തിരുവനന്തപുരം:അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണെന്നും വലിയ തോതിലെ എതിര്‍പ്പ് വന്നപ്പോള്‍ അവിടെ നില്ക്കട്ടെ ഇപ്പോള്‍ നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും സര്‍ക്കാര്‍ നില്‍ക്കുന്നത്. എന്‍ ഒ സി നല്‍കിയത് സാധാരണ നടപടി മാത്രണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം എം മണിയും ഇതേ നിലപാടാണ് പറഞ്ഞിരുന്നത്. മന്ത്രിയുടെ വിശദീകരണത്തില്‍ തീരേണ്ട കാര്യമാണ്. മറ്റൊരു ഉദ്ദേശവും അതിനിനില്ല,” മുഖ്യമന്ത്രി പറഞ്ഞു. എന്‍ ഒ സി കൊടുത്തത് ബന്ധപ്പെട്ട വകുപ്പ് അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ആ വകുപ്പിന്റെ മന്ത്രി എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് വൈദ്യുത മന്ത്രി എം എം മണി.
“അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുവ്യക്തമാണ്. ഇതുസംബന്ധിച്ച് ഇടതുപക്ഷമുന്നണിയില്‍പ്പോലും ഒരു സമവായം ഉണ്ടായിട്ടില്ല. യു.ഡി.എഫിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. ബി.ജെ.പിയിലും പദ്ധതി നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നുമുള്ള അഭിപ്രായമുള്ളവര്‍ ഉണ്ട്. ഇങ്ങിനെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമവായം ഉണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാം എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. സാധാരണ നടപടിക്രമം എന്ന നിലയില്‍ അനുമതികള്‍ പുതുക്കി നേടുന്നതിന് പദ്ധതിക്ക് എന്‍.ഒ.സി. നല്‍കുന്നതിലൂടെ ഈ നിലപാടില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ല. അല്ലാതുള്ള ചര്‍ച്ചകളെല്ലാം അനാവശ്യവും ദുരുദ്ദേശ പൂര്വ്വവുമാണെന്ന് മന്ത്രി പറഞ്ഞു.
“സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. ഈ അനുമതികളുടെ കാലവാധി തീരുന്നതിനാല്‍ അവ പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് സംസ്ഥാനസര്‍കാരിന്റെ എന്‍.ഒ.സി. ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. അപേക്ഷിച്ചിരുന്നു. അതനുസരിച്ച് പദ്ധതിയുടെ അനുമതിക്കുള്ള അപേക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് അനുമതി നല്കുകയുണ്ടായി. ഇതാണ് ഇപ്പോള്‍ പുതുതായെന്തോ ഉണ്ടായി എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിന് കാരണം. യഥാര്‍ത്ഥത്തില്‍ ഇത് കാലാകാലങ്ങളില്‍ നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ്. സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.” അതുകൊണ്ടുതന്നെ പദ്ധതിയുടെ അനുമതികള്‍ പുതുക്കി നേടേണ്ടത് ആവശ്യമാണ് എന്നതിനാലാണ് സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് എന്‍.ഒ.സി. നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
“പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത് എന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്,” മണി പറഞ്ഞു.
പദ്ധതിഉദ്യോഗസ്ഥര്ക്ക് കൊയ്ത്തിന്, എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ല: ബിനോയ് വിശ്വം
അതിരപ്പിള്ളി പദ്ധതി ഉദ്യോസ്ഥര്‍ക്ക് കൊയ്ത്ത് നടത്താനുള്ളതാണെന്നും പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് ഉപേക്ഷിച്ചതാണെന്നും സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം പറഞ്ഞു. 2018-ല്‍ എല്‍ഡിഎഫ് ചര്‍ച്ച നടത്തി മാറ്റിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്ക് വീണ്ടും പാരിസ്ഥിതിക, സാമ്പത്തിക, സാങ്കേതിക അനുമതികള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി സര്‍ക്കാര്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്ഇബി) എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) നല്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“പദ്ധതി നടപ്പിലാക്കുന്നത് രാഷ്ട്രീയമായി വിവേകമുള്ള തീരുമാനമല്ല. പാരിസ്ഥിതികമായി തെറ്റായ തീരുമാനമാണ്. 2018-ല്‍ എല്‍ഡിഎഫ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി മാറ്റിവച്ചതാണ്. അങ്ങനെ മാറ്റിവച്ച ഒരു പദ്ധതി വീണ്ടും ചര്‍ച്ചയൊന്നും കൂടാതെ ഉദ്യോഗസ്ഥന്മാര് ഉത്തരവിറക്കിയാല്‍ എല്‍ഡിഎഫില്‍ പറ്റില്ല. അത് എല്‍ഡിഎഫിന്റെ ശൈലിയില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയവുമല്ല,” അദ്ദേഹം പറഞ്ഞു.
