/indian-express-malayalam/media/media_files/uploads/2020/06/ayyappanum-koshiyum-director-sachy-385914.jpg)
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് മരണകാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്‍റിലേറ്ററില്‍ ആയിരുന്നു.
സച്ചിയുടെ ഭൗതിക ശരീരം രാവിലെ 9.30 മുതൽ 10.30 വരെ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിനു വയ്ക്കുക. തുടർന്ന് തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോകും. അവിടെയും പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾക്കായി രവിപുരത്തെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുക. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കർശന നിയന്ത്രത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക . മരണശേഷം സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൊടുങ്ങല്ലൂർ ഗൗരീശങ്കർ ആശുപത്രിക്കു സമീപം കൂവക്കാട്ടിൽ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനാണ് സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ. ഭാര്യ സിജി.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read More
'ചോക്ക്ലേറ്റ്' മുതല്‍ 'അയ്യപ്പനും കോശിയും' വരെ
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. സച്ചി- സേതു ടീമിന്റെ ആദ്യത്തെ തിരക്കഥയായ 'ചോക്ക്‌ളേറ്റ്' ഹിറ്റായതോടെ ഈ വിജയക്കൂട്ടുക്കെട്ട് ആവർത്തിക്കുകയായിരുന്നു. സച്ചി സേതു ടീമിന്റെ റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്. 2011ൽ റിലീസിനെത്തിയ 'ഡബ്ബിൾസ്' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെയാണ് ഈ കൂട്ടുക്കെട്ട് പിരിയുന്നത്.
സേതുവുമായി പിരിഞ്ഞ ശേഷം സച്ചി ഒരുക്കിയ തിരക്കഥകളാണ് 'റൺ ബേബി റൺ', 'ചേട്ടായീസ്' എന്നിവ. ഷാഫി ചിത്രം 'ഷെർലക് ടോംസ്', അരുൺ ഗോപിയുടെ 'രാമലീല' എന്നീ ചിത്രങ്ങളിലും സച്ചി അസോസിയേറ്റ് ചെയ്തിരുന്നു.
പൃഥ്വിരാജ് നായകനായ 'അനാർക്കലി'യിലൂടെയാണ് ആയിരുന്നു സച്ചി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സച്ചി കഥയെഴുതി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രവും അടുത്തിടെ ഏറെ നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ചിത്രത്തിന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളുമുണ്ടായിരുന്നു. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസൻസ്' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സച്ചിയായിരുന്നു.
ബിജുമേനോൻ, ഷാജൂൺ കാര്യൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന സച്ചി ഇവർക്കൊപ്പം ചേർന്ന് തക്കാളി ഫിലിംസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസും തുടങ്ങിയിരുന്നു. ഈ കൂട്ടുക്കെട്ടിൽ പിറന്ന ചിത്രമായിരുന്നു 'ചേട്ടായീസ്'.
കവി, തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ് .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.