തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ കെെകൊണ്ട് അവാർഡ് നൽകാത്തതിനു വ്യക്തമായ കാരണമുണ്ടെന്ന് മന്ത്രി എ.കെ.ബാലന്റെ വിശദീകരണം. “കോവിഡ് വ്യാപനം കണക്കിലെടുത്താണ് മുഖ്യമന്ത്രി സ്വന്തം കെെകൊണ്ട് അവാർഡ് വിതരണം ചെയ്യാതിരുന്നത്. ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളും പ്രസ്‌താവനകളും ദൗർഭാഗ്യകരമാണ്. വിവാദം പ്രതിപക്ഷ നേതാവ് ഏറ്റുപിടിച്ചത് ശരിയായില്ല. സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട്. അതിനാലാണ് അദ്ദേഹം ആദ്യം ഇത്തരത്തിൽ വിവാദവുമായി വന്നത്,” മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. ഓരോ അവാർഡ് വിതരണം കഴിയുമ്പോഴും മുഖ്യമന്ത്രി സാനിറ്റൈസ് ചെയ്യേണ്ടതായി ഉണ്ട്. അത് പ്രായോഗികമല്ലാത്തത് കൊണ്ടാണ് സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത്. അന്യന് രോഗം പകരണം എന്നുള്ള അധമബോധം ഉള്ളവരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും ഒരു ആക്ഷേപവും ഉണ്ടായില്ല. മാതൃകാപരവുമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കേണ്ട ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവടക്കം അനാവശ്യമായിട്ടാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിക്ക് കോവിഡ് വന്ന് തിരഞ്ഞെടുപ്പില്‍ ചുളുവില്‍ രക്ഷപ്പെടാമെന്ന് ചില ദുഷ്‌ട മനസുകൾ വിചാരിച്ചു കാണും,” ബാലൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ‘ഐശ്വര്യ കേരളയാത്ര’ക്കെതിരെ മന്ത്രി വിമർശനമുന്നയിച്ചു. “പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന യാത്ര കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ്. ഈ രൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറും,” മന്ത്രി പറഞ്ഞു.