സിപിഐയ്ക്ക് ആശങ്കയില്ലെന്നും ഈ പദ്ധതി വരില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത് കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയ്ക്കിടെ പ്രതീക്ഷ കൊടുക്കാനുള്ള പദ്ധതി മാത്രമാണ്. ഒരു അണക്കെട്ട് എന്ന് പറഞ്ഞാല്‍ 10-50 കൊല്ലത്തേക്ക് കൊയ്ത്താണ്. പദ്ധതി ചെലവിന് രണ്ട് കൊല്ലം മുമ്പ് 1500 കോടി രൂപ വേണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 3000 കോടി രൂപയാകുമെന്ന് പറയും. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നന്നായി കൊയ്യാം,” അദ്ദേഹം പറഞ്ഞു.
Read Also: അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു
അഴിമതിയുടെ രാഷ്ട്രീയം എല്‍ഡിഎഫിന്റെ രാഷ്ട്രീയം ആകാന്‍ പാടില്ലായെന്ന് രാഷ്ട്രീയക്കാര്‍ക്കും പങ്ക് കിട്ടില്ലേയെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
“കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി മുന്നോട്ടു പോകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ പറയുന്ന രാഷ്ട്രീയം ഞങ്ങളുടെ മാത്രമല്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയം മാര്‍ക്സിസമാണ്. അത് ഞങ്ങളുടെ മാത്രമല്ല. സിപിഎമ്മിന്റേതും അത് തന്നെയാണ്. മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തില്‍ നില്ക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഇത്രയും വലിയ പരിസ്ഥിതി ദുരന്തം സംഭവിക്കുന്ന ഒരു പദ്ധതിക്ക് സമ്മതം മൂളാന്‍ പറ്റില്ല,” അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പദ്ധതിച്ചെലവ് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “1979-ല്‍ 163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയാണ്. അന്നത് നിസാരമായ 100 കോടി രൂപയുണ്ടെങ്കില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ട് കൊല്ലം മുമ്പ് കെഎസ്ഇബി തന്നെ പറഞ്ഞത് 1500 കോടി രൂപയാകും പദ്ധതി ചെലവെന്നാണ്,” അദ്ദേഹം പറഞ്ഞു.
Read Also: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയത് മകനെന്ന് പൊലീസ്
കൂടാതെ, പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്ന വൈദ്യുതി ലഭിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. “1979-ല്‍ ഉണ്ടായിരുന്ന അളവിലെ വെള്ളം ഇപ്പോള്‍ ഒഴുകിയെത്തില്ല. ആ അളവിലെ ജലം ചാലക്കുടി പുഴയിലില്ല. അതിനാല്‍ 163 മെഗാവാട്ട് വൈദ്യുതി പോലും ഇനി ഉല്പാദിപ്പിക്കാന് ആകില്ല.”
ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കൂട്ടി വിറ്റാലേ പദ്ധതി ലാഭകരമാകുകയുള്ളൂവെന്ന് ബിനോയ് വിശ്വാസം പറഞ്ഞു. “ധനമന്ത്രി തോമസ് ഐസക് തന്നെ ഒരു എഫ്ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്, 1500 കോടി രൂപയ്ക്ക് ആ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ഒരു യൂണിറ്റ് 15 രൂപയ്ക്ക് വിറ്റാലേ ലാഭത്തിലാകുകയുള്ളൂ എന്നാണ്. അന്ന് ആറേഴ് രൂപയാണ് യൂണിറ്റൊന്നിന് വില. കായംകുളം പദ്ധതിയിലെ വൈദ്യുതി തന്നെ കെഎസ്ഇബി വാങ്ങുന്നില്ല. അപ്പോള്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത് കുറച്ച് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മാത്രമാണ്. അതിനുവേണ്ടി കളയാന്‍ കാടും പുഴയും ആദിവാസി ജീവിതങ്ങളും ഇവിടെയില്ല,” അദ്ദേഹം പറഞ്ഞു.
വന്‍കിട ജല വൈദ്യുത പദ്ധതികള്‍ അനുകരണീയമല്ലെന്നും സിപിഐ നേതാവ് പറഞ്ഞു. “ലോകമെമ്പാടും രാജ്യങ്ങള്‍ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളില്‍ നിന്ന് പിന്മാറുകയാണ്. വന്‍കിട അണക്കെട്ടുകളോട് ലോകം വിടപറയുകയാണ്. ജലം കുറഞ്ഞുവരികയാണ്. ആ സാഹചര്യത്തില്‍ ജല വൈദ്യുത പദ്ധതികള്‍ അനുകരണീയമായ വികസന മാതൃകയാണെന്ന് ആരും പറയുന്നില്ല.”
