/indian-express-malayalam/media/media_files/uploads/2020/01/BJP-Women.jpg)
കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയ്‌ക്കിടെ പ്രതിഷേധിച്ച യുവതിയെ കയ്യേറ്റം ചെയ്‌ത കേസിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ആതിര എസ് നല്‍കിയ പരാതിയിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.
അതേസമയം, സിഎഎ അനുകൂല പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസെടുത്തെന്നും ഇവരെ അറസ്റ്റ് ചെയ്‌തെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, അത്തരം വാർത്തകൾ അടിസ്ഥാനരഹിതമായിരുന്നു. പരിപാടിയിൽ പ്രതിഷേധവുമായെത്തിയ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് തന്നെയാണ് അറിയിച്ചത്. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അനേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read Also: ടെസ്റ്റ് റാങ്കിങ്ങിൽ ‘വീര’ ആധിപത്യം തുടർന്ന് കോഹ്‌ലി; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെ
യുവതിക്കെതിരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനിയാണ് പരാതി നൽകിയത്. കണ്ടാലറിയുന്ന യുവതി എന്നാണു പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതിക്രമിച്ചുകടന്നതിന് കേസെടുത്ത നോർത്ത് പൊലീസ് പരാതി വനിതാ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വനിതകൾ തമ്മിലുള്ള പ്രശ്നമായതിനാലാണ് കേസ് വനിതാ സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് നോർത്ത് എസ്ഐ അനസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
കലൂർ പാവക്കുളം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ വിഎച്ച്‌പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയിൽ യുവതി കടന്നുവരികയും പ്രതിഷേധം അറിയിക്കുകയുമായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റു സ്ത്രീകൾ യുവതിയെ അവിടെനിന്നും പുറത്താക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവതിയെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ശകാരിക്കുന്നതും തളളിമാറ്റുന്നതും വീഡിയോയിൽ കാണാമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.