Latest News

‘നിങ്ങള്‍ ധാരാളം തന്നു, ഞങ്ങള്‍ക്കു കുറച്ചെങ്കിലും തിരിച്ചുനല്‍കണം’ പ്രതിസന്ധിയില്‍ കേരളത്തെ മറക്കാതെ ഛത്തീസ്‌ഗഡ് തൊഴിലാളികള്‍

Facebook Covid-19 Stories of Strength: വരുമാനില്ലാത്ത കാലത്തും തെങ്ങുകയറ്റ തൊഴിലാളികളായ 43 ഛത്തീസ്‌ഗഡ് സ്വദേശികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 52,000 രൂപ

kerala, coronavirus, kerala migrants, kerala covid 19 impact, kerala coconut pluckers, covid 19, indian express corona series, indian express stories of strength

കൊച്ചി: ജന്മനാട്ടില്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്റുകള്‍ അകലയൊണെങ്കിലും അവര്‍ക്ക് ഇതൊരു അന്യനാടല്ല. ഒരുപാട് ബഹുമാനവും സഹായവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുന്ന മറ്റൊരു വീടാണവര്‍ക്കു കേരളം. ഈ നാടിനോടുള്ള സ്‌നേഹം, കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തങ്ങളാല്‍ കഴിയുന്ന തുകയായി നല്‍കി പ്രകടിപ്പിച്ചിരിക്കുകയാണു ഛത്തീസ്ഗഡില്‍നിന്നുള്ള ഒരുകൂട്ടം തെങ്ങുകയറ്റ തൊഴിലാളികള്‍.

തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനമായ കംപ്യൂടെക്കിനു കീഴിലുള്ള തെങ്ങുകയറ്റ തൊഴിലാളികളായ 43 ഛത്തീസ്ഗഡ് സ്വദേശികള്‍ ചേര്‍ന്ന് 52,000 രൂപയാണു ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. കംപ്യൂടെക് ഉടമയായ മുന്‍സൈനികന്‍ മോഹന്‍ദാസ് ഒരു മാസത്തെ പെന്‍ഷനായ 26,000 രൂപയും നല്‍കി. ഇതുള്‍പ്പെടെ 78,000 രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരിട്ട് കൈമാറുകയായിരുന്നു.

സ്ത്രീകള്‍ ആടുകളെ വിറ്റും കുട്ടികള്‍ കാശുകുടുക്ക പൊട്ടിച്ചും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നതിനെക്കുറിച്ച് തൊഴിലുടമയില്‍നിന്നാണു തൊഴിലാളികളിലൊരാളായ രഞ്ജീത് സിങ് പൈക്ര അറിഞ്ഞത്. ഇതോടെ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന് രഞ്ജീത്തിനു തോന്നുകയായിരുന്നു. മറ്റു 42 സഹപ്രവര്‍ത്തകരും പണം നല്‍കാന്‍ തയാറായി.

”ലോക്ക് ഡൗണ്‍ കാലത്ത് ഞങ്ങള്‍ക്കധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നില്ല. കമ്പനി ഞങ്ങളുടെ കാര്യം നോക്കിയിരുന്നു. ഞങ്ങളെപ്പോലെ സഹായം ആവശ്യമുള്ള പലരുമുണ്ടാകുമെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. അവരെ സഹായിക്കണമെന്നു തോന്നി,’  രഞ്ജീത് പറഞ്ഞു.

ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ തൊഴില്ലാത്തതിനാല്‍ വരുമാനം നിലച്ചത് തൊഴിലാളികളെ കാര്യമായി ബാധിച്ചിരുന്നു. എങ്കിലും അവര്‍ പിന്മാറിയില്ല. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 43 തൊഴിലാളികളും ദുരിതാശ്വാസ നിധിയിലേക്കുള്ള പണ സമാഹരണത്തെ പിന്തുണച്ചു. ചിലര്‍ 1000 രൂപ വീതം നല്‍കാമെന്നു പറഞ്ഞു. ചന്ദ്രപാല്‍ കോറമിനെ പോലെ മറ്റുചില തൊഴിലാളികള്‍ 2,500 രൂപ വരെ വാഗ്ദാനം ചെയ്തു.