Read Also: ‘കമൽനാഥ് സർക്കാരിനെ വലിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം’; വൈറലായി ഓഡിയോ ക്ലിപ്പ്
“അതൊക്കെ ആദ്യം അറിയാനുള്ള വിവേകം കാണിക്കേണ്ട സംസ്ഥാനമാണ് കേരളം. ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് അത് മനസ്സിലാകുന്നില്ല,” ഉദ്യോഗസ്ഥരല്ല എല്‍ഡിഎഫിനെ നയിക്കേണ്ടതെന്നും നയിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക ദുരന്തം അടിച്ചേല്‍പ്പിക്കുന്നു: ജയ്റാം രമേഷ്
അതേസമയം, മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായ ജയ്റാം രമേഷും സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രതിപക്ഷത്തിന്റേയും വിദഗ്ധരുടേയും ഉപദേശത്തേയും മറികടന്ന് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് അനുമതി നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പാരിസ്ഥിതിക ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “1983-ല്‍ സൈലന്റ് വാലി പദ്ധതി തടഞ്ഞ് ഇന്ദിര ഗാന്ധി പശ്ചിമഘട്ടത്തെ രക്ഷിച്ചു. പരിസ്ഥിതിക്കുവേണ്ടിയുള്ള ആ പ്രതിജ്ഞാബദ്ധത, ആശങ്ക, ധൈര്യം ഇന്ന് നഷ്ടമായിരിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
By approving Athirapally hydel project despite opposition & expert advice, Kerala govt is inflicting ecological disaster. Indira Gandhi saved Western Ghats by stopping the Silent Valley project in 1983. That commitment, concern & courage (3 Cs!) for environment is missing today.
— Jairam Ramesh (@Jairam_Ramesh) June 10, 2020
അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന് ലഭിച്ചതിനെ തുടര്‍ന്ന് 1979 മുതല്‍ ഇടവേളകളെടുത്ത് കേരളത്തില്‍ സജീവമായിട്ടുള്ള അതിരപ്പിള്ളി വീണ്ടുമുയരുകയാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് വൈദ്യുതി ബോര്‍ഡിനോട് എന്‍ഒസി ആവശ്യപ്പെട്ടത്.
പദ്ധതിയെ എതിര്‍ത്ത് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ കോണ്‍ഗ്രസും പ്രതിഷേധം ഉയര്‍ത്തുന്നു. 41 വര്‍ഷമായി വൈദ്യുതി ബോര്‍ഡിന്റെ പരിഗണനയിലുള്ള പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി വൈദ്യുതി മന്ത്രി എംഎം മണി 2018 മാര്‍ച്ച് 19-ന് നിയമസഭയെ അറിയിച്ചിരുന്നു.
അതിരപ്പിള്ളിക്ക് പകരം ബദല്‍ സാധ്യതകള്‍ ആലോചിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്
ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു വേണ്ടി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.
ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വനസംരക്ഷണം അനിവാര്യമാണെന്നിരിക്കേ ജൈവവൈവിധ്യ സമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകള്‍ അടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാക്കുന്ന ഈ പദ്ധതി എങ്ങനെയാണ് അനിവാര്യം ആവുന്നത്? പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ അനേകം ജന്തു-സസ്യ-മത്സ്യ വൈവിധ്യ സമ്പത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
പകരം പരിസ്ഥിതി ആഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള ബദല്‍ സാദ്ധ്യതകളെ കുറിച്ചുള്ള അന്വേഷണമാണു വേണ്ടത്. സൗരോര്‍ജമടക്കമുള്ള പാരമ്പര്യേതര ഊര്‍ജ്ജോത്പ്പാദനത്തിന്റെ മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ചെലവു കുറഞ്ഞതും കാലതാമസമില്ലാത്തതുമായ വൈദ്യുത പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതു പോലുള്ള ബദലുകളാണ് സമവായം എന്ന നിലയില്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടത്.
