scorecardresearch

അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വനാവകാശ നിയമത്തെ അവഗണിച്ച്

2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ വസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ആ സമൂഹത്തിനാണ്

2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ വസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ആ സമൂഹത്തിനാണ്

author-image
KC Arun
New Update
athirappally

തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വാഴച്ചാലിലെ ആദിവാസികള്‍ക്ക് വനാവകാശ നിയമ പ്രകാരം ലഭിച്ച അവകാശങ്ങളെ മറികടന്ന്. പദ്ധതിക്ക് സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക അനുമതികള്‍ തേടാൻ സർക്കാർ വൈദ്യുതി ബോര്‍ഡിന് (കെ എസ് ഇ ബി) അനുമതി നല്‍കിയിരുന്നു. നാല് പതിറ്റാണ്ടായി കേരളത്തിന്റെ പാരിസ്ഥിതിക, രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്ന അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കുമെന്നാണ് വൈദ്യുതി മന്ത്രി എം എം മണി ആവര്‍ത്തിക്കുന്നത്.

Advertisment

1999-ലെ സര്‍ക്കാരിന്റെ സര്‍വേ പ്രകാരം 140 ഹെക്ടര്‍ വനമാണ് വാഴച്ചാല്‍ മേഖലയില്‍ പദ്ധതിക്കായി വേണ്ടി വരുന്നത്.  എട്ട് ഊരു കൂട്ടങ്ങള്‍ക്കാണ് വാഴച്ചാല്‍ മേഖലയിലെ വനത്തിനുമേലുള്ള അവകാശം. 2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ വസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ആ സമൂഹത്തിനാണ്. ആ വനത്തിലെ എല്ലാ വിഭവങ്ങളുടെ മേലുമുള്ള അവകാശം തദ്ദേശീയ ആദിവാസികള്‍ക്കാണ്. ഈ നിയമ പ്രകാരം വനഭൂമി വനഭൂമിയല്ലാതെയാക്കാനുള്ള വിവേചനാധികാരം തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ ഊരൂക്കൂട്ടങ്ങള്‍ക്കാണ്. 2014-ലാണ് വനാവകാശ നിയമ പ്രകാരം ഈ മേഖലയിലെ 40,000 ഹെക്ടര്‍ വനത്തിനുമേലുള്ള അവകാശം ആദിവാസികള്‍ക്ക് ലഭിക്കുന്നത്.

വനാവകാശ നിയമ പ്രകാരം അവരുടെ അനുവാദമില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ എസ് പി രവി പറയുന്നു. ഊരുകൂട്ടത്തിന്റെ അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 2015-16ല്‍ അവർ പ്രമേയം പാസാക്കി സര്‍ക്കാരിന് കൊടുത്തിട്ടുണ്ട്. ഈ പ്രമേയത്തെ മറികടന്നാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് രവി പറഞ്ഞു.പദ്ധതിക്കെതിരെ വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആദി വാസികൾ  ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Read Also: സര്‍ക്കാര്‍ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല, സമവായമുണ്ടായാല്‍ നടപ്പിലാക്കും: എംഎം മണി

Advertisment

എന്‍ ഒ സിക്ക് അപേക്ഷിക്കുന്നതും അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതും ഏറ്റവും ആക്ഷേപകരമായ കാര്യമാണെന്ന് രവി പറയുന്നു. "ഒരു കാരണവശാലും ചെയ്യാന്‍ പാടുള്ളതല്ല. ഉപേക്ഷിക്കപ്പെടേണ്ട പദ്ധതി ഇപ്പോഴും അതുമായി മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നത് തന്നെ നമുക്ക് യോജിക്കാന്‍ പറ്റാത്ത കാര്യമാണ്," രവി പറയുന്നു.

നിയമ നടപടികള്‍ സ്വീകരിക്കും

അതേസമയം, പുതുതായി അപേക്ഷിച്ചു കഴിഞ്ഞാലും അതിന് അനുമതി കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് രവി പറയുന്നു. "പ്രത്യേകിച്ച് സാങ്കേതിക, സാമ്പത്തികാനുമതി ലഭിക്കുമെന്ന് കരുതുന്നില്ല. അഥവാ അനുമതി ലഭിച്ചു കഴിഞ്ഞാലും ജനങ്ങളുടെ എതിര്‍പ്പിലും അതുപോലെ തന്നെ നിയമ നടപടികളിലും അതിനെ തടയാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല."

