/indian-express-malayalam/media/media_files/2025/09/06/vt-balram-2025-09-06-17-11-08.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ബിഹാറിനെ ബീഡിയോട് ഉപമിച്ച കോൺഗ്രസ് കേരള ഘടകത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിനു പിന്നാലെ സോഷ്യൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ്. ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയ ചുമതലയുള്ള വി.ടി ബൽറാം സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു.
'പോസ്റ്റ് പിൻവലിച്ചു. ഇത്തരമൊരു പോസ്റ്റ് വന്നത് തെറ്റായിപ്പോയി. സംഭവത്തിൽ അഡ്മിൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരിക്കലും അത് അംഗീകരിക്കില്ല. കേരളത്തിലെ പാർട്ടിയുടെ സോഷ്യൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നിലവിലെ ചുമതലയുള്ള വി.ടി. ബൽറാം സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിവാദ പോസ്റ്റ് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തവരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു,' സണ്ണി ജോസഫ് പറഞ്ഞു.
ജിഎസ്‌ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. 'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്നായിരുന്നു പോസ്റ്റ്. പുകയില ഉൽപന്നങ്ങളുടെ ജിഎസ്‌ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു പോസ്റ്റ്.
Also Read: കുന്നംകുളം കസ്റ്റഡി മര്‍ദനം; നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാര്‍ശ; പുറത്താക്കണമെന്ന് സുജിത്ത്
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ ബിജെപി ഇതൊരു ആയുധമാക്കിയിരുന്നു. വിഷയത്തിൽ, സഖ്യകക്ഷികളിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. പോസ്റ്റിനെ അപലപിച്ച ആർജെഡി നേതാവ് തേജസ്വി യാദവ്, 'പോസ്റ്റിന് പിന്നിലെ ഉദ്ദേശ്യം എന്തുതന്നെയായാലും അത് തെറ്റാണെന്നും തങ്ങൾ അതിനെ പിന്തുണയ്ക്കുന്നില്ലെന്നും' പറഞ്ഞിരുന്നു.
Also Read:വിപഞ്ചികയുടെ മരണം; ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈനും രംഗത്തെത്തിയിരുന്നു. ഒരു സംസ്ഥാനത്തെയോ ജനങ്ങളെയോ ഇത്തരം കാര്യങ്ങളുമായി താരതമ്യം ചെയ്യരുതെന്നും, ട്വീറ്റോ അത് പോസ്റ്റ് ചെയ്ത സന്ദർഭമോ കാൻ കണ്ടിട്ടില്ല, എന്നാൽ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, അത് പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Read More: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us