/indian-express-malayalam/media/media_files/uploads/2022/12/Secretariat.jpg)
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കും.
നേരത്തേ സര്‍ക്കാര്‍ ഓഫീസകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പായില്ല. ബയോമെട്രിക് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആവശ്യമായ പുരോഗതി കൈവരിച്ചതായി കാണുന്നില്ലെന്നും അതിനാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഓഫീസ് സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാനുളള തീരുമാനം.
കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്‌പാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റ് എല്ലാ ഓഫീസുകളിലും 2023 മാര്‍ച്ച് 31ന് മുമ്പായി ഈ സംവിധാനം നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.