"പൂര്‍ണമായും ജനങ്ങള്‍ എതിര്‍ക്കുന്ന യാതൊരു വിധ നേട്ടങ്ങളുമില്ലാത്ത, വലിയ തോതിലെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുന്ന, കെ എസ് ഇ ബിയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന പദ്ധതി വേണമെന്ന് ആര്‍ക്കാണ് ഇത്ര വാശി?. അവരുടെ താല്‍പ്പര്യം എന്തായാലും അത് വൈദ്യുതി ക്ഷാമം പരിഹരിക്കലല്ല. ഇവിടെയിപ്പോള്‍ വൈദ്യുതി ക്ഷാമമില്ല. വൈദ്യുതി അധികമായിട്ടുള്ള പ്രശ്‌നമാണ്. വൈദ്യുതി രംഗത്തിന് എന്തെങ്കിലും തരത്തിലെ നേട്ടങ്ങള്‍ ഉണ്ടാക്കാനല്ല, കോട്ടങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതിയാണിത്. അപ്പോള്‍ പിന്നെ ഇത് എന്തിനുവേണ്ടി ചെയ്യുന്നു. ആര്‍ക്കുവേണ്ടി ചെയ്യുന്നു."

"ഇപ്പോള്‍ സമരം ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അതിനുള്ള സമയമായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുക്കുകയും സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്താല്‍ സമരം ചെയ്യും.  നിയമ നടപടികളിലൂടെയും അതിനെ തോല്‍പ്പിക്കാന്‍ കഴിയും."

41 വര്‍ഷമായി കെ എസ് ഇ ബി ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കാരണമെന്ത്‌?

മാറി ചിന്തിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയുന്നില്ലെന്നതാണ് ഏറ്റവും ആക്ഷേപകരമെന്ന് രവി പറയുന്നു. "ലോകം മുഴുവന്‍ വൈദ്യുതി രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സൗരോര്‍ജ പദ്ധതികള്‍ വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പുനരുപയോഗ ഊര്‍ജ രംഗത്ത് കേരളം വളരെ പിന്നിലാണ്."

"മറ്റു സംസ്ഥാനങ്ങളില്‍ പലതുമായും താരതമ്യപ്പെടുത്തുമ്പോള്‍ കേരളം ഏറ്റവും പിന്നിലാണെന്ന് പറയേണ്ടി വരും. ഇവിടെ സാധ്യതകള്‍ ഇല്ലാതെയല്ല. നമുക്ക് ധാരാളം വെയില്‍ കിട്ടുന്നുണ്ട്. മഴക്കാലത്ത് പോലും നന്നായി സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാൻ കഴിയും. പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വൈദ്യുതി രംഗത്തെ മാറ്റുന്നതിനു പകരം കാലഹരണപ്പെട്ട സാങ്കേതികതയുടെ പിന്നാലെ തന്നെ നില്‍ക്കുന്നത് നാളെ വൈദ്യുതി ബോര്‍ഡിന്റെ കഴിവ് കേടായി ആക്ഷേപിക്കപ്പെടുന്ന അവസ്ഥ വരും," രവി പറഞ്ഞു.

"വൈദ്യുതി ബോര്‍ഡ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. പ്രസരണ നഷ്ടം കുറഞ്ഞു വരുന്ന സംസ്ഥാനമെന്ന നിലയിലും നന്നായി പ്രകടനം കാഴ്ച വച്ചിരുന്നു വൈദ്യുതി ബോര്‍ഡ്. പക്ഷേ, പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാൻ കഴിയാത്തതിനാൽ പിന്നാക്കം പോകുന്ന സാഹചര്യം ആണുണ്ടാകുക."

