഖലയിൽ ഇത്തരം സ്ഫോടനാത്മക കെണികൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വന്യജീവി വിദഗ്ധനായ ഡോക്ടർ പി എസ് ഈസ ആവശ്യപ്പെട്ടു. “ഇത് തീർച്ചയായും നിയമവിരുദ്ധമാണ്, ഇത് സഹിക്കാൻ കഴിയില്ല. ഇത് മൃഗങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് എങ്ങനെ പറയാൻ കഴിയും? ഇത് ആളുകളെയും ലക്ഷ്യം വയ്ക്കാം. അതിനാൽ കടുത്ത നടപടി ആവശ്യമാണ്. ”- അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സൈലന്റ് വാലി വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡൻ സാമുവേൽൽ പാച്ചോ പറഞ്ഞു.

മെയ് 23ന് വന്യജീവി സങ്കേതത്തിലെ ജീവക്കാരാണ് പരിക്കേറ്റ നിലയിൽ ആനയെ ആദ്യം കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിനു പുറത്തേക്ക് വെള്ളവും ഭക്ഷണവും അന്വേഷിച്ച് പോയപ്പാഴാണ് അപകടമെന്നാണ് കരുതുന്നത്.

മേയ് 30നായിരുന്നു ആന പരിക്കേറ്റ് ചരിഞ്ഞ വിവരം പുറം ലോകം അറിഞ്ഞത്. മണ്ണാർക്കാട്ടെ ഫോറസ്റ്റ് സെക്ഷൻ ഓഫീസറായ മോഹൻ കൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇത്.

മോഹൻ കൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

മാപ്പ്... സഹോദരീ .. മാപ്പ് ...

അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.

ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.

ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ .... സഹോദരീ ..... മാപ്പ്

Read More: Kerala elephant death: Probe on, officials suggest pachyderm ate explosive meant to kill boars

Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: