തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപമാനിച്ച വിജയ് പി.നായർക്കെതിരായ ആക്രമണത്തിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ.

ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ഭാഗ്യലക്ഷ്‌മിക്കു പുറമേ ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ എതിർത്തത്. ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി മറ്റന്നാൾ വിധി പറയും.

സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി.നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read Also: സ്വർണക്കടത്ത് കേസ്: എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു

അതേസമയം, സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചെയ്‌ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ് പി.നായരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. വിജയ് പി.നായർ ഇപ്പോൾ റിമാൻഡിലാണ്.

സ്‌ത്രീകളെ അപമാനിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ്‌ തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്‌മിയും സംഘവും പരസ്യമായി വിജയ് പി.നായർക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.