”സംസ്ഥാനത്തിനുവേണ്ടി കൊച്ചുകുട്ടികള്‍ വരെ പണം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്കു മനസിലാക്കാന്‍ കഴിയുമെന്നു തോന്നി. എല്ലാവരും പണം നല്‍കാന്‍ തയാറായി,” മോഹന്‍ദാസ് പറഞ്ഞു.

”തക്ക് ലീഫ് കി ബാത്ത് നഹി ഹെ. ബഹുത്ത് കുച്ച് ഹമേം യഹാം സെ മില്‍ രഹാ ഹെ. തോ ഹം ഭീ ദേനാ ചാഹ്താ ഹെ (കഷ്ടപ്പാടിനെക്കുറിച്ചല്ലിത്. ഈ സംസ്ഥാനം ഞങ്ങള്‍ക്ക് ധാരാളം തന്നു. അതിനാല്‍ എന്തെങ്കിലും ഞങ്ങള്‍ക്കും തിരിച്ചു നല്‍കണം)”, തൊഴിലാളിയായ ചന്ദ്രപാല്‍ കോറം പറഞ്ഞു. വീട്ടില്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്റുകള്‍ അകലയൊണെങ്കിലും കേരളം അന്യനാടായി തോന്നിയിട്ടില്ലെന്നു കോറം പറയുന്നു.

”ഞങ്ങള്‍ക്കിവിടെ ഏറെ ബഹുമാനം ലഭിക്കുന്നു. ഇവിടത്തെ ആളുകളെല്ലാം ദയാലുക്കളും വിനീതരുമാണ്. ലോക്ക് ഡൗണ്‍ സമയത്ത് ഭക്ഷണ സാധനങ്ങള്‍ കുറഞ്ഞപ്പോള്‍ സമീപത്തെ കടക്കാരന്‍ അരിയും ധാന്യങ്ങളും നല്‍കി. ഞങ്ങളുടെ സാഹചര്യം അദ്ദേഹത്തിനു മനസിലായി. പണം പിന്നീട് നല്‍കാമെന്നു ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു,” കോറം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന കൂലിയും മികച്ച ജീവിതാന്തരീക്ഷവും പ്രതീക്ഷിച്ചാണു ഛത്തീസ്ഗഡിലെ തൊഴിലാളികള്‍ കേരളത്തിലെത്തിയത്. ദിവസം 40-50 തെങ്ങുകയറുന്ന രഞ്ജീത് സിങ് പൈക്ര കമ്മിഷന്‍ കഴിച്ച് മാസം 30,000 രൂപയോളമാണു സമ്പാദിക്കുന്നത്. ഒരു തെങ്ങിന് 40 രൂപയാണു കൂലി അതില്‍ 15 രൂപ കമ്മിഷനായി കംപ്യൂടെക്കിനു പോകും. കാലാവസ്ഥ അനുകൂലമായാല്‍ വലിയ തെങ്ങിന്‍തോപ്പുകളില്‍ ദിവസം 70-80 തെങ്ങുകളില്‍ കയറാന്‍ കഴിയുമെന്നും മുപ്പതുകാരനായ രഞ്ജീത് പറയുന്നു.

ഛത്തീസ്ഗഡ് പെന്ദ്രാ റോഡ് സ്വദേശിയായ രഞ്ജീത് ദരിദ്ര കര്‍ഷ കുടുംബത്തിലാണു ജനിച്ചുവളര്‍ന്നത്. പത്താം ക്ലാസോടെ പഠനം അവസാനിപ്പിച്ച് നെല്‍വയലുകളില്‍ അച്ഛനോടൊപ്പം ജോലി ചെയ്യാന്‍ ആരംഭിച്ചു. വളരെക്കുറച്ച് മാത്രം വരുമാനം ലഭിക്കുന്ന ഈ ജോലി ജീവിക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെയാണ് അദ്ദേഹം കേരളത്തിലെത്തിയത്.

