/indian-express-malayalam/media/media_files/uploads/2023/03/pongala-.jpg)
തിരുവനന്തപുരം: ആറ്റുകാല്‍ മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള പൊങ്കാലയര്‍പ്പിച്ച് ഭക്തജനങ്ങള്‍ മടങ്ങുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച പൊങ്കാല ഉച്ചതിരിഞ്ഞ് നിവേദ്യം അര്‍പ്പിച്ചതോടെയാണ് അവസാനിച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന മഹോത്സവമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നതിനായി എത്തിയത്. തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് യാത്ര ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി ബസുകള്‍ തയാറായിരുന്നു.
പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രധാന കാര്യങ്ങൾ
- കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.
- ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.
- തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും.
- ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക.
- ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക, തണലത്ത് വിശ്രമിക്കുക.
- കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്
പൊള്ളൽ ഒഴിവാക്കാൻ
- തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
- ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.
- അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
- തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
- വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
- തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം.
- പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
- വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്.
- പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
- ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
- പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.