/indian-express-malayalam/media/media_files/uploads/2020/10/diya-sana-bhagyalakshmi-sreelakshmi-4.jpg)
കൊച്ചി: യൂട്യൂബർ വിജയ് പി.നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്‌മി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 30 ന് വിധി പറയും. അതുവരെ അറസ്റ്റ് തടഞ്ഞു.
സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് വിജയ്.പി.നായരെ താമസസ്ഥലത്ത് കടന്നുകയറി മർദിച്ച സംഭവത്തിലാണ് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവർക്കെതിരെ കേസെടുത്തത്.
Read Also: വിജയ് പി.നായർക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
തങ്ങൾക്കെതിരായ മോഷണക്കുറ്റം നിലനിൽക്കില്ലെന്നും മുൻകൂട്ടി പദ്ധതിയിട്ടല്ല പോയതെന്നും പ്രതികൾ അറിയിച്ചു. തങ്ങളെ ഉപദ്രവിച്ചതുകൊണ്ടാണ് തിരിച്ചു തല്ലിയതെന്ന് ഹർജിയിൽ പറയുന്നു. വിജയ് പി.നായർ വിളിച്ചിട്ടാണ് പോയത്. അവിടെ ചെന്നശേഷമാണ് സ്ഥിതി മാറിയതെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ് പരാതി നൽകിയതെന്നും പ്രതികൾ ബോധിപ്പിച്ചു.
അയാളെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണെന്ന് വാദത്തിനിടെ കോടതി പ്രതികളോട് ആരാഞ്ഞു. അടിച്ചെങ്കിൽ പ്രത്യാഘാതം നേരിടാൻ തയ്യാറാവേണ്ടേ എന്നും കോടതി പ്രതികളോട് ചോദിച്ചു.
പ്രതികൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി പറഞ്ഞു. തൊണ്ടി സാധനങ്ങൾ സ്റ്റേഷനിൽ ഏൽപ്പിച്ചതുകൊണ്ട് മോഷ്‌ടിക്കാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികൾ നിയമം കെെയിലെടുത്തെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ഹെെക്കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.