2019-ന്റെ തുടക്കത്തിലായിരുന്നു രഞ്ജീത്തിന്റെ കേരളത്തിലേക്കുള്ള വരവ്. തെങ്ങുകയറ്റക്കാരെ ആവശ്യമുണ്ടെന്നു സുഹൃത്ത് ഫോണ്‍ വിളിച്ചുപറഞ്ഞതിനു പിന്നാലെ പുറപ്പെടുകയായിരുന്നു. യാതൊരു മുന്‍പരിചയവുമില്ലാത്ത ജോലി പേടിപ്പിച്ചുവെങ്കിലും നല്ല ശമ്പളമെന്ന പ്രലോഭനമാണു 2,100 കിലോമീറ്റര്‍ ഇപ്പുറമുള്ള കേരളത്തിലെത്തിച്ചത്. കംപ്യൂടെക്കില്‍ യന്ത്രം ഉപയോഗിച്ച് ഒരാഴ്ചത്തെ തെങ്ങുകയറ്റ പരിശീലനം. ഒന്നര വര്‍ഷത്തിനുശേഷം മികച്ച തെങ്ങുകയറ്റക്കാരനാണ് അദ്ദേഹം.

”ആദ്യമായിട്ടായിരുന്നു തെങ്ങുകയറിയത്. താഴേക്കു നോക്കിയപ്പോള്‍ ഭീതി തോന്നി. ഏതാനും ദിവസങ്ങള്‍ കൊണ്ട് തെങ്ങുകയറ്റം എളുപ്പമായി. ഇപ്പോള്‍ ശീലവുമായി,” തിരുവനന്തപുരത്തുനിന്നു ഫോണിലൂടെ രഞ്ജീത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. രഞ്ജീത് ഇത്രയധികം തെങ്ങുകള്‍ ഒരുമിച്ചുകണ്ടത് കേരളത്തിലെത്തിയശേഷമാണ്. ആ കാഴ്ച അദ്ദേഹത്തെ അമ്പരപ്പിച്ചു. നാട്ടില്‍ വളരെ കുറച്ച് തെങ്ങുകള്‍ മാത്രമാണുള്ളത്. അവയാണെങ്കില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതും.

Read in English: The coconut climbers from Chhattisgarh: Stuck in ‘new home’, but they still want to give back

ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ തൊഴിലില്ലാതായെങ്കിലും ഏപ്രില്‍ പകുതിയോടെ രഞ്ജീതും മറ്റു തൊഴിലാളികളും തെങ്ങുകയറ്റം തുടങ്ങി. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണു തൊഴിലെടുക്കുന്നത്. മാസ്‌കും കൈയുറകളും ധരിക്കുകയും കൈകള്‍ പതിവായി കഴുകുകയും ചെയ്യുന്നുണ്ട്. തെങ്ങുകയറ്റ യന്ത്രം പതിവായി അണുമുക്തമാക്കുകയും ചെയ്യുന്നു. വലിയ തെങ്ങിന്‍തോപ്പുകളില്‍ സാമൂഹിക അകലം പാലിക്കുന്നതു പ്രശ്‌നമല്ലെന്നു തൊഴിലാളികള്‍ പറയുന്നു.

കാലവര്‍ഷമെത്തിയതോടെ തൊഴില്‍ കുറയും. ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ നാട്ടില്‍ പോകണമെന്നാണു തൊഴിലാളികളുടെ ആഗ്രഹം. കോവിഡും രാജ്യത്തെ പൊതു സാമ്പത്തികാവസ്ഥയും പരിഗണിച്ച് ഇവര്‍ക്ക് ഇത്തവണ കൂടുതല്‍ കാലം നാട്ടില്‍ തങ്ങേണ്ടിവരും. എങ്കിലും കേരളത്തില്‍ തൊഴില്‍ സജീവമാകുമ്പോള്‍ തിരിച്ചു വരണമെന്നു തന്നെയാണ് ഇവരുടെ ആഗ്രഹം. കാരണം രഞ്ജീത് സിങ് പൈക്ര പറയുന്നതുപോലെ ”ഇവിടെ സമാധാനമുണ്ട്, നല്ല ജീവിതമുണ്ട്.”

Also Read: More Facebook Stories of Strength

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coconut climbers chhattisgarh stuck new home

Next Story
ആലുവ മണപ്പുറം നടപ്പാലം അഴിമതി: തുടരന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽHigh Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com