ലോകത്തിലെ ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തേയും ഭൂപ്രകൃതിയേയും ജലസ്രോതസ്സുകളേയും ബാധിക്കുന്ന ഒരു പദ്ധതിയും ഇനി നമുക്ക് താങ്ങാനാവില്ല. രണ്ടു പ്രളയങ്ങള്‍ തന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്തെങ്കിലും പശ്ചിമഘട്ടത്തെ ബാധിക്കുന്ന പദ്ധതികള്‍ വേണ്ട എന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കേരളത്തിന് നല്കിയ ഉറപ്പ് ലംഘിക്കുന്നു: സിപിഐ (എംഎല്) റെഡ് ഫ്ളാഗ്
അതിരപ്പളളി പദ്ധതിക്കു വേണ്ടി നല്കിയ എന്‍ ഒ സി പിന്‍വലിക്കണമെന്നും അതു നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും അന്തിമമായി പിന്മാറണമെന്നും സിപിഐ (എംഎല്) റെഡ് ഫ്ളാഗ് ആവശ്യപ്പെട്ടു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ വീണ്ടുമൊരിക്കല്‍ കൂടി അനുമതി നല്കാന് കേരള സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന് പ്രസ്താവനയില്‍ അറിയിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസികളും ഇടതു മുന്നണിയിലെ ചില ഘടകകക്ഷികളും ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതായി ഇപ്പോഴത്തെ വൈദ്യുതി മന്ത്രി തന്നെ കേരളീയ സമൂഹത്തോടു പറഞ്ഞിരുന്നതാണ്. ആ സാഹചര്യത്തിനു എന്തു മാറ്റമുണ്ടായിട്ടാണ് ഇപ്പോള്‍ വീണ്ടും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നു വ്യക്തമല്ല.
Read Also: അഞ്ജുവിനെ ഒരു മണിക്കൂർ ക്ലാസ് മുറിയിൽ ഇരുത്തി മാനസികമായി തളർത്തി: സർവകലാശാല അന്വേഷണ സമിതി
വനനശീകരണത്തിനും പാരിസ്ഥിതിക വ്യവസ്ഥയുടെ തകര്‍ച്ചക്കും ചലക്കുടിപ്പുഴയുടെ വിനാശത്തിനുമൊക്കെ വഴി വക്കുന്ന അതിരപ്പിള്ളി പദ്ധതി അവിടത്തെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനു കൂടി ഭീഷണിയാണെന്നതിനാലാണ് പരിസ്ഥിതി പ്രവര്‍ത്തകരും ഇടതുപക്ഷ ശക്തികളും ഉള്‍പ്പെടുന്ന പൊതുസമൂഹം പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ത്തത്. ആ സാഹചര്യങ്ങളിലൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. നേരെ മറിച്ച്, 2018 ലും 2019 ലും കേരളം നേരിടേണ്ടി വന്ന മഹാപ്രളയങ്ങള്‍ ഇത്തരം പദ്ധതികള്‍ എത്ര മാത്രം വിനാശകരമായേക്കാമെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
പാരിസ്ഥിതിക നാശത്തിനു കാരണമാകുന്ന ജലവൈദ്യുത പദ്ധതികളും ഫോസില്‍ ഇന്ധന നിലയങ്ങളും ആണവ നിലയങ്ങളുമുപേക്ഷിച്ച് പാരമ്പര്യേതര ഊര്ജ്ജോല്പാദനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണു ലോകം. ഈ വസ്തുതകളൊന്നും പരിഗണിക്കാതെ 163 മെഗാവാട്ട് വൈദ്യുതിയുടെ അയഥാര്‍ത്ഥ ലക്ഷ്യവും പറഞ്ഞു കൊണ്ട് വില മതിക്കാനോ, പുന:സൃഷ്ടിക്കാനോ കഴിയാത്ത അതിരപ്പിള്ളിയിലെ പാരിസ്ഥിതിക സമ്പത്തിനെ നശിപ്പിക്കാനായി സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നത് അംഗീകരിക്കാവുന്നതല്ല.
രണ്ടു പ്രളയങ്ങളുടെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഊര്ജ്ജോല്പാദന രംഗത്തെ നവീന ചലനങ്ങളൊന്നും ശ്രദ്ധിക്കാന്‍ മെനക്കെടാതെ ഈ കൊറോണക്കാലത്ത് അതിരപ്പിള്ളിക്കു നേരെ മഴുവുമായി ഇറങ്ങിത്തിരിക്കുന്നത് അപലപനീയമാണ്. 2018 ലെ പ്രളയം കഴിഞ്ഞപ്പോള്‍ ഇനി കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നത് പരിസ്ഥിതിസുരക്ഷ കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പു നല്‍കിയതാണ്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ വീണ്ടും ശ്രമമാരംഭിക്കുമ്പോള്‍ കേരളീയ സമൂഹത്തിനു മുഖ്യമന്ത്രി നല്കിയ ഉറപ്പ് ലംഘിക്കപ്പെടുകയാണെന്നും സിപിഐ (എംഎല്) റെഡ് ഫ്ളാഗ് പറഞ്ഞു.