തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരം. നാളെയാണ് ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല. പത്തരയ്ക്ക് അടുപ്പില്‍ തീ തെളിയുന്നതോടെ ആയിരക്കണക്കിനു പൊങ്കാലയടുപ്പിലേക്ക് തീപകരും. രണ്ടുവര്‍ഷത്തിനുശേഷമാണ് ആറ്റുകാല്‍ പൊങ്കാല പൂര്‍ണതോതില്‍ നടക്കുന്നത്.
ഇത്തവണ പൊങ്കാലയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. 3000 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിക്കുക. 300 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും സേവനസന്നദ്ധരാകും. പൊങ്കാല ഇടുന്നവർക്കായി അഗ്നി രക്ഷാ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
- പൊങ്കാലയ്ക്ക് വരുന്നവർ കോട്ടൺ വസ്ത്രം മാത്രം ധരിക്കുക
- വസ്ത്രത്തിൽ തീപിടിച്ചാൽ ഓടാതെ നിലത്ത് കിടന്ന് ഉരുളുക
- പൊങ്കാല ഇടുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായാൽ 101 നമ്പരിലേക്ക് വിളിക്കുക
- പൊങ്കാല അടുപ്പുകൾ തമ്മിൽ ആവശ്യത്തിന് അകലം പാലിക്കുക
- പെട്രോൾ പമ്പുകളുടെയും ട്രാൻസ്ഫോമറുകളുടെയും അടുത്ത് പൊങ്കാല ഇടരുത്
- സാനിറ്റൈസർ, ബോഡി സ്പ്രേ എന്നിവ പൊങ്കാല അടുപ്പിനടുത്ത് സൂക്ഷിക്കരുത്
- പൊങ്കാല കഴിഞ്ഞ് പോകുന്നതിനു മുൻപായി അടുപ്പ് പൂർണമായും അണഞ്ഞുവെന്ന് ഉറപ്പു വരുത്തുക