ചാലക്കുടി പുഴയെ നശിപ്പിക്കും

പാരിസ്ഥിതിക ആഘാതം ഏറെയുണ്ടെന്ന് രവി പറയുന്നു. "വളരെ പ്രധാനപ്പെട്ട മേഖലയാണ് ഈ വാഴച്ചാല്‍ മേഖല. റെപ്പേറിയന്‍ ഫോറസ്റ്റ്, മത്സ്യ വൈവിധ്യം, വന്യജീവികളുടെ സഞ്ചാരം തുടങ്ങിയവ ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. ചാലക്കുടി ബേസിനിന്റെ അപ്പുറവും ഇപ്പുറവുമുള്ള സ്ഥലങ്ങളിലെ വന്യജീവികളുടെ ബന്ധത്തെ ഉറപ്പിക്കുന്ന രണ്ട് പോയിന്റുകളുണ്ട്. വാഴച്ചാലും ആനക്കയവും. വാഴച്ചാല്‍ മേഖലയിലാണ് ഈ പദ്ധതി വരുന്നത്. അതിനാല്‍ ആഘാതം വളരെ കൂടുതലാണ്."

Read Also: അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു

ചാലക്കുടി പുഴയെ മുഴുവന്‍ ബാധിക്കും. അതിന്റെ ഡൗണ്‍ സ്ട്രീമിനെ ബാധിക്കും. ഇതൊരു പീക്ക് പവര്‍ സ്റ്റേഷനായിട്ടാണ് കണക്കാക്കുന്നത്. വൈകുന്നേരം നാല് മണിക്കൂര്‍ മാത്രം വൈദ്യുതി ഉല്‍പാദനം നടക്കും. ബാക്കി സമയത്ത് തുച്ഛമായ വെള്ളം മാത്രം പുഴയിലൂടെ പോകും. വെള്ളത്തിന്റെ ഒഴുക്കില്‍ വലിയ തോതില്‍ മാറ്റം വരും. അത് ഡൗണ്‍ സ്ട്രീമിലെ എല്ലാ മേഖലയേയും ബാധിക്കും. ഇതെല്ലാം ചെയ്യുന്നത് വളരെ തുച്ഛമായ വൈദ്യുതിക്കു വേണ്ടിയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ യൂണിറ്റിന് 18 രൂപയെങ്കിലും വില വരും. പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങള്‍ പരിഗണിക്കാതെയുള്ള വിലയാണിത്.

അനുമതികളും നിയമ പോരാട്ടങ്ങളും

അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് ഒരു നിര നിയമ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ടെന്ന് രവി പറയുന്നു. ആദ്യത്തേത് 2001-ലാണ്. അന്ന് ഹൈക്കോടതി സര്‍ക്കാരിന്റെ അനുമതി റദ്ദാക്കി. പൊതു ജനാഭിപ്രായം തേടിയിട്ടില്ലെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു അത്. ജനാഭിപ്രായം തേടി അതില്‍ പറയുന്ന കാര്യങ്ങള്‍ കൂടെ പരിഗണിച്ച് പദ്ധതിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

2005-ല്‍ വീണ്ടും അനുമതി കൊടുത്തു. പുതുതായി പാരിസ്ഥിതിക ആഘാത സര്‍വേ നടത്തിയെന്ന് പറഞ്ഞാണ് അനുമതി കൊടുത്തത്. അതും കോടതിയില്‍ ചോദ്യം ചെയ്തു. ആ സമയത്തും പൊതു ജനാഭിപ്രായം തേടിയില്ലെന്നത് ചൂണ്ടിക്കാണിച്ച് അനുമതി റദ്ദാക്കി.

2007-ല്‍ വീണ്ടും അനുമതി കൊടുത്തു. രണ്ട് തവണ വാദം നടന്നുവെങ്കിലും ആ കേസ് പൂര്‍ത്തിയായില്ല. അതിന്റെ വിധി വന്നില്ല. ഒരു തവണ വിധി പറയാന്‍ മാറ്റി വച്ചു. ആ സമയത്ത് ചീഫ് ജസ്റ്റിസ് വിരമിച്ചു.

2012-ല്‍ പാരിസ്ഥിതിക അനുമതി അവസാനിച്ചതു കൊണ്ട് 2015-ല്‍ കോടതി കേസ് അവസാനിപ്പിച്ചു. 2016-ല്‍ അനുമതി പുതുക്കി കൊടുത്തപ്പോള്‍ വീണ്ടും കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.

Athirapilly Kseb Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: