കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
മുന്‍ നഗരസഭ കൗണ്‍സിലറായ ജി എസ് ശ്രീകുമാറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താന്‍ പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആരോപണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോർപ്പറേഷനിൽ നടന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
കോര്‍പ്പറേഷനില്‍ താത്കാലിക നിയമനത്തിനായി ലിസ്റ്റ് ചോദിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആര്യ രാജേന്ദ്രന്റെ പേരിലെഴുതിയ കത്തായിരുന്നു പുറത്തു വന്നത്. സംഭവം വിവാദമായതോടെ ആര്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുകയും ചെയ്തു. എന്നാല്‍ ആര്യ രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
ഏത് അന്വേഷണം നേരിടാനും താന്‍ തയാറാണെന്നും കോര്‍പ്പറേഷനില്‍ നിയമനങ്ങള്‍ സുതാര്യമാണെന്നും ആര്യ പിന്നീട് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് മേയര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. പ്രഥാമിക അന്വേഷണത്തില്‍ വിഷയം ഗൗരമുള്ളതാണെന്ന് തെളിഞ്ഞതിന് ശേഷമായിരുന്നു കേസെടുത്തത്.
ആര്യ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, കോര്‍പ്പറേഷനിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കത്ത് വ്യാജമാണെന്നും താന്‍ എഴുതിയതല്ല എന്ന നിലപാട് ആര്യ കോടതിയിലും വ്യക്തമാക്കി. അന്വേഷണത്തില്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വാട്ട്സ്ആപ്പില്‍ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് ലഭിച്ചത്.