/indian-express-malayalam/media/media_files/uploads/2017/07/suicide.jpg)
കോഴിക്കോട്: എലത്തൂരിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. എലത്തൂർ എസ്കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ആരോപണം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയെങ്കിലും അവിടെ ഓടിക്കാന്‍ മറ്റുള്ളവർ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത് അവഗണിച്ച് ഓട്ടോ ഓടിച്ച രാജേഷിനെ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് എലത്തൂരില്‍ വച്ച് വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമമെന്നുമാണ് ആരോപണം. രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേസിൽ സിപിഎം പ്രാദേശിക നേതാക്കളായ ഒ. കെ.ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവർ റിമാൻഡിലാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സിഐടിയുവിന് പങ്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
Read more: കൂടുതൽ കേരള വാർത്തകൾ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.