/indian-express-malayalam/media/media_files/uploads/2018/10/25550579_1720208804679691_8784488958990367627_n.jpg)
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ. ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐയുടെ കുറ്റപത്രം. ബാലഭാസ്‌കർ കേസിൽ ഡ്രൈവർ അർജുനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 132 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകൾ പരിശോധിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സിബിഐ ഡിവൈഎസ്‌പി അനന്തകൃഷ്‌ണനാണ് കുറ്റപത്രം സമര്‍പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും സമാനമായിരുന്നു.
അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനുമാണ് കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം, അപകടത്തിന് മുൻപ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സിബിഐ തീരുമാനിച്ചു.
ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണു ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജംങ്ഷനു സമീപത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്‌മിയെയും ഡ്രൈവറായിരുന്ന അർജുനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാലു ഓക്ടോബർ രണ്ടിന് ലോകത്തോട് വിടപറഞ്ഞു.
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് തുടക്കം മുതലേ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടിരുന്നു. ബാലുവിന്റെ മരണം സ്വാഭാവികമല്ല, അപകടത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അർജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയിൽ വാഹനം ഓടിച്ച് മരത്തിൽ ഇടിക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെ വാഹനം ഓടിച്ചത് അർജുനാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നിരുന്നു.
കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.
ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.